Type Here to Get Search Results !

Bottom Ad

പാലത്തായി പീഡനക്കേസ്: പത്മരാജന്‍ കുട്ടിയെ പീഡിപ്പിച്ചതിന് തെളിവുണ്ടെന്ന് അന്വേഷണ സംഘം


കണ്ണൂര്‍ (www.evisionnews.co): പാലത്തായി പീഡനക്കേസില്‍ വഴിത്തിരിവ്. പാലത്തായിയില്‍ നാലാം ക്ലാസ് വിദ്യാര്‍ഥിനിയെ അധ്യാപകനും ബി.ജെ.പി നേതാവുമായ കുനിയില്‍ പത്മരാജന്‍ പീഡിപ്പിച്ചത് തന്നെയെന്ന് അന്വേഷണ സംഘം. പത്മരാജന്‍ കുട്ടിയെ പീഡിപ്പിച്ചതിന് അന്വേഷണ സംഘത്തിന് തെളിവുകള്‍ ലഭിച്ചു എന്നാണ് റിപ്പോര്‍ട്ട്. പീഡനം നടന്നുവെന്ന് കുട്ടി പറഞ്ഞ ശുചി മുറിയില്‍ നിന്നും ശേഖരിച്ച രക്തക്കറ പീഡനം നടന്നുവെന്നത് തെളിയിക്കുന്നു എന്നാണ് ശാസ്ത്രീയ പരിശോധന ഫലം.

പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ അന്വേഷണസംഘം ശുചിമുറിയിലെ ടൈലുകളും മണ്ണും ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. ഈ പരിശോധനയിലാണ് ശുചിമുറിയിലെ ടൈലുകളില്‍ നിന്ന് രക്തക്കറ കണ്ടെത്തിയത്. കേസില്‍ അധികം വൈകാതെ തന്നെ തലശ്ശേരി പോക്‌സോ കോടതിയില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ ഐ.ജി, ഇ.ജെ ജയരാജന്‍ കുറ്റപത്രം സമര്‍പ്പിക്കും. പാലത്തായി കേസ് അന്വേഷണത്തിന് ഹൈക്കോടതി ഇടപെട്ട് പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചിരുന്നു.

ഐ.ജി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത്. രണ്ട് വനിതാ ഐ.പി.എസ് ഉദ്യോഗസ്ഥരും സംഘത്തിലുണ്ടായിരുന്നു. 2020 ജനുവരിയിലാണ് ഒമ്പതു വയസുകാരി പീഡനത്തിന് വിധേയയായെന്ന പരാതി പോലീസിന് ലഭിക്കുന്നത്. പ്രതി പത്മരാജന്‍ കുട്ടിയെ സ്‌കൂളില്‍വെച്ച് പലതവണ പീഡിപ്പിച്ചെന്നാണ് കേസ്. ഇയാള്‍ക്ക് തലശ്ശേരി പോക്സോ കോടതി ജാമ്യം അനുവദിച്ചിരുന്നു. ഇതിനെതിരെ കുട്ടിയുടെ അമ്മ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ജാമ്യം അനുവദിച്ച നടപടിയെ ഹൈക്കോടതിയും ശരിവെച്ചിരുന്നു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad