Type Here to Get Search Results !

Bottom Ad

തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിച്ചു: ജില്ലാ കലക്ടര്‍ക്കെതിരെ ഗുരുതര ആരോപണവുമായി എ. അബ്ദുല്‍ റഹ്‌മാന്‍


കാസര്‍കോട് (www.evisionnews.co): നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനെ പരാജയപ്പെടുത്താനും തെരഞ്ഞെടുപ്പ് അട്ടിമറിക്കാനും ജില്ലാ കലക്ടര്‍ ശ്രമിച്ചതായി മുസ്്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്‌മാന്‍ ആരോപിച്ചു. യുഡിഎഫ് കേന്ദ്രങ്ങളിലെ ബൂത്തുകളെ മാത്രം ഉന്നം വെച്ച് അനാവശ്യമായി ബൂത്തുകളില്‍ കയറിയിറങ്ങി ഭീകാന്തരീക്ഷം സൃഷ്ടിച്ച കലക്ടര്‍ എല്‍ഡിഎഫ് - ബിജെപി കേന്ദ്രങ്ങളിലെ ബൂത്തുകളില്‍ സ്ഥാപിച്ച സി സി ടി.വി.ക്യാമറകള്‍ പ്രവര്‍ത്തിപ്പിക്കാതിരിക്കുകയും ചെയ്തു.

ജില്ലയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥികളെ സഹായിക്കുന്നതിന് വേണ്ടിയാണ് കലക്ടര്‍ തന്റെ ഔദ്യോഗിക പദവി ദുര്‍വിനിയോഗം ചെയ്തത്. വൈകീട്ട് ഏഴുമണി വരെ പോളിംഗിന് അവസരമുണ്ടായിട്ടും യുഡിഎഫ് കേന്ദ്രങ്ങളിലെ ബൂത്തുകളില്‍ കലക്ടറുടെ നിര്‍ദ്ദേശപ്രകാരം ആറ് മണിക്ക് തന്നെ പോളിംഗ് നിര്‍ത്തിവെച്ചതായി പരാതി ഉയര്‍ന്നിട്ടുണ്ട്. എല്‍ഡിഎഫിന്റെ തുടര്‍ ഭരണം വ്യക്തിപരമായി കലക്ടര്‍ക്ക് അത്യാവശ്യമാണ്.

സ്വകാര്യതാല്‍പര്യങ്ങള്‍ക്ക് വേണ്ടിയാണ് കലക്ടര്‍സി.പി.എമ്മിന് ദാസ്യവേല ചെയ്യുന്നത്. കഴിഞ്ഞ ലോകസഭ- മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുകളിലും കലക്ടര്‍ നടത്തിയ രാഷ്ടിയപ്രേരിത പ്രവര്‍ത്തനങ്ങള്‍ വിവാദമാകുകയും തെരഞ്ഞെടുപ്പ് കമ്മീഷണന്റെ അന്വേഷണ പരിധിയിലുമാണ്. ലോകാവസാനം വരെ പിണറായി സര്‍ക്കാര്‍ ഉണ്ടാവുമെന്ന് സ്വപ്നം കാണുന്ന ജില്ലാ കലക്ടര്‍ സ്വപ്ന ലോകത്തെ ബാലഭാസ്‌കറാണെന്നും അബ്ദുള്‍ റഹ്‌മാന്‍ പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad