Type Here to Get Search Results !

Bottom Ad

കോട്ടയ്ക്കല്‍ ആര്യവൈദ്യശാല മാനേജിംഗ് ട്രസ്റ്റി ഡോ. പികെ വാര്യര്‍ അന്തരിച്ചു

Uploading: 371712 of 437696 bytes uploaded.

മലപ്പുറം (www.evisionnews.co): കോട്ടയ്ക്കല്‍ ആര്യവൈദ്യശാല മാനേജിംഗ് ട്രസ്റ്റി ഡോ. പികെ വാര്യര്‍ (100) അന്തരിച്ചു. ശനിയാഴ്ച ഉച്ചയോടെയായിരുന്നു അന്ത്യം. കഴിഞ്ഞ മാസമാണ് 100-ാം ജന്മദിനം ആഘോഷിച്ചത്. ആയുര്‍വേദത്തെ ലോകത്തിന്റെ നെറുകയില്‍ എത്തിച്ച മഹാവൈദ്യനായിരുന്നു. മലപ്പുറം ജില്ലയിലെ കോട്ടയ്ക്കലില്‍ ഒരു ഇടത്തരം കുടുംബത്തില്‍ ശ്രീധരന്‍ നമ്പൂതിരിയുടെയും പന്ന്യംപള്ളി കുഞ്ഞിവാരസ്യാരുടെയും മകനായി 1921 ജൂണ്‍ 5 നാണ് പന്ന്യംപിള്ളി കൃഷ്ണന്‍കുട്ടി വാരിയര്‍ ജനിക്കുന്നത്. കോട്ടക്കല്‍ രാജാസ് ഹൈസ്‌കൂളില്‍ ആണ് ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. വൈദ്യപഠനം പൂര്‍ത്തിയാക്കിയത് വൈദ്യരത്‌നം പി.എസ് വാരിയര്‍ ആയുര്‍വേദ കോളേജിലായിരുന്നു. ആര്യ വൈദ്യപാഠശാലയായാണ് ഈ സ്ഥാപനം അറിയപ്പെട്ടത്. 1942 ല്‍ അദ്ദേഹം സ്വാതന്ത്ര്യ സമരത്തില്‍ ആകൃഷ്ടനാകുകയും അതിന്റെ ഭാഗമമാകുകയും ചെയ്തു.

1999ല്‍ പത്മശ്രീയും 2010ല്‍ പത്മഭൂഷണും നല്‍കി ആദരിച്ചു. 1997ല്‍ ഓള്‍ ഇന്ത്യ ആയുര്‍വേദിക് കോണ്‍ഫറന്‍സ് 'ആയുര്‍വേദ മഹര്‍ഷി' സ്ഥാനം അദ്ദേഹത്തിനു സമര്‍പ്പിക്കുകയുണ്ടായി. ധന്വന്തരി പുരസ്‌കാരം, സംസ്ഥാന സര്‍ക്കാരിന്റെ അഷ്ടാംഗരത്നം പുരസ്‌കാരം, ഡോ.പൗലോസ് മാര്‍ ഗ്രിഗോറിയോസ് അവാര്‍ഡ്, പതഞ്ജലി പുരസ്‌കാരം, സി.അച്യുതമേനോന്‍ അവാര്‍ഡ്, കാലിക്കറ്റ്, എംജി സര്‍വകലാശാലകളുടെ ഓണററി ഡോക്ടറേറ്റ് എന്നിവ പി.കെ.വാരിയരെത്തേടിയ ബഹുമതികളാണ്. കേരള ആയുര്‍വേദ മണ്ഡലം, അഖിലേന്ത്യാ ആയുര്‍വേദ കോണ്‍ഗ്രസ് എന്നിവയുടെ അധ്യക്ഷനായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. സ്മൃതിപര്‍വമെന്ന പേരില്‍ രചിച്ച ആത്മകഥ സംസ്ഥാന സാഹിത്യ അക്കാദമി അവാര്‍ഡിന് അര്‍ഹമായി. കവി പരേതയായ മാധവിക്കുട്ടി വാരിയരാണ് ഭാര്യ. മക്കള്‍: ഡോ. കെ. ബാലചന്ദ്രന്‍ വാരിയര്‍, പരേതനായ കെ. വിജയന്‍ വാരിയര്‍, സുഭദ്ര രാമചന്ദ്രന്‍. മരുമക്കള്‍: രാജലക്ഷ്മി, രതി വിജയന്‍ വാരിയര്‍, കെ.വി.രാമചന്ദ്രന്‍ വാരിയര്‍.







Tags

Post a Comment

0 Comments

Top Post Ad

Below Post Ad