കാസര്‍കോട് (www.evisionnews.co): കിനാനൂര്‍- കരിന്തളം പഞ്ചായത്തിലെ ഒന്ന്, 17 വാര്‍ഡുകളും രണ്ടാം വാര്‍ഡിലെ ചോയങ്കോട് പ്രദേശവും ഏപ്രില്‍ 30ന് രാത്രി ഒമ്പതു മണി മുതല്‍ മെയ് ഒമ്പതു വരെ അടച്ചിട്ട് സമ്പൂര്‍ണ ലോക്ഡൗണ്‍ നടപ്പിലാക്കാന്‍ ജില്ലാ കലക്ടറുടെ നിര്‍ദേശ പ്രകാരം തീരുമാനിച്ചു. 30ല്‍ കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത വാര്‍ഡുകളാണിവ. 20ല്‍ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത 2, 5, 10, 13 വാര്‍ഡുകളില്‍ കര്‍ശന നിയന്ത്രണമേര്‍പ്പെടുത്താനും തീരുമാനിച്ചു.
ഒന്ന്, 17 വാര്‍ഡുകളിലെ ജനങ്ങള്‍ വീടുകളില്‍ തന്നെ കഴിയണം. ഈ വാര്‍ഡുകളിലെയും ചോയങ്കോട് പ്രദേശത്തെ മുഴുവന്‍ കടകമ്പോളങ്ങളും സ്ഥാപനങ്ങളും രാവിലെ ഏഴു മണി മുതല്‍ 11 മണി വരെ മാത്രമേ പ്രവര്‍ത്തിക്കാവൂ. പത്രം, പാല്‍, മെഡിക്കല്‍ ഷാപ്പ് എന്നിവയെ നിയന്ത്രണത്തില്‍ നിന്നും ഒഴിവാക്കി. പ്രദേശത്ത് കൂടി കടന്നുപോകുന്ന പിഡബ്ല്യുഡി, ജില്ലാ പഞ്ചായത്ത് റോഡുകള്‍ ഒഴികെ മറ്റെല്ലാ ചെറുറോഡുകളും അടച്ചിടാനും ഗതാഗതം നിരോധിക്കാനും തീരുമാനിച്ചു.
വാര്‍ഡിലെ ജനങ്ങള്‍ വാര്‍ഡിന് പുറത്തേക്കും പുറത്തുളളവര്‍ വാര്‍ഡിലേക്കും പ്രവേശിക്കരുത്. മുഴുവന്‍ ജനങ്ങളും ജനപ്രതിനിധികള്‍, പോലീസ്, ആരോഗ്യ പ്രവര്‍ത്തകര്‍, മാഷ് നോഡല്‍ ആഫീസര്‍മാര്‍, ആശാ വര്‍ക്കര്‍മാര്‍, സന്നദ്ധ വളണ്ടിയര്‍മാര്‍ എന്നിവരുടെ നിര്‍ദേശങ്ങളുമായി പൂര്‍ണമായും സഹകരിക്കണം. പഞ്ചായത്ത് കുടുംബശ്രീ ഹാളില്‍ നടന്ന ജാഗ്രതാ സമിതി യോഗത്തില്‍ പ്രസിഡന്റ് ടികെ രവി അധ്യക്ഷത വഹിച്ചു. സെക്ടറല്‍ മജിസ്ട്രേറ്റ് വിടി തോമസ്, മെഡിക്കല്‍ ഓഫീസര്‍ ഡോ. ജിഷ, പോലീസ് സബ് ഇന്‍സ്പെക്ടര്‍ പി.കെ. സുമേഷ്, സെക്രട്ടറി എന്‍. മനോജ് പ്രസംഗിച്ചു.
Post a Comment
0 Comments