Type Here to Get Search Results !

Bottom Ad

ഉപ്പള മുത്തലിബ് വധം: പ്രതിക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം പിഴയും


കാസര്‍കോട് (www.evisionnews.co): ഉപ്പള മണ്ണംകുഴിയിലെ റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരനായ മുത്തലിബിനെ കൊലപ്പെടുത്തിയ കേസില്‍ ഉപ്പള ഹിദായത്ത് നഗറിലെ മുഹമ്മദ് ഷംസുദ്ദീന്‍ എന്ന ഷംസുവിനെ കാസര്‍കോട് അഡീഷണല്‍ സെഷന്‍സ് കോടതി (മൂന്ന്) ജഡ്ജി എവി ഉണ്ണികൃഷ്ണന്‍ ജീവപര്യന്തം തടവിനും ഒരു ലക്ഷം പിഴയടക്കാനും ശിക്ഷിച്ചു. പിഴയടച്ചില്ലെങ്കില്‍ ആറു മാസം കഠിന തടവ് പ്രത്യേകം അനുഭവിക്കണം.

24-10-2013ന് രാത്രി 11 മണിയോടെ ഉപ്പള മണ്ണംകുഴിയിലെ ക്വാര്‍ട്ടേഴ്‌സിനു മുന്നില്‍ കാറോടിച്ചു വരികയായിരുന്ന മുത്തലിബിനെ കാലിയ റഫീഖ്, ഷംസുദ്ദീന്‍. എന്നിവര്‍ വാള്‍കൊണ്ട് വെട്ടിയും വെടിവെച്ചും മൃഗീയമായി കൊലപ്പെടുത്തുകയായിരുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വെട്ടും കുത്തും വെടികൊണ്ടതുമായി ആകെ 64 മുറിവുകളുണ്ടായിരുന്നു. സംഭവം കണ്ടുകൊണ്ട് ഓടിവന്ന മുത്തലിബിന്റെ ഭാര്യയും അയല്‍വാസിയും മുത്തലിബിന്റെ മൂന്നു വയസുള്ള മകളെ ഉയര്‍ത്തിപ്പിടിച്ച് ഈ കുഞ്ഞിനെ ഓര്‍ത്തെങ്കിലും മുത്തലിബിനെ വെട്ടല്ലേ എന്ന് കരഞ്ഞുപറഞ്ഞെങ്കിലും രണ്ട് പ്രതികളും അതിക്രൂരമായി വാള്‍ കൊണ്ടു വെട്ടുകയായിരുന്നു.

മുഹമ്മദ് റഫീഖ്, മന്‍സൂര്‍ അഹമ്മദ്, സയ്യിദ് ആസിഫ്, മുഹമ്മദ് അന്‍സാര്‍ എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍. ഒന്നും രണ്ടും പ്രതികള്‍ക്ക് കുറ്റകൃത്യത്തിനും തുടര്‍ന്ന് രക്ഷപ്പെടുന്നതിനും ആവശ്യമായ സഹായങ്ങള്‍ ചെയ്തുകൊടുത്ത ഇവരെ മതിയായ തെളിവുകളില്ലാത്തതിനാല്‍ കോടതി വിട്ടയച്ചു.

സംഭവത്തിന് സാക്ഷിയായ മുത്തലിബി ന്റെ ഭാര്യ തൊട്ടടുത്ത ക്വാര്‍ട്ടേഴ്‌സിലെ താമസക്കാര്‍, പ്രതികളുടെ തിരിച്ചറിയല്‍ പരേഡ് നടത്തിയ മജിസ്‌ട്രേറ്റ്, പോലീസ് സര്‍ജന്‍ എന്നിവരടക്കം ആകെ 82 സാക്ഷികളില്‍ 39 പേരെ കോടതിയില്‍ വിസ്തരിച്ചു. 78 രേഖകളും 27 മുതലുകളും പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു. കേസിലെ ഒന്നാം പ്രതിയും കുപ്രസിദ്ധ കുറ്റവാളിയുമായിരുന്ന കാലിയ റഫീഖ് വിചാരണ തുടങ്ങും മുമ്പ് തന്നെ കൊല്ലപ്പെട്ടിരുന്നു.

കാലിയ റഫീഖിനെ കര്‍ണ്ണാടകയില്‍ വെച്ച് കഞ്ചാവുമായി പോലീസ് അറസ്റ്റ് ചെയ്ത് കേസെടുത്തിരുന്നു. മുത്തലിബാണ് തന്നെ കേസില്‍ കുടുക്കിയതെന്ന് കരുതി കാലിയ റഫീഖും കൂട്ടാളികളും ചേര്‍ന്ന് ആസൂത്രിതമായി മുത്തലിബിനെ കൊലപ്പെടുത്തുകയായിരുന്നു എന്നാണ് കേസ്. അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. കെ. ബാലകൃഷ്ണനാണ് പ്രോസിക്യൂഷനു വേണ്ടി ഹാജരായത്. അന്നത്തെ കുമ്പള സിഐ ആയിരുന്ന സിബി തോമസാണ് കേസ് അന്വേഷണം നടത്തി പ്രതികള്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചത്.

Post a Comment

0 Comments

Top Post Ad

Below Post Ad