കാസര്‍കോട് (www.evisionnews.co): മന്ത്രിയായതിന് ശേഷം ആദ്യമായി കാസര്‍കോടെത്തിയ അഹമ്മദ് ദേവര്‍കോവിലിന്റെ വിരുന്നു സല്‍ക്കാരം സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചതിന് പിന്നാലെ മന്ത്രിയെയടക്കം രൂക്ഷമായി വിമര്‍ശിച്ച് സിപിഎം സൈബര്‍ പോരാളികള്‍. കോവിഡ് പ്രോട്ടോക്കാള്‍ പാലിക്കാതെ മന്ത്രി പങ്കെടുത്ത വിരുന്ന് സല്‍ക്കാരത്തിനെതിരെയാണ് സിപിഎം പ്രവര്‍ത്തകര്‍ സോഷ്യല്‍ മീഡിയയില്‍ കണക്കിന് വിമര്‍ശിക്കുന്നത്.
കഴിഞ്ഞ ദിവസം ജില്ലയിലെത്തിയ മന്ത്രിക്ക് സല്‍ക്കാരമൊരുക്കിയ ഐഎന്‍എല്‍ നേതൃത്വത്തെയും രൂക്ഷമായി വിമര്‍ശിക്കുന്നുണ്ട്. യാതൊരു അകലമോ മറ്റു നിര്‍ദേശങ്ങളോ പാലിക്കാതെയായിരുന്നു സല്‍ക്കാരം. കളനാട്ടെ ഒരു പ്രമുഖന്റെ വീട്ടിലായിരുന്നു മന്ത്രിയുടെ വിരുന്നു സല്‍ക്കാരം. മന്ത്രിയുടെ ഭക്ഷണമേശയില്‍ പൊലിസുകാരുള്‍പ്പെടെ ഉണ്ടായിരുന്നു.
സ്വന്തം വീട്ടില്‍ പോലും മാസ്‌ക് ധരിക്കണമെന്നും സാമൂഹിക അകലം പാലിക്കണമെന്നും മുഖ്യമന്ത്രിയുടെ നിര്‍ദേശമുള്ള സംസ്ഥാനത്ത് ഐഎന്‍എല്ലിലെ മന്ത്രിക്ക് ഇത് ബാധകമല്ലേ എന്നാണ് സാമൂഹിക മീഡിയയില്‍ പരക്കെ ഉയരുന്ന ചോദ്യം. തിങ്ങിനിരന്ന് ഭക്ഷണ ഹാളില്‍ കാണിച്ച പ്രോട്ടോക്കാള്‍ എല്‍ഡിഎഫിന് അപമാനമാണെന്നും പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു. ഫേസ് ബുക്കില്‍ സിപിഎം- ഐഎന്‍എല്‍ പ്രവര്‍ത്തകര്‍ പരസ്പരം അസഭ്യവര്‍ഷം തുടങ്ങിയിട്ടുണ്ട്.
Post a Comment
0 Comments