കാസര്‍കോട് (www.evisionnews.co): ബദിയടുക്കയില്‍ തറാവിഹ് നിസ്‌ക്കാരം കഴിഞ്ഞ് മടങ്ങുകയായിരുന്നവരെ എസ്ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം തല്ലിച്ചതച്ച സംഭവത്തില്‍ യൂത്ത് ലീഗ് പ്രതിഷേധിച്ചു. വ്യാഴാഴ്ച രാത്രി കര്‍ഫ്യൂ തുടങ്ങുന്നതിന് മുമ്പ് തന്നെ ബദിയടുക്ക എസ്‌ഐ സുഭാഷ് ബാബുവിന്റെ നേതൃത്വത്തിലുള്ള ഒരു സംഘം പൊലീസ് ബീജന്തടുക്ക മസ്ജിദ് പരിസരത്ത് എത്തുകയും നിസ്‌കാരം കഴിഞ്ഞ് മടങ്ങുകയായിരുന്നവരെ മര്‍ദിക്കുകയുമായിരുന്നു. പള്ളി പരിസരത്ത് യാതൊരു പ്രകോപനവുമില്ലാതെ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു വര്‍ഗീയ പരാമര്‍ശം നടത്തിയ എസ്.ഐക്കെതിരെ ശക്തമായ നടപടികള്‍ കൈകൊള്ളണമെന്ന് യൂത്ത് ലീഗ് കാസര്‍കോട് മണ്ഡലം വൈസ് പ്രസിഡന്റ് ഇഖ്ബാല്‍ ഫുഡ്മാജിക് ബദിയടുക്ക പറഞ്ഞു.
വിശ്വാസികള്‍ വളരെ പുണ്യമായി കരുതുന്ന ബദര്‍ അനുസ്മരണ ദിനത്തില്‍ അസര്‍ നിസ്‌കാരനന്തരം ഇതേ എസ്.ഐയും സംഘവും ബീജന്തടുക്ക പള്ളി പരിസരത്ത് ലാത്തിവീശി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും രാത്രി കര്‍ഫ്യു ആരംഭിക്കുന്നതിന് മുമ്പ് വന്ന് വിശ്വാസികള്‍ക്ക് നേരെ ലാത്തി ആക്രമണം നടത്തുകയും അന്യായമായ ആക്രമണത്തെ ചോദ്യം ചെയ്തവര്‍ക്ക് നേരെ അസഭ്യവര്‍ഷം ചൊരിയുകയും വര്‍ഗ്ഗീയ പരാമര്‍ശം നടത്തുകയും ചെയ്തിരുന്നു. പകല്‍ മുഴുവന്‍ നോമ്പെടുത്ത് തങ്ങളുടെ പ്രാര്‍ത്ഥനാ കര്‍മങ്ങള്‍ നിര്‍വഹിക്കാന്‍ ചെന്ന വിശ്വസികള്‍ക്കുമേലുള്ള ഹീനവും മനുഷ്യത്വ രഹിതവുമായ സമീപനമുവാണ് ഉണ്ടായതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇതുസംബന്ധിച്ച് യൂത്ത്ലീഗ് മുഖ്യമന്ത്രിക്കും മനുഷ്യാവകാശ കമ്മിഷനും പൊലീസ് കംപ്ലെയിന്റ് അതോറിറ്റി എന്നിവര്‍ക്കും പരാതി നല്‍കി. മുമ്പും ബദിയടുക്ക ടൗണിലും ബീജന്തടുക്കയിലും യാതൊരു പ്രകോപനവുമില്ലാതെ മര്‍ദനം അഴിച്ചുവിട്ടിരുന്നത് സംബന്ധിച്ചു പൊലീസ് കംപ്ലെയിന്റ് അതോറിറ്റിയിലും മനുഷ്യാവകാശ കമ്മീഷനിലും എസ്ഐക്കെതിരെ പരാതി നിലനില്‍ക്കുന്നത് സംഭവത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നതാണെന്ന് യൂത്ത് ലീഗ് അഭിപ്രായപ്പെട്ടു.
Post a Comment
0 Comments