Type Here to Get Search Results !

Bottom Ad

കേന്ദ്ര സര്‍വകലാശാല ലാബില്‍ കോവിഡ് ടെസ്റ്റ് ഒരു ലക്ഷം കവിഞ്ഞു


കാസര്‍കോട് (www.evisionnews.co): കേരള കേന്ദ്ര സര്‍വകലാശാലയില്‍ കോവിഡ് പരിശോധനകളുടെ എണ്ണം ഒരു ലക്ഷം പിന്നിട്ടു. ഇന്നലെ വരെയുള്ള കണക്കനുസരിച്ച് കോവിഡ് നിര്‍ണയത്തിനുള്ള 101429 ആര്‍ടിപിസിആര്‍ പരിശോധനകളാണ് സര്‍വകലാശാലയില്‍ നടന്നത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 30നാണ് സ്രവം പരിശോധിക്കുന്നതിനായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചി (ഐസിഎംആര്‍)ന്റെ അംഗീകാരം ലഭിച്ചത്.

ജില്ലയിലെ വിവിധ പ്രാഥമിക, സാമൂഹ്യ, കുടുംബ ആരോഗ്യ കേന്ദ്രങ്ങള്‍, ജില്ലാ ആസ്പത്രി, പ്രത്യേക ക്യാമ്പുകള്‍ എന്നിവിടങ്ങളില്‍നിന്നും ശേഖരിക്കുന്ന സാമ്പിളുകളാണ് കേന്ദ്ര സര്‍വകലാശാലയില്‍ പരിശോധന നടത്തുന്നത്. ബയോകെമിസ്ട്രി ആന്റ് മോളിക്യുലാര്‍ ബയോളജി വിഭാഗത്തിന് കീഴിലുള്ള വൈറോളജി ലാബിലാണ് പരിശോധന. കോവിഡ് വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഇപ്പോള്‍ പ്രതിദിനം ശരാശരി 1200ഓളം പരിശോധനകള്‍ നടത്തുന്നതായി നേതൃത്വം നല്‍കുന്ന വകുപ്പ് തലവന്‍ ഡോ. രാജേന്ദ്ര പിലാങ്കട്ട പറഞ്ഞു. 1700വരെ പരിശോധനകള്‍ നടന്ന ദിവസങ്ങളുമുണ്ട്. മൂന്ന് ഷിഫ്റ്റുകളിലായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന വൈറോളജി ലാബാണ് സര്‍വകലാശാലയിലേത്. പരിശോധനാ ഫലം സംസ്ഥാന സര്‍ക്കാരിന്റെ പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യും.

ഡോ.രാജേന്ദ്ര പിലാങ്കട്ടക്ക് പുറമെ അധ്യാപകനായ ഡോ. സമീര്‍ കുമാര്‍, ലാബ് ടെക്നീഷ്യന്മാരായ ആരതി എം, ക്രിജിത്ത് എം.വി, സുനീഷ് കുമാര്‍, രൂപേഷ് കെ, റോഷ്ന രമേശന്‍, വീണ, ലാബ് അസിസ്റ്റന്റുമാരായ ജിതിന്‍രാജ് വി, ഷാഹുല്‍ ഹമീദ് സിംസാര്‍, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍മാരായ മുഹമ്മദ് റിസ്വാന്‍, നിഖില്‍ രാജ്, സച്ചിന്‍ എം.പി, ഗവേഷക വിദ്യാര്‍ത്ഥികളായ പ്രജിത്ത്, വിഷ്ണു, രാജേഷ്, മനോജ്, അശ്വതി, ലതിക, രന്‍ജീത്. അശുതോഷ്, അഞ്ജലി എന്നിവരാണ് സംഘത്തിലുള്ളത്. രാജ്യത്ത് ആദ്യമായാണ് ഒരു കേന്ദ്ര സര്‍വകലാശാല കോവിഡ് പരിശോധനക്ക് നേതൃത്വം നല്‍കുന്നത്.

Post a Comment

0 Comments

Top Post Ad

Below Post Ad