Type Here to Get Search Results !

Bottom Ad

ഗുരുതുല്യനായ കുന്നില്‍ ഖാദര്‍ച്ച




(www.evisionnews.co) വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈവിനീതന്‍ എംഎസ്എഫ് ഉദുമ മണ്ഡലം ജനറല്‍ സെക്രട്ടറിയായിരുന്ന കാലം. ഒരു തെരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ ചെമ്മനാട് വെച്ച് പ്രസംഗിക്കാന്‍ അവസരം ലഭിച്ചു. പ്രസംഗം അവസാനിപിച്ച് ഇരിക്കുന്ന സമയത്ത് കുറച്ചുനീളം കൂടിയ ഒരു നിഷ്‌കളങ്കനായ മനുഷ്യന്‍ അടുത്തുവന്ന് സ്വയം പരിചയപ്പെടുത്തി പ്രസംഗം നന്നായിട്ടുണ്ട്. നല്ല ശബ്ദമാണ് കുറച്ച് ഉപമകള്‍ വേണം. വായന വര്‍ധിപ്പിക്കണം എന്നൊക്കെ ഒരു ഗുരുതുല്യനെ പോലെ ഉപേദിശിച്ചു. അതാണ് കുന്നില്‍ ഖാദര്‍ച്ച.

അന്നു മുതലാണ് അദ്ദേഹവുമായി കൂടുതല്‍ അടുക്കുന്നത്. അദ്ദേഹം നല്ലൊരു പ്രഭാഷകന്‍ കൂടിയായിരുന്നു. പലപ്പോഴും എംഎസ്എഫിന്റെ വേദികളില്‍ പുതിയ തലമുറയ്ക്ക് ലീഗിന്റെ ചരിത്രങ്ങള്‍ പറഞ്ഞു കൊടുക്കുന്നത് അദ്ദേഹത്തിന് വല്ലാത്ത ആവേശമായിരുന്നു. ഖായിദെ മില്ലത്തും ബാഫഖി തങ്ങളും സീതി സാഹിബും സിഎച്ചും ടിഎ ഇബ്രാഹിം സാഹിബും മാഹിന്‍ ഷംനാടും കല്ലട്ര അബ്ദുല്‍ ഖാദര്‍ ഹാജിയുമൊക്കെ അദ്ദേഹത്തിന്റെ പ്രസംഗത്തില്‍ ഓടിവരും. ദീര്‍ഘകാലം പ്രവാസ ലോകത്ത് ജീവിക്കുമ്പോള്‍ ജോലിത്തിരകിനിടയിലും പാര്‍ട്ടിക്ക് വേണ്ടി അദ്ദേഹം ജീവിച്ചു. ഷാര്‍ജയില്‍ കെഎംസിസി സ്ഥാപിക്കുന്നതിലെ മുന്‍നിര പോരാളിയായിരുന്ന കുന്നില്‍ ഖാദര്‍ച്ച വിടവാങ്ങുമ്പോള്‍ സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്റായിരുന്നു. ആദ്യകാല ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്റെ ഭാരവാഹിയായും പ്രവര്‍ത്തിച്ചുണ്ട്.

2018ല്‍ ഞാന്‍ ആദ്യമായി യുഎഇ സന്ദര്‍ശിച്ചപ്പോള്‍ ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഹാളില്‍ നടന്ന ജില്ലാ കമ്മിറ്റിയുടെ വിപുലമായ പരിപാടിയിലേക്ക് അദ്ദേഹം ക്ഷണിക്കുകയും സ്വികരണം നല്‍കുകയും ചെയ്തിരുന്നു. എവിടെ വെച്ച് കണ്ടാലും സ്‌നേഹ വാല്‍സല്യത്തോടെയാണ് അദ്ദേഹം പെരുമാറിയിരുന്നത്. പുതിയ തലമുറയെ മുസ്ലിം ലീഗ് പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കുയും പ്രോല്‍സാഹിപ്പിക്കുകയും ചെയ്യുന്ന നേതാവായിരുന്നു കുന്നില്‍ ഖാദര്‍ച്ച. ഒരു പുരുഷായുസ് മുഴുവന്‍ സമുദായത്തിനും സമൂഹത്തിനും ജീവിതം നീക്കിയ അദ്ധേഹത്തിന്റെ വിടവ് തീരാനഷ്ടമാണ്.




റഊഫ് ബായിക്കര

പ്രസിഡന്റ്, മുസ്ലിം യൂത്ത് ലീഗ് ഉദുമ നിയോജക മണ്ഡലം

Tags

Post a Comment

0 Comments

Top Post Ad

Below Post Ad