Type Here to Get Search Results !

Bottom Ad

ബംഗാളിന്റെ വിജയം ആഘോഷിക്കുമ്പോള്‍ ഈ മലയാളിയെ കൂടി ഓര്‍ക്കണം


സികെ സുബൈര്‍

പശ്ചിമ ബംഗാളില്‍ മമത ബാനര്‍ജി ഗവര്‍മെണ്ടിന് ഭരണത്തുടര്‍ച്ച ഉണ്ടാകുന്നത് ബിജെപിക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത ഒറ്റയാള്‍ പോരാട്ടം നടത്തിയതു കൊണ്ട് മാത്രമല്ല. താരതമ്യേന മികച്ച ഭരണംകൂടി കാഴ്ചവച്ചത് കൊണ്ടാണ്. ഒരു ജനക്ഷേമ ഭരണത്തിന് മമതയെ സഹായിച്ച ഉദ്യോഗസ്ഥന്‍മാരില്‍ ഏറ്റവും പ്രമുഖനാണ് പിബി സലീം എന്ന മലയാളി ഐഎഎസ് ഓഫീസര്‍. എല്ലാ വെല്ലുവിളികളെയും നേരിട്ട് ഭരണത്തുടര്‍ച്ച സാധ്യമാക്കാന്‍ ദീദിക്ക് ചില ഉത്തരവാദിത്തങ്ങള്‍ ധൈര്യമായി ഏല്‍പ്പിക്കാന്‍ കഴിയുന്ന വിശ്വസ്തനായിരുന്നു ഈ ഐഎഎസ് ഓഫീസര്‍.

നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് നടന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ബംഗാളില്‍ ബിജെപി അപ്രതീക്ഷിത മുന്നേറ്റമാണ് നടത്തിയത്. 42 സീറ്റില്‍ 18 ഇടത്ത് ബിജെപി വിജയിച്ചു. വോട്ടിംഗ് ശതമാനം 40 കടന്നു. ജനപ്രീതി ഇടിയുന്നുണ്ടോ എന്ന് സംശയിച്ച സാഹചര്യം. ഇത് മറികടക്കാനായി മമത ബാനര്‍ജി ജനങ്ങളിക്ക് കൂടുതല്‍ ഇറങ്ങാന്‍ തീരുമാനിച്ചു.

വിവിധ തലങ്ങളിലുള്ള ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ജനവികാരം ഉള്‍ക്കൊണ്ടു കൊണ്ട് അവരുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞു പ്രവര്‍ത്തിക്കാന്‍ ശ്രമിക്കുന്നില്ല എന്ന വിലയിരുത്തലില്‍ നിന്നാണ് മുഖ്യമന്ത്രിയോട് ജനങ്ങള്‍ക്ക് നേരിട്ട് ഇടപെടാന്‍ ഒരു പദ്ധതി ദീദി കൊ ബോലോ' ആവിഷ്‌കരിച്ചത്. ഈ പദ്ധതിക്ക് ചുക്കാന്‍ പിടിക്കാന്‍ മുഖ്യ മന്ത്രിയുടെ ഓഫീസില്‍ ചുമതലപ്പെടുത്തിയത് പിബി സലീമിനെയായിരുന്നു.

മുഖ്യമന്ത്രിയോട് പരാതി പറയാന്‍ അവസരമുണ്ടാക്കിയ' ദീദീ കൊ ബോലോ' എന്ന പരിപാടി ബംഗാളില്‍ വലിയ വിജയമായി മാറി. 2019 ആഗസ്തില്‍ ആരംഭിച്ച പരിപാടി വഴി ലക്ഷക്കണക്കിന് പരാതികള്‍ക്കാണ് പരിഹാരമുണ്ടാക്കിയത്. 150 പേരെ ഉള്‍പ്പെടുത്തി കോള്‍ സെന്റര്‍ രൂപീകരിച്ചു.കേരളത്തിലെ അക്ഷയ കേന്ദ്രങ്ങള്‍ക്ക് സമാനമായി ബംഗാളില്‍ 3500 ബംഗ്ലാ സഹായ കേന്ദ്ര തുടങ്ങി. ലഭിക്കുന്ന ഓരോ പരാതിയും 7 ദിവസത്തിനുള്ളില്‍ പരിഹരിച്ചു.11 ലക്ഷം പരാതികള്‍ക്ക് ഇങ്ങനെ പരിഹാരം കണ്ടു. ജനങ്ങള്‍ സമര്‍പ്പിച്ച ലക്ഷക്കണക്കിന് നിര്‍ദ്ദേശങ്ങള്‍ മമത സര്‍ക്കാര്‍ സ്വീകരിച്ചു. ഇതിനായി 7 ക്യാമ്പയിനുകള്‍ തുടങ്ങി. ഗ്രാമീണ റോഡ് വികസനത്തിന് പ്രത്യേക പദ്ധതി, പ്രത്യേക ഭവന പദ്ധതി എന്നിവ വലിയ മാറ്റം കൊണ്ടുവന്നു. വര്‍ഷങ്ങളായി കെട്ടിക്കിടക്കുന്ന പെന്‍ഷന്‍ സ്‌കോളര്‍ഷിപ്പ് അടക്കമുള്ള വ്യക്തിഗത ആനുകൂല്യങ്ങള്‍ക്കുള്ള 35 ലക്ഷം അപേകളാണ് പരിശോധിച്ച് പാസാക്കിയത്. 'ദ്വാരേ സര്‍ക്കാര്‍' സര്‍ക്കാര്‍ വീട്ടുപടിക്കല്‍ എന്ന പദ്ധതി വഴി ഒരു കോടിയോളം പേര്‍ക്ക് സാമൂഹ്യ ക്ഷേമ ആനുകൂല്യങ്ങള്‍ എത്തിച്ചു. ഈ പദ്ധതികളുടെ മൊത്തം ചുമതല ഏറ്റെടുത്ത് കുറ്റമറ്റ രീതിയില്‍ വിജയിപ്പിച്ചെടുത്തുവെന്നത് പി ബി സലീം ഐഎഎസിന്റെ ഔദ്യോഗിക ജീവിതത്തിലെ വലിയ അടയാളപ്പെടുത്തലായി മാറി.

സിഎംഒ സെക്രട്ടറി എന്ന ചുമതല മാത്രമല്ല വെസ്റ്റ് ബംഗാള്‍ പവര്‍ ആന്റ് ഡവലമെന്റ് കോര്‍പറേഷന്‍ ചെയര്‍മാന്‍, ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷന്‍ ചെയര്‍മാന്‍ തുടങ്ങി നിരവധി ചുമതലകള്‍ ദീദി വിശ്വസിച്ചേല്‍പിച്ചതും ഇദ്ദേഹത്തെ തന്നെയാണ്. ബംഗാള്‍ ജനതക്കു മുന്നില്‍ സര്‍ക്കാറിന്റെ യശസ്സുയര്‍ത്തുന്ന വിധത്തില്‍ അദ്ദേഹം ഓരോ ദൗത്യവും ഭംഗിയായി നിറവേറ്റി.

കോഴിക്കോടിന്റെ കളക്ടറായിരുന്ന സമയത്ത് അദ്ദേഹം കാഴ്ചവെച്ച ഭരണമികവ് ഇപ്പോഴും ഈ നാട് ഓര്‍ത്തു വെക്കുന്നുണ്ട് ..ജനകീയമായ പ്രവര്‍ത്തന ശൈലിയായിരുന്നു അദ്ദേഹത്തിന്റെ മുഖമുദ്ര . ബംഗാള്‍ കേഡറില്‍ നിന്ന് ഡെപ്യൂട്ടേഷനില്‍ വന്ന് ഈ നാടിന്റെ മനസ് കീഴടക്കിയ പിബി സലീം ഐഎഎസിനെ ഏറെ വേദനയോടെയാണ് മലബാറിലെ ജനങ്ങള്‍ ബംഗാളിലേക്ക് തിരിച്ചു യാത്രയാക്കിയത്.

വെറുമൊരു ബ്യൂറോക്രാറ്റ് എന്നതിനുമപ്പുറത്ത് സിവില്‍ സര്‍വീസിനെ ജന സേവനത്തിനുള്ള മാധ്യമമായി കാണുന്നൊരാള്‍ക്ക് രാഷ്ട്രീയ സാമൂഹ്യ പൊതു പ്രവര്‍ത്തകരെ പോലെ ജനമനസ്സില്‍ ഇടം പിടിക്കാന്‍ കഴിയും എന്നത് ഇദ്ദേഹം സ്വജീവിതത്തിലൂടെ തെളിയിച്ചു. വളരെ വിഷനറിയായ സത്യസന്ധതയും സമര്‍പ്പണ ബോധവും ഒത്തുചേര്‍ന്ന ഒരു മനുഷ്യനായിട്ടാണ് അദ്ദേഹത്തിനെ ഞാന്‍ അറിയുന്നത്. ഇനിയും ഒരുപാട് ഉയരങ്ങളിലെത്താനും, പാവപ്പെട്ട മനുഷ്യരെ ഉയര്‍ച്ചയിലേക്കു കൈ പിടിച്ച് കയറ്റാനും നിലവിലുള്ള ഉത്തരവാദിത്തങ്ങളിലൂടെ അദ്ദേഹത്തിന് കഴിയട്ടെയെന്ന് ആശംസിക്കുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad