കാസര്‍കോട് (www.evisionnews.co): പ്രമുഖ വ്യവസായിയും ജീവകാരുണ്യ പ്രവര്‍ത്തകനും ഗള്‍ഫാര്‍ ഗ്രൂപ്പ് ചെയര്‍മാനുമായ ഡോ. ഗള്‍ഫാര്‍ മുഹമ്മദലിയുടെ നേതൃത്വത്തില്‍ കാസര്‍കോട്ട് മള്‍ട്ടി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍ വരുന്നു. സുഹൃത്തും കണ്ണൂര്‍ വിമാനത്താവള അതോറിറ്റി ഡയറക്ടര്‍ ബോര്‍ഡ് അംഗവും കാസര്‍കോട് സ്വദേശിയുമായ ഖാദര്‍ തെരുവത്തിന്റെ വിദ്യാനഗര്‍ കല്ലക്കട്ടയിലെ അഞ്ചു ഏക്കര്‍ സ്ഥലത്താണ് അത്യധ്യനിക സൗകര്യമുള്ള ആശുപത്രി പണിയുന്നത്.
ഇതിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുകഴിഞ്ഞതായി ഖാദര്‍ തെരുവത്ത് ഇവിഷന്‍ ന്യൂസിനോട് പറഞ്ഞു. ഗള്‍ഫാര്‍ മുഹമ്മദലി ഉടന്‍ തന്നെ പദ്ധതി പ്രദേശം സന്ദര്‍ശിക്കും. ചികിത്സാ രംഗത്തെ പരിമിതിമൂലം കാസര്‍കോട്ടെ രോഗികള്‍ അനുഭവിക്കുന്ന കടുത്ത ദുരിതവും ഗുരുതരാവസ്ഥയിലുള്ള രോഗികളെയും കൊണ്ട് തലങ്ങും വിലങ്ങും ഓടേണ്ടിവരുന്ന ദയനീയാവസ്ഥയും സംബന്ധിച്ച് ഖാദര്‍ തെരുവത്ത് ഗള്‍ഫാര്‍ മുഹമ്മദലിയോട് വിവരങ്ങള്‍ ധരിപ്പിച്ചിരുന്നു. ഇത് മനസിലാക്കിയാണ് ഉടന്‍ തന്നെ കാസര്‍കോട്ട് മള്‍ട്ടി സ്‌പെഷാലിറ്റി ഹോസ്പിറ്റല്‍ സ്ഥാപിക്കാന്‍ ഒരുക്കമാണെന്ന് ഡോ. ഗള്‍ഫാര്‍ മുഹമ്മദലി അറിയിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ആധുനിക സജ്ജീകരണങ്ങളോട് കൂടിയ മള്‍ട്ടി സ്‌പെഷ്യാലിറ്റി ആസ്പത്രിയായിരിക്കും നിര്‍മിക്കുക. പ്രശസ്തരായ ഡോക്ടര്‍മാരുടെ സേവനവും ലഭ്യമാക്കും. കോവിഡിന്റെ ആദ്യഘട്ടത്തില്‍ കര്‍ണാടക അതിര്‍ത്തി അടച്ചിട്ടതുമൂലം കാസര്‍കോട്ടെ രോഗികള്‍ വലിയ ദുരിതമാണ് അനുഭവിച്ചത്. മള്‍ട്ടി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിനോടൊപ്പം കാസര്‍കോട്ട് ഒരു സമ്പൂര്‍ണ്ണ ഓക്‌സിജന്‍ പ്ലാന്റ് സ്ഥാപിക്കാനും ഉദ്ദേശമുണ്ട്. മാലിദ്വീപില്‍ ലോക സഞ്ചാരികളെ ആകര്‍ഷിച്ച കുടാ വില്ലിംഗ്ലി റിസോര്‍ട്ട് സമര്‍പ്പിച്ചതിന് പിന്നാലെയാണ് ഗള്‍ഫാര്‍ മുഹമ്മദലി കാസര്‍കോടിന് സമ്മാനവുമായി മള്‍ട്ടിസ്‌പെഷ്യാലിറ്റി ആസ്പത്രി സ്ഥാപിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചത്.
Post a Comment
0 Comments