Type Here to Get Search Results !

Bottom Ad

പാദൂര്‍ കുഞ്ഞാമു ഹാജി എന്ന നാട്ടുകാരുടെ കുഞ്ഞാമുച്ച ഓര്‍മയായിട്ട് ഇന്നേക്ക് അഞ്ചാണ്ട്


കാസര്‍കോട് (www.evisionnews.co): പാവപ്പെട്ടവന്‍ പ്രതീക്ഷയും ആലംബവുമായിരുന്ന പാദൂര്‍ കുഞ്ഞാമു ഹാജി എന്ന നാട്ടുകാരുടെ കുഞ്ഞാമുച്ച ഓര്‍മയായിട്ട് ഇന്നേക്ക് അഞ്ചുവര്‍ഷം തികയുന്നു. നാലുപതിറ്റാണ്ടിന്റെ രാഷ്ട്രീയ കര്‍മമണ്ഡലത്തില്‍ പ്രവര്‍ത്തകനായും നേതാവായും ജനപ്രതിനിയായും നിറസാന്നിധ്യമായ കുഞ്ഞാമു ഹാജിയില്ലാത്ത വര്‍ഷങ്ങള്‍ ഇന്നും നികത്താനാവാത്ത വിടവായി ബാക്കിയാവുന്നത് അദ്ദേഹം ഒരുനാടിന്റെ അഭിമാനവും പ്രതീക്ഷയുമായിരുന്നു എന്നത് കൊണ്ട് തന്നെയാണ്.

ഇല്ലാത്തവന് എല്ലാം ഉണ്ടെന്ന അനുഭവമായിരുന്നു കുഞ്ഞാമുച്ച പകര്‍ന്നുനല്‍കിയത്. അതുകൊണ്ട് തന്നെ കൂലിപ്പണിയെടുത്ത് ജീവിക്കുന്ന സാധാരണക്കാരില്‍ സാധാരണക്കാരും സമ്പന്നനും പ്രമാണിയുമെല്ലാം കുഞ്ഞാമുച്ചാന്റെ അടുത്ത സുഹൃത്തുക്കളെ പോലെയായിരുന്നു. തന്റെ ആഡംബര വാഹനത്തില്‍ സഞ്ചരിക്കുമ്പോള്‍ വഴിയരികില്‍ പാവങ്ങളെ കണ്ടാല്‍ തന്റെ വാഹനം നിര്‍ത്തി എന്താടോ സുഖമാണോ എന്ന് ചോദിക്കാതെ കുഞ്ഞാമുച്ചാന്റെ വാഹനം മുന്നോട്ടു പോവില്ല. ഏതു പാതിരാത്രിയും എന്ത് ആവശ്യങ്ങള്‍ക്കും ആര്‍ക്കും കയറിച്ചെല്ലാവുന്ന വീടായിരുന്നു കുഞ്ഞാമു ഹാജിയുടെ വീട്.

കേരളത്തില്‍ ഏറ്റവും നല്ല പ്രവര്‍ത്തനം കാഴ്ച വെച്ച ഗ്രാമ പഞ്ചായത്തിനുള്ള അവാര്‍ഡ് ചെമ്മനാട് പഞ്ചായത്തിന് ലഭിച്ചത് കുഞ്ഞാമുച്ച പ്രസിഡന്റായപ്പോഴാണ്. പാവപ്പെട്ടവരുടെയും അധകൃത വിഭാഗങ്ങളുടെയും ക്ഷേമ ഐശ്വര്യങ്ങള്‍ക്ക് വേണ്ടി മുന്നില്‍ നിന്നു പ്രവര്‍ത്തിച്ച പാദൂര്‍ കുഞ്ഞാമു ഹാജി ജനങ്ങള്‍ക്കെല്ലാം അവരുടെ കുഞ്ഞാമുച്ച അധികാരികള്‍ക്ക് മുന്നില്‍ ചെങ്കൂറ്റത്തോടെ വാദിക്കാന്‍ കുഞ്ഞാമു ഹാജി പ്രകടപ്പിച്ച തന്റേടം അദ്ദേഹത്തോടൊപ്പം തോളോടുതോള്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചവര്‍ ഇന്നും ഓര്‍ക്കുന്നു. അവസാന നാളില്‍ ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷനെന്ന നിലയില്‍ അദ്ദേഹം കാഴ്ചവെച്ച ഭരണ പാടവം പകരം വെക്കാനില്ലാത്തതാണ്. ജനസേവനത്തിന് പല അവാര്‍ഡുകളും കുഞ്ഞാമുച്ചാനെ തേടിയെത്തിയിട്ടുണ്ട്.

ജില്ലാ പഞ്ചായത്ത് ഉദുമ ഡിവിഷനില്‍നിന്ന് തുടര്‍ച്ചയായി രണ്ടുതവണ ജില്ലാ പഞ്ചായത്തംഗമായ പാദൂര്‍ 2000 മുതല്‍ 2010 വരെ പത്ത് വര്‍ഷക്കാലമാണ് ചെമ്മനാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായി പ്രവര്‍ത്തിച്ചത്. 2003, 2005, 2006 വര്‍ഷങ്ങളില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരിക്കെ സംസ്ഥാനത്തെ മികച്ച പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി ചെമ്മനാടിനെ തേടിയെത്താന്‍ കഴിഞ്ഞത് കുഞ്ഞാമു ഹാജിയുടെ ഭരണ പാടവം വെളിവാക്കുന്നതായിരുന്നു. ഉദുമ മണ്ഡലത്തില്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥി കെ.സുധാകരന്റെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ സക്രിയനായിരുന്നു പാദൂര്‍. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ അംഗം, ബേക്കല്‍ റിസോഴ്‌സ് ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ അംഗം, കാര്‍ഷിക സര്‍വകലാശാലാ കൗണ്‍സില്‍ അംഗം, കേരള റൂറല്‍ എംപ്ലോയ്‌മെന്റ് ആന്‍ഡ് വെല്‍ഫയര്‍ സൊസൈറ്റി സംസ്ഥാന വൈസ് പ്രസിഡന്റ്, പറക്കളായി പി.എന്‍.പണിക്കര്‍ ആയുര്‍വേദ കോളേജ് ഡയരക്ടര്‍, ചെമ്മനാട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ഖജാന്‍ജി, കനിയടുക്കം മസ്ജിദ് പ്രസിഡന്റ് എന്നിങ്ങനെ പദവികള്‍ വഹിച്ചിരുന്നു.

ചെമ്മനാട് പഞ്ചായത്ത് പ്രസിഡണ്ട് എന്ന നിലയില്‍ പഞ്ചായത്തിന്റെ സര്‍വ്വോന്‍മുഖമായ വികസനം സാധ്യമാക്കാനും അദ്ദേഹത്തിന് കഴിഞ്ഞു. പാവപ്പെട്ട ഒരുപാട് പേര്‍ക്ക് ചുവപ്പ് നാടകള്‍ അഴിച്ച് സഹായം എത്തിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ഡിസിസി ട്രഷററായും പ്രമുഖ സഹകാരിയായും പാദൂര്‍ കുഞ്ഞാമു ഹാജി പ്രവര്‍ത്തിച്ചിരുന്നു. പഞ്ചായത്ത് പ്രസിഡന്റായിരുന്ന പരേതനായ പാദൂര്‍ മൊയ്തീന്‍ കുഞ്ഞിയുടെയും ഖദീജയുടെയും മകനാണ്. ഒന്നല്ല നൂറ് ആണ്ട് കഴിഞ്ഞാലും അദ്ദേഹം സാധാരണക്കാരുടെ മനസില്‍ നിന്ന് മാഞ്ഞുപോവില്ല. അത് തന്നെയാണ് കുഞ്ഞാമുച്ചാക്കുള്ള അംഗീകാരം.

Post a Comment

0 Comments

Top Post Ad

Below Post Ad