Type Here to Get Search Results !

Bottom Ad

നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി വിവി പ്രകാശ് അന്തരിച്ചു: വിടപറഞ്ഞത് ഫലം കാത്തുനില്‍ക്കാതെ


കേരളം (www): മലപ്പുറം ഡി.സി.സി പ്രസിഡന്റും നിലമ്പൂര്‍ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയുമായ വി.വി പ്രകാശ് (56) ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. ഹൃദയാഘാതം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മഞ്ചേരിയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇന്ന് പുലര്‍ച്ചെ അഞ്ചിനായിരുന്നു അന്ത്യം

മലപ്പുറം ഡിസിസി ഓഫീസില്‍ എട്ടുമണിവരെ മൃതദേഹം പൊതുദര്‍ശനത്തിന് വെയ്ക്കും. തുടര്‍ന്ന് എടകരയിലെ വീട്ടിലേക്ക് കൊണ്ടുപോവും. വൈകിട്ട് മൂന്ന് മണിക്കായിരിക്കും സംസ്‌ക്കാരം. മലപ്പുറം ഡി.സി.സി പ്രസിഡന്റായിരുന്നു വി.വി പ്രകാശ് കെ.പി.സി.സി സെക്രട്ടറി, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി, സംസ്ഥാന ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി അംഗം തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.

എടക്കര ഗവ. ഹൈസ്‌കൂളിനു സമീപം പരേതരായ വലിയവീട്ടില്‍ കൃഷ്ണന്‍ നായരുടെയും സരോജിനി അമ്മയുടെയും മകനാണ് പ്രകാശ്. കോഴിക്കോട് ഗവ. ലോ കോളജില്‍നിന്നു നിയമ ബിരുദം നേടിയിട്ടുണ്ട്. കുട്ടിക്കാലം മുതല്‍ കോണ്‍ഗ്രസ് പ്രസ്ഥാനത്തില്‍ സജീവമായിരുന്ന പ്രകാശ് കെഎസ്യുവിലെ പ്രവര്‍ത്തന മികവിലൂടെ ശ്രദ്ധേയനായി. കെഎസ്യു ഏറനാട് താലൂക്ക് പ്രസിഡന്റ്, ജില്ലാ സെക്രട്ടറി തുടങ്ങിയ പദവികളും വഹിച്ചു.

കാലിക്കറ്റ് സര്‍വകലാശാലാ സെനറ്റ് അംഗം, ഫിലിം സെന്‍സര്‍ ബോര്‍ഡ് അംഗം, എടക്കര പഞ്ചായത്ത് അംഗം, ഈസ്റ്റ് ഏറനാട് സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ്, എടക്കര സഹകരണ ആശുപത്രി പ്രസിഡന്റ് തുടങ്ങിയ പദവികളും വഹിച്ചിട്ടുണ്ട്. 2011ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തവനൂര്‍ മണ്ഡലത്തില്‍ മത്സരിച്ചിരുന്നു. എടക്കര ഈസ്റ്റ് ഏറനാട് സര്‍വീസ് സഹകരണ ബാങ്ക് ജീവനക്കാരിയായ സ്മിതയാണു ഭാര്യ. നന്ദന പ്രകാശ്, നിള പ്രകാശ് എന്നിവര്‍ മക്കളാണ്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad