മംഗളൂരു (www.evisionnews.co): കോവിഡ് വ്യാപനം രൂക്ഷമായതോടെ സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ കര്‍ശനമായ വാരാന്ത്യ കര്‍ഫ്യൂവിനെ തുടര്‍ന്ന് മംഗളൂരുവിലെയും ഉഡുപ്പിയിലെയും ജനജീവിതം സ്തംഭിച്ചു. മംഗളൂരു നഗരത്തില്‍ കുറച്ച് ഹോട്ടലുകളും അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകളും രാവിലെ 10വരെ തുറന്നിരുന്നു. മത്സ്യം വാങ്ങുന്നതിനായി നിരവധി പേര്‍ അതിരാവിലെ കുദ്രോളിയിലെ മത്സ്യ മാര്‍ക്കറ്റില്‍ എത്തിയിരുന്നു. മത്സ്യമാര്‍ക്കറ്റില്‍ എത്തുന്നവരുടെ എണ്ണം വളരെ കുറവാണ്.
മാര്‍ക്കറ്റിലെ കച്ചവടവും ഗതാഗതവും പോലും രാവിലെ പത്തിന്് ശേഷം നിര്‍ത്തിവെച്ചു. ആളുകള്‍ വീടുകളില്‍ നിന്ന് അനാവശ്യമായി പുറത്തുവരുന്നത് തടയാന്‍ എല്ലാ ഭാഗങ്ങളിലും പൊലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്. ക്ലോക്ക് ടവറിനും ലേഡി ഗോഷെന്‍ ഹോസ്പിറ്റലിനും സമീപം വാഹന പരിശോധന കര്‍ശനമാക്കി. അത്യാവശ്യകാര്യങ്ങള്‍ക്കല്ലാതെ വന്നവരെ വീടുകളിലേക്ക് തിരിച്ചയച്ചു. മംഗളൂരു കമ്മീഷണറേറ്റിന്റെ പരിധിയില്‍ ആളുകള്‍ അനാവശ്യമായി കറങ്ങുന്നത് തടയാന്‍ 45 ചെക്ക് പോസ്റ്റുകള്‍ വിന്യസിച്ചിട്ടുണ്ട്. ഓരോ ചെക്ക് പോസ്റ്റിലും അഞ്ചു മുതല്‍ ആറു വരെ പൊലീസുകാരെ വിന്യസിച്ചു. പൊലീസ് രണ്ട് ഷിഫ്റ്റുകളിലായാണ് പ്രവര്‍ത്തിക്കുന്നത്. മൊത്തം 800 ഓളം പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്.
മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങിയതിന് 1,400 കേസുകളും പകര്‍ച്ചവ്യാധി നിയമപ്രകാരം 80 കേസുകളും കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ പൊലീസ് രജിസ്റ്റര്‍ ചെയ്തു. 35 മൊബൈല്‍ സ്‌ക്വാഡുകളും പരിശോധനക്കിറങ്ങിയിട്ടുണ്ട്. ഏപ്രില്‍ 23 മുതല്‍ മെയ് നാലുവരെയാണ് മംഗളൂരു കമ്മീഷണറേറ്റ് പരിധിയില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചത്.