കാഞ്ഞങ്ങാട് (www.evisionnews.co): നിര്‍മാണത്തിലിരിക്കുന്ന വീടിന്റെ തറ പൊളിച്ചുനീക്കി ഡിവൈഎഫ്‌ഐ കൊടിനാട്ടി. അജാനൂര്‍ ഗ്രാമപഞ്ചായത്തിലെ ഇട്ടമ്മല്‍ ചാലിയം നായില്‍ പ്രദേശത്താണ് സംഭവം. സിപിഎം. ഭരിക്കുന്ന പഞ്ചായത്തിന്റെ അനുമതിയോടെയാണ് വീട് പണി തുടങ്ങിയത്. മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ അഷറഫ് കൊളവയലിന്റെ സഹോദരന്‍ വിഎം റാസിഖാണ് വീട് പണിയുന്നത്. ഇദ്ദേഹത്തിന് ഇവിടെ 10 സെന്റ് സ്ഥലമാണുള്ളത്. ഫെബ്രുവരി അഞ്ചിനാണ് വീട് നിര്‍മിക്കാന്‍ അജാനൂര്‍ പഞ്ചായത്ത് അനുമതി നല്‍കിയത്.
ഏപ്രില്‍ എട്ടിനാണ് നിര്‍മാണം തുടങ്ങിയത്. പതിയെടുത്ത് രണ്ടുവരി ഉയരത്തില്‍ ചെങ്കല്‍ത്തറ കെട്ടുകയും തൊട്ടടുത്ത് ഷെഡ്ഡ് നിര്‍മിക്കുകയും ചെയ്തു. കഴിഞ്ഞദിവസം വൈകുന്നേരം ഒരുസംഘമെത്തി കല്ലുകള്‍ നീക്കം ചെയ്തതായി സമീപവാസികള്‍ പറഞ്ഞു. തറയുടെ കിഴക്കുഭാഗത്തും തെക്കുഭാഗത്തും സിമന്റിട്ട് കെട്ടിയ കല്ലുകള്‍ ഇളക്കിയെടുത്ത് മറിച്ചിട്ട നിലയിലാണ്. ഷെഡ്ഡിന്റെ ഏഴുവരി കല്ലുകളും പൊളിച്ചു. ഉരുളന്‍കല്ലുകള്‍ നിരത്തി ഈ സ്ഥലത്തേക്കുള്ള വഴിയും തടസപ്പെടുത്തി. കാഞ്ഞങ്ങാട്ട് പഴം വ്യാപാരിയാണ് റാസിഖ്. തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് പണം നല്‍കാന്‍ വൈകിയെന്ന് ആരോപിച്ച് ഡിവൈഎഫ്‌ഐ അതിക്രമത്തിനെതിരെ പ്രതിഷേധം വ്യാപകമായിട്ടുണ്ട്. ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തു.
Post a Comment
0 Comments