കാസര്‍കോട് (www.evisionnews.co): ഒരു വര്‍ഷത്തിലധികമായി അടച്ച് പൂട്ടിയ ഭെല്‍ ഇ.എം.എല്‍ കമ്പനി തുറന്ന് പ്രവര്‍ത്തിപ്പിക്കാനും രണ്ടര വര്‍ഷത്തിലധി കമായി ശമ്പളമില്ലാതെ പട്ടിണിയിലായ ജീവനക്കാരെ സംരക്ഷിക്കാനും അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് കാസര്‍കോട് ജില്ലാ പഞ്ചായത്ത് യോഗം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടു. മുസ്ലിം ലീഗ് അംഗവും എസ്.ടി.യു നേതാവുമായ ഗോള്‍ഡന്‍ അബ്ദുള്‍ റഹ്മാന്‍ അവതരിപ്പിച്ച പ്രമേയം ഐക്യകണ്‌ഠേന യോഗം അംഗീകരിച്ചു. പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു.
പ്രമേയത്തിന്റെ പൂര്‍ണ്ണരൂപം:
കാസര്‍കോട് ജില്ലയിലെ മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത സംരംഭമായ ഭെല്‍ ഇ.എം.എല്‍ എന്ന വ്യവസായ സ്ഥാപനം അടച്ച് പൂട്ടിയിട്ട് ഒരു വര്‍ഷവും ഒരു മാസവും കഴിഞ്ഞു. അവിടെ ജോലി ചെയ്ത് വന്നിരുന്ന 185 ജീവനക്കാര്‍ക്ക് 29 മാസമായി ശമ്പളമോ മറ്റ് ആനുകൂല്യങ്ങളോ ലഭിക്കുന്നില്ല. കമ്പനിയുടെ ഓഹരി കൈമാറ്റത്തിന് കേന്ദ്ര സര്‍ക്കാര്‍ അന്തിമ അനുമതി നല്‍കാത്തതാണ് പ്രതിസന്ധിക്ക് കാരണം.
ഓഹരി കൈമാറാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടും നടപ്പിലാക്കിയിട്ടില്ല. കമ്പനിയിലെ മുഴുവന്‍ യൂണിയനുകളുടെയും നേതൃത്വത്തില്‍ ജീവനക്കാര്‍ ജീവിക്കാന്‍ വേണ്ടിയുള്ള സമരത്തിലാണ്. ജനുവരി 12 ന് ആരംഭിച്ച സമരം ഇന്ന് 107 ദിവസം പിന്നിടുകയാണ്. 20 കോടി രൂപ മുതല്‍ മുടക്കില്‍ 1990 ല്‍ ആരംഭിച്ച ജില്ലയുടെ അഭിമാനമായിരുന്ന വ്യവസായ സ്ഥാപനം തുരുമ്പെടുത്ത് നശിച്ച് കൊണ്ടിരിക്കയാണ്. സ്ഥാപനത്തെയും ജീവനക്കാരെയും സംരക്ഷിക്കാനും കമ്പനി ഉടന്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കാനും അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോടും, ഭെല്‍ അധികൃതരോടും ഈ യോഗം ആവശ്യപ്പെടുന്നു.
Post a Comment
0 Comments