മൊഗ്രാല്‍ പുത്തൂര്‍ (www.evisionnews.co): ജില്ലാ പഞ്ചായത്തില്‍ നിന്ന് കുടുംബാരോഗ്യ കേന്ദ്രത്തിന് അനുവദിച്ച ഓക്സി മീറ്ററുകള്‍ ദുരുപയോഗം ചെയ്തു എന്ന ആരോപണം അടിസ്ഥാന രഹിതവും രാഷ്ട്രീയ പ്രേരിതവുമാണെന്ന് മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ: സമീറ ഫൈസല്‍ അഭിപ്രായപ്പെട്ടു. രണ്ടാം കൊറോണ വ്യാപനം മുതല്‍ മികച്ച കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളോടെ ജില്ലയില്‍ തന്നെ മാതൃക പഞ്ചായത്തുകളിലൊന്നായി പേരെടുത്ത മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്തിനെ പൊതു ജന മധ്യത്തില്‍ അപകീര്‍ത്തിപ്പെടുത്താനുള്ള ഗൂഢാലോചനയാണ് ഇതിലൂടെ വ്യക്തമാവുന്നത്. വാര്‍ഡ് തലത്തില്‍ ജാഗ്രത സമിതി യോഗങ്ങള്‍ വിളിച്ചുചേര്‍ക്കുകയും വാക്‌സിന്‍ അടക്കമുള്ള കാര്യങ്ങളില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്തുവരുന്ന ഗ്രാമ പഞ്ചായത്തിന്റെ പ്രവര്‍ത്തനങ്ങളെ മോശമായി ചിത്രീകരിക്കാനുള്ള ശ്രമങ്ങള്‍ തുടക്കം മുതലേ നടന്നിരുന്നു.
പഞ്ചായത്തിനെ കുറിച്ച് മുഖ്യമന്ത്രിയുടെ അനവസരത്തിലുള്ള പ്രസ്താവനയും അതിന്റെ ഭാഗമായിരുന്നു. ജില്ലാ പഞ്ചായത്തില്‍ നിന്നും ലഭിച്ച ഓക്സി മീറ്ററുകള്‍ എങ്ങനെ വിതരണം ചെയ്യണം എന്നതിനെ കുറിച്ച് വ്യക്തമായ മാര്‍ഗ നിര്‍ദേശങ്ങള്‍ ഗ്രാമ പഞ്ചായത്തിനോ കുടുംബരോഗ്യ കേന്ദ്രത്തിനോ ലഭിച്ചിരുന്നില്ല. മെഡിക്കല്‍ ഓഫീസര്‍ക്കും ജില്ലാ പഞ്ചായത്ത് മെംബര്‍ക്കും ഈ വിഷയത്തില്‍ അറിയിപ്പുകള്‍ ലഭിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ അഞ്ചു ഓക്സി മീറ്ററുകള്‍ കുടുംബാരോഗ്യ കേന്ദ്രത്തിനു കൈമാറുകയും ബാക്കി 45 ഓക്സി മീറ്ററുകള്‍ പഞ്ചായത്ത് സ്റ്റോര്‍ റൂമില്‍ സൂക്ഷിക്കുകയും ചെയ്തു. പുതിയ അറിയിപ്പ് ജില്ലാ പഞ്ചായത്തിന്റെ ഭാഗത്തില്‍ നിന്ന് വന്നതിന്റെ അടിസ്ഥാനത്തില്‍ പഞ്ചായത്തില്‍ സൂക്ഷിച്ച 45 ഓക്സി മീറ്ററുകള്‍ കൂടി കുടുംബാരോഗ്യ കേന്ദ്രത്തിന് കൈമാറാന്‍ ഗ്രാമപഞ്ചായത്ത് തീരുമാനിച്ചിട്ടുണ്ട്.
Post a Comment
0 Comments