കേരളം (www.evisionnews.co): മന്ത്രി കെടി ജലീല്‍ രാജിവെച്ചു. ബന്ധുനിയമനത്തില്‍ കെ.ടി ജലീലിന് മന്ത്രിസ്ഥാനത്ത് തുടരാന്‍ യോഗ്യതയില്ലെന്ന ലോകായുക്ത ഉത്തരവിനെതിരേയുള്ള ഹര്‍ജി ഹൈക്കോടതി പരിഗണിക്കുന്നതിനിടെയാണ് ജലീലിന്റെ രാജി. ധാര്‍മ്മികമായ വിഷയങ്ങള്‍ മുന്‍നിര്‍ത്തി രാജിവെയ്ക്കുന്നു എന്നാണ് ജലീല്‍ രാജിക്കത്തില്‍ പറയുന്നത്. ലോകായുക്തയില്‍ നിന്ന് ഇത്തരമൊരു വിധി വന്നതിനാല്‍ രാജിവെയ്ക്കുന്നുവെന്നും രാജിക്കത്തില്‍ പറയുന്നു.
ന്യൂനപക്ഷ കോര്‍പ്പറേഷന്റെ ജനറല്‍ മാനേജര്‍ തസ്തികയിലേക്ക് ജലീലിന്റെ ബന്ധു അദീബിനെ നിയമിച്ചതുമായി ബന്ധപ്പെട്ട് സ്വജനപക്ഷപാതം കാണിച്ച മന്ത്രി സത്യപ്രതിജ്ഞാലംഘനം നടത്തിയെന്നും, മന്ത്രിസ്ഥാനത്ത് തുടരാന്‍ അര്‍ഹനല്ലെന്നുമായിരുന്നു ലോകായുക്താ ഡിവിഷന്‍ ബെഞ്ച് വിധിച്ചത്.
ബന്ധുനിയമനത്തില്‍ ജലീലിന്റേത് അധികാര ദുര്‍വിനിയോഗമാണെന്ന് ലോകായുക്ത നിരീക്ഷിച്ചു. ബന്ധുവായ അദീബിനെ ന്യൂനപക്ഷ കോര്‍പ്പറേഷന്‍ ജനറല്‍ മാനേജര്‍ ആക്കിയത് ചട്ടം ലംഘിച്ചാണെന്നും വിധിയില്‍ പറയുന്നു. ജലീലിനെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്നും മുഖ്യമന്ത്രിയോട് ലോകായുക്താ കോടതി വിധിയില്‍ ആവശ്യപ്പെടുന്നുണ്ട്.
Post a Comment
0 Comments