കാസര്‍കോട് (www.evisionnews.co): ജില്ലയില്‍ നീന്തല്‍ പരിശീലനത്തിന് ആവശ്യമായ സൗകര്യങ്ങളുടെ അഭാവം പരിഹരിക്കാന്‍ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ആരംഭിക്കുന്ന ജില്ലാ അക്വാട്ടിക് കോംപ്ലക്സിന്റേയും സ്വിമ്മിങ് പൂളിന്റേയും നിര്‍മാണ പ്രവൃത്തി ഉദ്ഘാടനം തുറമുഖ- പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. ചടങ്ങില്‍ എന്‍എ നെല്ലിക്കുന്ന് എംഎല്‍എ അധ്യക്ഷത വഹിച്ചു.
എച്ച്എഎല്‍ ഹൈദരാബാദ് ജനറല്‍ മാനേജര്‍ അരുണ്‍ ജെ. സര്‍ക്കേറ്റ് മുഖ്യാ തിഥിയായി. കാസര്‍കോട് നഗരസഭ ചെയര്‍മാന്‍ അഡ്വ. വിഎം. മുനീര്‍, വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ അബ്ബാസ് ബീഗം, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് ഹബീബ് റഹ്്മാന്‍, ജില്ലാ അക്വാട്ടിക് അസോസിയേഷന്‍ സെക്രട്ടറി എം.ടി.പി ശിഹാബുദ്ദീന്‍, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറി സുധീപ് ബോസ് എം.എസ് സംസാരിച്ചു. ജില്ലാ കലക്ടര്‍ ഡോ. ഡി സജിത് ബാബു സ്വാഗതവും ഫിനാന്‍സ് ഓഫീസര്‍ കെ. സതീശന്‍ നന്ദിയും പറഞ്ഞു.
ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്കല്‍സന്റെ സാമൂഹിക പ്രതിബദ്ധത നിധിയില്‍ നിന്നും പ്രൊജക്ടിനായി മൂന്നു വര്‍ഷങ്ങളിലായി 50 ലക്ഷം രൂപ വീതം ഒന്നര കോടി രൂപയുടെ അനുമതി നല്‍കി. ജില്ലാ നിര്‍മിതി കേന്ദ്രത്തിനാണ് പദ്ധതി നിര്‍വഹണ ചുമതല. 12.50 ത 25 മീറ്റര്‍ ആണ് നീന്തല്‍ക്കുളത്തിന്റെ വലിപ്പം. വിദ്യാനഗര്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തിന് സമീപം സെമി ഒളിമ്പിക് സ്വിമ്മിങ് പൂള്‍, പ്രവേശന കെട്ടിടം, പ്ലാന്റ് റൂം, ബാലന്‍സിങ് റൂം, ചുറ്റുമതില്‍, പവലിയന്‍ എന്നിവയാണ് പദ്ധതിയിലുള്ളത്.
Post a Comment
0 Comments