Type Here to Get Search Results !

Bottom Ad

കാസര്‍കോട് മെഡിക്കല്‍ കോളജ്: ടെക്‌നിക്കല്‍ കമ്മിറ്റിയുടെ സാങ്കേതികാനുമതിക്ക് ഇടപെടും: മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതായി എന്‍എ നെല്ലിക്കുന്ന് എംഎല്‍എ


കാസര്‍കോട് (www.evisionnews.co): കാസര്‍കോട് മെഡിക്കല്‍ കോളജിന് കിഫ്ബി വഴിയുള്ള 193 കോടി രൂപയുടെ പദ്ധതിക്ക് ടെക്നിക്കല്‍ കമ്മിറ്റിയുടെ സാങ്കേതിക അനുമതിക്ക് ഇടപെടല്‍ നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉറപ്പു നല്‍കിയതായി എന്‍എ നെല്ലിക്കുന്ന് എംഎല്‍എ. കിഫ്ബി വഴി 193 കോടി രൂപയുടെ പദ്ധതി എസ്പിവിയെ നിര്‍ദ്ദേശിച്ച് ഭരണാനുമതി ഉത്തരവ് നല്‍കിയിരുന്നു. കിറ്റ്കോ അഞ്ചു മാസങ്ങള്‍ക്ക് മുമ്പ് തന്നെ വിശദമായ പ്രൊജക്ട് റിപ്പോര്‍ട്ട് സര്‍ക്കാറിലേക്ക് സമര്‍പ്പിച്ചെങ്കിലും സാങ്കേതിക പരിശോധനക്കായി ടെക്നിക്കല്‍ കമ്മിറ്റിയുടെ മുന്നില്‍ എത്തിയപ്പോള്‍ തുടര്‍ നടപടികള്‍ ഉണ്ടായില്ല. 

2013ല്‍ തറക്കല്ലിട്ട മെഡിക്കല്‍ കോളജിന്റെ നിര്‍മാണം നീണ്ടുപോകാന്‍ ഒരുവേള കാരണം ഈ തടസമായിരുന്നു. നബാര്‍ഡ് അനുവദിച്ച തുകയ്ക്ക് സാങ്കേതികാനുമതി നല്‍കാന്‍ അന്നത്തെ ടെക്നിക്കല്‍ കമ്മിറ്റി ഏറെക്കാലമെടുത്തു. മെഡിക്കല്‍ എജുക്കേഷന്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ കീഴിലുള്ള വിവിധ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് സാങ്കേതികാനുമതി നല്‍കാനുള്ള നിലവിലെ ടെക്‌നിക്കല്‍ കമ്മിറ്റി പുനഃസംഘടിപ്പിച്ച് ഈ വര്‍ഷം മാര്‍ച്ച് 17നാണ് ഉത്തരവായത്.  

കിറ്റ്കോ തയാറാക്കിയ പ്രോജക്ട് റിപ്പോര്‍ട്ടിന് യോഗം ചേര്‍ന്ന് അംഗീകാരം നല്‍കാനാണ് ടെക്നിക്കല്‍ കമ്മിറ്റി പലപ്പോഴും അമാന്തം കാണിക്കുന്നത്. വിഷയം ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ താന്‍ ഇടപെടാമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കിയത് ആശ്വാസം പകരുന്ന കാര്യമാണെന്ന് എന്‍എ നെല്ലിക്കുന്ന് പറഞ്ഞു. കിഫ്ബി പദ്ധതിയുടെ അവലോകനത്തില്‍ അന്നത്തെ ധനകാര്യമന്ത്രിയോട് കാസര്‍കോട് മെഡിക്കല്‍ കോളജ് കിഫ്ബിയില്‍ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ടപ്പോള്‍ അനുകൂലമായ പ്രഖ്യാപനം ഉണ്ടായിരുന്നു. നിയമസഭയിലും ആവശ്യം ആവര്‍ത്തിച്ചപ്പോഴാണ് കിഫ്ബിയില്‍ ഇടംനേടിയത്.

Post a Comment

0 Comments

Top Post Ad

Below Post Ad