കേരളം (www.evisionnews.co): കോവിഡ് തുടര്‍ചികിത്സയ്ക്കിടെ മരിച്ച പഞ്ചായത്ത് പ്രസിഡന്റ് സര്‍ക്കാരിന്റെ ഔദ്യോഗിക കോവിഡ് മരണ കണക്കില്‍ ഉള്‍പ്പെട്ടില്ലെന്ന് പരാതി. മക്കരപ്പറമ്പ് പഞ്ചായത്ത് പ്രസിഡന്റ് സി കോയ ആണ് കോവിഡ് ബാധിതനായി തുടര്‍ ചികിത്സയിലിരിക്കെ മരിച്ചത്. കോവിഡ് ബാധയെ തുടര്‍ന്നുണ്ടായ ഗുരുതര ആരോഗ്യപ്രശ്‌നങ്ങളാണ് മരണത്തിലേക്ക് നയിച്ചതെന്ന് ബന്ധുക്കള്‍ പറഞ്ഞു. മെയ് ഒന്നാം തീയതിയാണ് മക്കരപ്പറമ്പ് പഞ്ചായത്ത് പ്രസിഡന്റ് സി കോയക്ക് കോവിഡ് സ്ഥിരീകരിച്ചത്.
രണ്ടു ദിവസം വീട്ടില്‍ത്തന്നെ നിരീക്ഷണത്തില്‍ കഴിഞ്ഞു. ആരോഗ്യ നില വഷളായതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പത്തു ദിവസങ്ങള്‍ക്ക് ശേഷം നടത്തിയ കോവിഡ് പരിശോധനയില്‍ ഫലം നെഗറ്റീവ് ആയി. എന്നാല്‍ ഗുരുതര ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു. ഒരു മാസത്തിനു ശേഷം ആശുപത്രിയില്‍ വെച്ച് മരണത്തിനു കീഴടങ്ങുകയും ചെയ്തു.
പത്തു ലക്ഷത്തോളം രൂപയാണ് കോയയുടെ ചികിത്സയ്ക്ക് ചെലവായത്. എന്നാല്‍, കോവിഡിനെ തുടര്‍ന്നുള്ള ആരോഗ്യപ്രശ്‌നങ്ങളാണ് മരണത്തിലേക്ക് നയിച്ചതെങ്കിലും കോയയുടെ മരണം ഔദ്യോഗിക കണക്കുകളില്‍ ഉള്‍പ്പെട്ടിട്ടില്ല. മക്കരപ്പറമ്പ് പഞ്ചായത്തില്‍ ഇതുവരെ 19 പേര്‍ കോവിഡ് ബാധിച്ചു മരിച്ചുവെന്നാണ് ഔദ്യോഗിക കണക്ക്.
Post a Comment
0 Comments