കാസര്‍കോട് (www.evisionnews.co): ഭെല്‍- ഇഎംഎല്‍ കമ്പനിയുടെ 51 ശതമാന ഓഹരികള്‍ സംസ്ഥാന സര്‍ക്കാരിന് കൈമാറാന്‍ കേന്ദ്രം സന്നദ്ധത പ്രകടിപ്പിച്ച സാഹചര്യത്തില്‍ തിരിച്ചെടുക്കല്‍ നടപടി ത്വരിതപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് വ്യവസായവും നിയമവും വകുപ്പ് മന്ത്രി പി. രാജീവിന് എന്‍എ നെല്ലിക്കുന്ന് എംഎല്‍എ കത്ത് നല്‍കി.
ഭെല്‍- ഇഎംഎല്‍ കമ്പനിയുടെ 51 ശതമാനം ഓഹരികള്‍ ഏറ്റെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ 2017ല്‍ തീരുമാനിക്കുകയും 2019 സെപ്തംബര്‍ ഏഴിന് ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കാത്തതിനാല്‍ ഏറ്റെടുക്കല്‍ നടപടികള്‍ നീണ്ടു പോവുകയായിരുന്നു. ഇതിനിടയില്‍ കമ്പനിയില്‍ ഉത്പാദനം നിര്‍ത്തിവെച്ചതിനാല്‍ ജീവനക്കാര്‍ രണ്ടര വര്‍ഷമായി ശമ്പളം ലഭിക്കാതെ ദുരിതത്തിലായി. കമ്പനി കഴിഞ്ഞ 14 മാസമായി അടച്ചു പൂട്ടിയിരിക്കുകയാണ്.
ഏറ്റെടുക്കല്‍ നടപടി മെയ് 31നകം പൂര്‍ത്തിയാകണമെന്ന കോടതി വിധിയുടെ അടിസ്ഥാനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഓഹരി കൈമാറ്റത്തിന് അനുമതി നല്‍കിയതായി 2021 മേയ് 11ന് സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. ജീവനക്കാരുടെ നഷ്ടപ്പെട്ട എല്ലാ ആനുകൂല്യങ്ങളും പുനഃസ്ഥാപിച്ച് നല്‍കാനും കമ്പനി നവീകരിച്ച് കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉണ്ടാക്കി നിലവിലുള്ള ജീവനക്കാരെ സംരക്ഷിക്കാനും നടപടികള്‍ സ്വീകരിക്കേണ്ടതാണ്. ജനപ്രതിനിധികളുടെയും തൊഴിലാളികളുടെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥന്മാരുടെയും യോഗം വിളിച്ചുഉചിതമായ നടപടി കൈകൊള്ളണമെന്ന് എംഎല്‍എ കത്തില്‍ ആവശ്യപ്പെട്ടു.
Post a Comment
0 Comments