കാസര്‍കോട് (www.evisionnews.co): ജില്ലയില്‍ കോവിഡ് പരിശോധന വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ നടപ്പിലാക്കിയ മൊബൈല്‍ ലാബോട്ടറിക്കെതിരെ വ്യാപക പരാതി ഉയരുന്നു. 24 മണിക്കൂറിനുള്ളില്‍ പരിശോധന ഫലം വാഗ്ദാനം ചെയ്യുന്ന മൊബൈല്‍ ലാബോട്ടറികളില്‍ ആര്‍ടിപിസിആര്‍ നടത്തി കോവിഡ് പരിശോധനാ ഫലം ലഭിക്കാന്‍ ദിവസങ്ങളെടുക്കുന്നുവെന്നാണ് പരാതി.
സ്‌പൈസ് ഹെല്‍ത്ത് എന്ന സ്വകാര്യ കമ്പനിയുടെ കീഴില്‍ സംസ്ഥാനത്ത് കാസര്‍കോട്ട് അടക്കം മൂന്നു ജില്ലകളിലാണ് മൊബൈല്‍ ലാബോട്ടറികള്‍ പ്രവര്‍ത്തിക്കുന്നത്. കാസര്‍കോട് ഈയടുത്താണ് പ്രവര്‍ത്തനം തുടങ്ങിയത്. നിലവില്‍ ജില്ലയില്‍ ജനറല്‍ ആസ്പത്രി കോമ്പൗണ്ടിലടക്കം നാലിടങ്ങളില്‍ ലാബോട്ടറി പ്രവര്‍ത്തിക്കുന്നുണ്ട്. ദിവസം രണ്ടായിരത്തോളം കോവിഡ് സാമ്പിള്‍ പരിശോധിക്കാന്‍ ഒരു ടെസ്റ്റിന് 450 രൂപ എന്ന നിരക്കില്‍ സര്‍ക്കാര്‍ കമ്പനിക്ക് കരാര്‍ നല്‍കിയെന്നാണ് വിവരം.
എന്നാല്‍ സ്രവം പരിശോധനക്കെടുത്ത് നാലുദിവസം പിന്നിട്ടിട്ടും ഫലമോ നെഗറ്റീവായവര്‍ക്ക് സര്‍ട്ടിഫിക്കറ്റോ ലഭ്യമാവുന്നില്ലെന്നാണ് പരാതി. ഒരു ദിവസം കൊണ്ട് സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കുമെന്ന് കരുതി ഗര്‍ഭിണികളും സര്‍ജറിക്ക് കാത്തിരിക്കുന്ന രോഗികളുമടക്കം നിരവധി പേരാണ് ഇത്തരം മൊബൈല്‍ ലാബോട്ടറിയിലെത്തി സ്രവം നല്‍കുന്നത്.
വിദേശത്ത് പോകുന്നവര്‍ക്ക് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായതിനാല്‍ പലരും പരിശോധനക്കെത്തുന്നു. എന്നാല്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതില്‍ കാലതാമസം വരുന്നത് രോഗികള്‍ക്കും സമ്പര്‍ക്കത്തിലേര്‍പ്പെടുന്നവര്‍ക്കും ദുരിതമാണ് സമ്മാനിക്കുന്നത്. പോസറ്റീവ് കേസുകളുടെ ഫലം അറിയാന്‍ വൈകുന്നത് രോഗിയുടെ വീട്ടുകാര്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗം പടരാന്‍ ഇടയാക്കുന്നു. ഇതു സംബന്ധിച്ച് പരാതികള്‍ വ്യാപകമായി ഉയര്‍ന്നിട്ടും ബന്ധപ്പെട്ടവര്‍ നടപടിയെടുക്കുന്നില്ലെന്നാണ് ആക്ഷേപം.
Post a Comment
0 Comments