ദേശീയം (www.evisionnews.co): ബിജെപി ദേശീയ ജനറല്‍ സെക്രട്ടറിമാരുടെ രണ്ടുദിവസത്തെ യോഗം ശനിയാഴ്ച ഡല്‍ഹിയില്‍ തുടങ്ങി. ഉത്തര്‍പ്രദേശ് അടക്കം ആറ് സംസ്ഥാനങ്ങളില്‍ അടുത്തവര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകള്‍, കോവിഡ് പ്രതിരോധ നടപടികള്‍ തുടങ്ങിയ വിഷയങ്ങളാണ് അജണ്ട.
യോഗത്തിനുശേഷം ശനിയാഴ്ച വൈകിട്ട് ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തിയതോടെ കേന്ദ്ര മന്ത്രിസഭയിലും വൈകാതെ പുനഃസംഘടനയുണ്ടാകുമെന്നാണ് വിവരം. തിരുത്തല്‍ നടപടികള്‍ വേണം എന്ന നിര്‍ദ്ദേശം ആര്‍എസ്എസ് സര്‍ക്കാരിനു നല്‍കിയ പശ്ചാത്തലത്തിലാണ് മാറ്റങ്ങള്‍ക്ക് സാധ്യതയെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്.
ബിജെപി നേതൃയോഗം തുടരുമ്പോള്‍ പാര്‍ട്ടിക്കു മുന്നില്‍ വെല്ലുവിളികള്‍ ഏറെയാണ്. കൊവിഡ് രണ്ടാം തരംഗം കുറയുന്നെങ്കിലും പ്രധാനമന്ത്രിയും അമിത്ഷായും ചേര്‍ന്നുള്ള നേതൃത്വത്തിന്റെ വിശ്വാസ്യതയ്ക്ക് രാജ്യ തലസ്ഥാനത്തെയടക്കമുള്ള കൊവിഡ് കാഴ്ചകള്‍ ക്ഷതം ഏല്പിച്ചു. ജനരോഷം എങ്ങനെ തണുപ്പിക്കാം എന്നതാണ് പാര്‍ട്ടി പ്രധാനമായും ആലോചിക്കുന്നത്. ജനങ്ങളിലേക്ക് ഇറങ്ങാനുള്ള വഴികള്‍ തീരുമാനിക്കും. ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഗുജറാത്ത്, ഹിമാചല്‍പ്രദേശ്, ഗോവ, ഉത്തരാഖണ്ഡ്, മണിപ്പൂര്‍ സംസ്ഥാനങ്ങളിലേക്കാണ് അടുത്തവര്‍ഷം തെരഞ്ഞെടുപ്പ് നടക്കുന്നത്.
Post a Comment
0 Comments