കാസര്‍കോട് (www.evisionnews.co): യുവാവിനെ മോഷണക്കുറ്റം ആരോപിച്ച് പൊലീസ് മര്‍ദിച്ചതായി പരാതി. ഇതുസംബന്ധിച്ച് യുവാവിന്റെ മൊഴി പ്രകാരം മെഡിക്കോ ലീഗല്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയും കാസര്‍കോട് പൊലീസിന് കൈമാറുകയും ചെയ്തു. നീര്‍ച്ചാല്‍ ബിര്‍മിനടുക്കത്തെ ബന്ധുവീട്ടില്‍ താമസിക്കുന്ന ബേക്കലിലെ ബാദുഷ (25) യാണ് മര്‍ദനത്തിനിരയായത്.
വിദ്യാനഗര്‍ പൊലീസ് പരിധിയിലെ ഉളിയത്തടുക്കയിലാണ് സംഭവം. ആരിക്കാടി സ്വദേശിയുടെ മൊബൈല്‍ ഫോണ്‍ മോഷണ പരാതിയിലാണ് ബാദുഷയെ പൊലീസ് പിടികൂടിയത്. തുടര്‍ന്ന് യുവാവിനെ ബലംപ്രയോഗിച്ച് പൊലീസുകാര്‍ കൊണ്ടുപോകുന്നതിന്റെയും മര്‍ദിക്കുന്നതിന്റെയും വീഡിയോ നവമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. പരിക്കേറ്റ യുവാവ് ആസ്പത്രിയില്‍ ചികിത്സ തേടുകയും ചെയ്തു. ആളുമാറി പിടികൂടിയ പൊലീസ് തന്നെ ക്രൂരമായി മര്‍ദ്ദിച്ചതായും ദേഹത്ത് മുളക് സ്പ്രേ ചെയ്തതായും യുവാവ് ആരോപിക്കുന്നു.
ഏതാനും ദിവസം മുമ്പ് ഉളിയത്തടുക്കയില്‍ വെച്ച് ഒരു യുവാവിന്റെ മൊബൈല്‍ ഫോണ്‍ തട്ടിപ്പറിച്ച കേസിലെ പ്രതി സാബിത്തിനെ അന്വേഷിച്ചാണ് വിദ്യാനഗര്‍ പൊലീസ് ബിര്‍മിനടുക്കയിലെ വാടക വീട്ടിലെത്തിയത്. അതിനിടെ ഇവിടെ താമസിക്കന്ന ബാദുഷ ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുകയും പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ നിലത്തു കിടക്കുകയും ചെയ്തതോടെ ബലം പ്രയോഗിക്കുക മാത്രമായിരുന്നുവെന്നും മര്‍ദ്ദിച്ചെന്ന ആരോപണം തെറ്റാണെന്നും പൊലീസ് പറയുന്നു. വിദ്യാനഗറിലെ പിടിച്ചുപറി കേസില്‍ ബാദുഷയെ സംശയിക്കുന്നതായും എന്നാല്‍ പരാതിക്കാരന് തിരിച്ചറിയാന്‍ ആവാത്തതിനാലാണ് കേസെടുക്കാതെ വിട്ടയച്ചെന്നും പൊലീസ് പറഞ്ഞു. എന്നാല്‍ ബാദുഷയുടെ മുന്‍കരുതന്‍ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു.
Post a Comment
0 Comments