കാസര്‍കോട് (www.evisionnews.co): കോവിഡിന്റെ മറവില്‍ 11കാരന് ചികിത്സ നിഷേധിച്ചതായി ബന്ധുക്കളുടെ പരാതി. മധൂര്‍ മഞ്ചത്തടുക്ക മുഹമ്മദ്ലി ആമിന ദാമ്പദികളുടെ മകന്‍ മിഹാദ് യൂസുഫിനാണ് ജനറല്‍ ആസ്പത്രിയില്‍ ചില ഡോക്ടര്‍മാരുടെ അനാസ്ഥയില്‍ ചികിത്സ മുടങ്ങിയത്. ഇതുസംബന്ധിച്ച് ബന്ധുക്കള്‍ ആരോഗ്യ മന്ത്രിക്ക് പരാതി നല്‍കി.
വീട്ടിനരികില്‍ കളിച്ചുകൊണ്ടിരിക്കെ വീണ് കയ്യൊടിഞ്ഞ കുട്ടിയെ ഈമാസം ആറിനാണ് ജനറല്‍ ആസ്പത്രിയിലെത്തിച്ചത്. എല്ലുരോഗ വിദഗ്ദന്‍ പരിശോധിക്കുകയും അടിയന്തിരമായി ശസ്ത്രക്രിയ വേണമെന്നും പറഞ്ഞു. എന്നാല്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം അനസ്‌തേഷ്യ വിഭാഗത്തെ സമീപിച്ചപ്പോള്‍ ഇപ്പോള്‍ ഒഴിവില്ലെന്നും ഉടനെ ഒന്നും ചെയ്യാനാവില്ലെന്ന് പറഞ്ഞ് മടക്കി. ഇതേതുടര്‍ന്ന് പ്ലാസ്റ്റര്‍ ചെയ്ത് വിടുകയായിരുന്നു.
അധികം വൈകരുതെന്നും ഗുരുതരമാകുമെന്നും എല്ലുരോഗ വിദഗ്ദന്‍ ഡോക്ടര്‍ അറിയിച്ചതിനെ തുടര്‍ന്ന് വീണ്ടും അനസ്‌തേഷ്യ വിഭാഗം ഡോക്ടറെ കണ്ടെങ്കിലും മോശമായി പെരുമാറിയതായി ബന്ധുക്കള്‍ പറഞ്ഞു. അതിനിടെ ആസ്പത്രിയില്‍ നടത്തിയ പരിശോധനയില്‍ കുട്ടിക്ക് കോവിഡ് സ്ഥിരീകരിക്കുകയും തുടര്‍ചികിത്സയ്ക്കായി അഡ്മിറ്റ് ചെയ്യുകയും ചെയ്തു. എന്നാല്‍ ഇനി ഇവിടെ ശസ്ത്രക്രിയ നടത്താന്‍ കഴിയില്ലെന്ന് പറഞ്ഞതോടെ കുട്ടിയെ പരിയാരം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോവുകയും എന്‍എ നെല്ലിക്കുന്ന് എംഎല്‍എയുടെ ഇടപെടലില്‍ അവിടെ സര്‍ജറിക്ക് സൗകര്യമൊരുക്കുകയും ചെയ്തു.
എന്നാല്‍ കുട്ടിക്ക് യാതൊരുവിധ കോവിഡ് ലക്ഷണങ്ങളില്ലെന്നും കോവിഡ് വാര്‍ഡില്‍ കിടത്തിയാല്‍ രോഗിക്കും കൂടെ നില്‍ക്കുന്ന ആള്‍ക്കും രോഗം പിടിപെടാന്‍ സാധ്യതയുണ്ടെന്നും പറഞ്ഞ് തിരിച്ചയച്ചു. അന്ന് തന്നെ സ്വകാര്യ ആസ്പത്രിയില്‍ നടത്തിയ ആര്‍ടിപിസിആര്‍ ടെസ്റ്റില്‍ നെഗറ്റീവായതിനെ തുടര്‍ന്ന് വീണ്ടും ജനറല്‍ ആസ്പത്രിയിലെത്തി സുപ്രണ്ടിനെ കണ്ട് കാര്യങ്ങള്‍ ബോധിപ്പിച്ചു. സുപ്രണ്ടിന്റെ അനുമതി കിട്ടിയാല്‍ ഡോക്ടര്‍ സര്‍ജറി ചെയ്യാന്‍ തയാറാണെന്നിരിക്കെ കുട്ടിക്ക് കോവിഡ് നെഗറ്റീവായിട്ടും ആസ്പത്രി സുപ്രണ്ട് അനുമതി നല്‍കിയില്ലെന്ന് ബന്ധുക്കള്‍ പരാതിയില്‍ പറയുന്നു.
രണ്ടാഴ്ചക്കകം ഓപ്പറേഷന്‍ നടന്നില്ലെങ്കില്‍ കുട്ടിക്ക് ഒരിക്കലും കൈനിവര്‍ത്താന്‍ സാധിക്കില്ലെന്ന് ഡോക്ടര്‍ ആദ്യമേ പറഞ്ഞിരുന്നു. ഇപ്പോള്‍ കുട്ടിക്ക് പരിക്കേറ്റ് രണ്ടാഴ്ച കഴിഞ്ഞു. ഉടന്‍ ചികിത്സ ഉറപ്പാക്കണമെന്നും ചികിത്സ വൈകിപ്പിച്ച ഡോക്ടര്‍മാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ആരോഗ്യ മന്ത്രിക്കയച്ച പരാതിയില്‍ ബന്ധുക്കള്‍ ആവശ്യപ്പെട്ടു.
Post a Comment
0 Comments