കാസര്‍കോട് (www.evisionnews.co): മഞ്ചേശ്വരം ബിജെപി സ്ഥാനാര്‍ഥി കെ. സുരേന്ദ്രനെതിരെയുള്ള കോഴ ആരോപണം സംബന്ധിച്ച കേസില്‍ സിപിഎം നേതാക്കളുടെ ഇടപെടലിനെ കുറിച്ച് യൂത്ത് ലീഗ് നേതാക്കള്‍ ഉയര്‍ത്തിയ ആരോപണങ്ങളില്‍ സിപിഎം നേതാവ് നല്‍കിയ പരാതിയില്‍ പോലീസ് കേസെടുക്കാത്തതില്‍ പാര്‍ട്ടിക്കുള്ളില്‍ അമര്‍ഷം പുകയുന്നു. ഇതുസംബന്ധിച്ച സിപിഎം കുമ്പള ഏരിയാ സെക്രട്ടറി ഡിവൈഎസ്പിക്ക് നല്‍കിയ പരാതിയിലാണ് പാര്‍ട്ടി സമ്മര്‍ദം കാരണം തുടര്‍നടപടിയില്ലാത്തത്.
മഞ്ചേശ്വരം പിടിക്കാന്‍ കോടികളുടെ കുഴല്‍പ്പണമാണ് മണ്ഡലത്തില്‍ ഒഴുക്കിയത്. മുസ്ലിം കേന്ദ്രങ്ങളില്‍ ക്യാമ്പ് ചെയ്ത് വോട്ടുകള്‍ വിഭച്ചിപ്പിച്ച് ബിജെപി ജയിച്ചു കയറാനുള്ള തന്ത്രങ്ങള്‍ കെ. സുരേന്ദ്രനും ബിജെപി നേതാക്കളും തെരഞ്ഞെടുപ്പിന് രണ്ടുമാസം മുമ്പേ ആസൂത്രണം ചെയ്തിരുന്നു. ഇതിനായി ബിജെപി നിയോഗിച്ചത് മുസ്ലിം ലീഗ് വിട്ട് സിപിഎമ്മുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന കാഞ്ഞങ്ങാട്ടെ പ്രമുഖ വക്കീലും കുമ്പളയിലെ ഉന്നത മുസ്ലിം സിപിഎം നേതാവും അഞ്ചുവര്‍ഷം മുമ്പ് മുസ്ലിം ലീഗ് വിട്ട് സിപിഎമ്മില്‍ ചേര്‍ന്ന നേതാവിനെയുമാണെന്നും യൂത്ത് ലീഗ് നേതാക്കള്‍ ഫേസ്ബുക്കിലൂടെ ആരോപിച്ചിരുന്നു.
മണ്ഡലത്തിലെ സിപിഎം പ്രവര്‍ത്തകരുടെ വികാരങ്ങള്‍ മറികടന്ന് പുറമേ നിന്നുള്ള ആരോപണ വിധേയനായ സ്ഥാനാര്‍ഥിയെ നിര്‍ത്തിയതും ബിജെപിയെ സഹായിക്കാന്‍ വേണ്ടിയാണ്. ബിജെപിയുമായും കാഞ്ഞങ്ങാട് നഗരസഭ മുന്‍ ചെയര്‍മാനുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന കാഞ്ഞങ്ങാട്ടെ ബാര്‍ മുതലാളിയാണ് ഈ ഡീലിന് മധ്യസ്ഥത വഹിച്ചത്. സോഷ്യല്‍ മീഡിയ വഴിയും
മുസ്ലിം കേന്ദ്രങ്ങളില്‍ മാത്രം പ്രചാരണം നടത്തിയും വോട്ട് വിഭജിപ്പിക്കാനും ശ്രമം നടത്തിയതായും ഇതിന് പ്രതിഫലമായി ലക്ഷങ്ങള്‍ വാങ്ങിയതായും ആരോപിച്ചിരുന്നു.
മഞ്ചേശ്വരം മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥി കെ സുരേന്ദ്രന്‍ വന്‍തോതില്‍ കള്ളപ്പണം ചെലവഴിച്ചുവെന്നതിന്റെ വ്യക്തമായ തെളിവാണ് ബിഎസ്പി സ്ഥാനാര്‍ഥിയായി പത്രിക നല്‍കി പിന്നീട് പിന്‍വലിച്ച കെ സുന്ദരന്റെ വെളിപ്പെടുത്തല്‍. പത്രിക പിന്‍വലിക്കാന്‍ രണ്ട് ലക്ഷം രൂപയും സ്മാര്‍ട്ട് ഫോണും നല്‍കിയെന്നാണ് വെളിപ്പെടുത്തല്‍. ഇതിന് പിന്നാലെയാണ് യൂത്ത് ലീഗ് മുന്‍ ജില്ലാ ട്രഷറര്‍ യൂസുഫ് ഉളുവാര്‍, ജില്ലാ സെക്രട്ടറി റഫീഖ് കേളോട്ട് എന്നിവര്‍ സിപിഎം നേതാക്കള്‍ക്കെതിരെ ആരോപണവുമായി രംഗത്തെത്തിയത്. ഇതുസംബന്ധിച്ച് പരാതി നല്‍കിയെങ്കിലും തുടര്‍നടപടി പാര്‍ട്ടിക്ക് ദോഷം ചെയ്യുമെന്നതിനാല്‍ കേസെടുക്കാതിരിക്കാന്‍ നേതൃതലത്തില്‍ നീക്കം നടക്കുന്നതായാണ് വിവരം.
Post a Comment
0 Comments