Type Here to Get Search Results !

Bottom Ad

തീരുമാനങ്ങള്‍ തലതിരിഞ്ഞ്: ഐഎഎസ് എഴുതിയെടുത്ത ഒരു ഭരണാധികാരിയുടെ കുറവ് കാസര്‍കോട് ജില്ലക്കുണ്ട്: യൂത്ത് ലീഗ് നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ് ചര്‍ച്ചയാവുന്നു


കാസര്‍കോട് (www.evisionnews.co): കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ജില്ലാ ദുരന്തനിവാരണ സമിതി ചെയര്‍മാന്‍ എന്ന നിലയില്‍ ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ച നിയന്ത്രണങ്ങള്‍ക്കും തീരുമാനമങ്ങള്‍ക്കുമെതിരെ യൂത്ത് ലീഗ് നേതാവിന്റെ ഫേസ് ബുക്ക് പോസ്റ്റ് ചര്‍ച്ചയാവുന്നു. കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കേറ്റോ കോവിഡ് വാക്‌സിനേഷന്‍ രണ്ടു ഡോസെടുത്ത സര്‍ട്ടിഫിക്കേറ്റോ ഇല്ലാതെ കാസര്‍കോട്, കാഞ്ഞങ്ങാട് അടക്കമുള്ള ജില്ലയിലെ പ്രധാന വ്യാപാരകേന്ദ്രങ്ങളില്‍ പ്രവേശിപ്പിക്കില്ലെന്നാണ് ജില്ലാ കലക്രടര്‍ ഉത്തരവിട്ടത്.

പോസിറ്റിന്റെ പൂര്‍ണരൂപം:

കോവിഡ് കാലത്ത് കാസര്‍കോട് ജില്ലാ ഭരണകൂടം എടുക്കുന്ന പല തീരുമാനങ്ങളും തലതിരിഞ്ഞതാണെന്ന് പറയാതിരിക്കാന്‍ കഴിയില്ല. കോവിഡിന്റെ രണ്ടാം ഘട്ടത്തില്‍ വലിയ ആശങ്കയുണ്ടാക്കി രോഗികളുടെ എണ്ണം കൂടിവരുന്നുണ്ട്. അതിനെ പ്രതിരോധിക്കാന്‍ എല്ലാ വിഭാഗം ജനങ്ങളും ഒറ്റക്കെട്ടായി അണിനിരക്കേണ്ടതുമാണ്. കഴിഞ്ഞ കാലങ്ങളില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് മറ്റുജില്ലകളെ അപേക്ഷിച്ച് കാസര്‍കോട്ട് ജനങ്ങള്‍ വലിയ സഹകരണമാണ് നല്‍കിയിട്ടുള്ളത്

ഡി. സജിത് ബാബുവിന്റെ കീഴിലുള്ള ജില്ലാ ഭരണകൂടം കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഇന്നലെ എടുത്ത തീരുമാനങ്ങളിലൊന്ന് ജില്ലയിലെ പ്രധാന വ്യാപാരകേന്ദ്രങ്ങളായ കാസര്‍കോട്,കാഞ്ഞങ്ങാട്, നീലേശ്വരം,ചെറുവത്തൂര്‍,ഉപ്പള,കുമ്പള എന്നീ ടൗണുകളിലേക്ക് പ്രവേശിക്കണമെങ്കില്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി എന്നതാണ്.

എന്തൊരു മണ്ടന്‍ തീരുമാനമാണിത്. ജില്ലയിലെ ഭൂരിഭാഗം ആശുപത്രികളും സര്‍ക്കാര്‍ ഓഫീസുകളും മറ്റുപ്രധാന കേന്ദങ്ങളെല്ലാം സ്ഥിതി ചെയ്യുന്നത് ഈടൗണുകളിലാണ്. കോവിഡ് പരിശോധന നടത്തണമെങ്കിലും നമുക്ക് ആശ്രയിക്കാനുള്ളതും ഇവിടങ്ങള്‍ മാത്രമാണ് ആര്‍ക്കെങ്കിലും ട്രെയിന്‍ കയറി യാത്രചെയ്യണമെങ്കിലും ഇത് വഴി തന്നെ പോകണം.

അതിര്‍ത്തി അടച്ചതിനും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബദ്ധമാക്കിയതിനുമെതിരെ കഴിഞ്ഞ മാസമാണ് നമ്മള്‍ തലപ്പാടിയില്‍ കര്‍ണ്ണാടക സര്‍ക്കാരിനെതിരെ സമരം ചെയ്തത്. അന്ന് പ്രതികരിച്ച സര്‍ക്കാര്‍ പ്രതിനിധികളും മറ്റും ഇപ്പോള്‍ മൗനം കൈവെടിയാന്‍ തയ്യാറാവണം. കാസര്‍കോട് ജില്ലാ ഭരണകൂടത്തിത്തിന്റെ ഈതീരുമാനം അറിഞ്ഞ് ദക്ഷിണ കന്നഡ ജില്ലാ ഭരണകൂടത്തിലെ ഉദ്യോഗസ്ഥര്‍ ഇപ്പോള്‍ ചിരിക്കുന്നുണ്ടാവും.

നമ്മുടെ കലക്ടര്‍ ഏമാന്‍ അങ്ങനെയാണ് എല്ലാറ്റില്‍ നിന്നും വ്യത്യസ്തനാവാന്‍ ശ്രമിക്കുകയാണ് അങ്ങനെയാണ് കോവിഡിന്റെ ആദ്യഘട്ടത്തില്‍ ലാത്തിയെടുത്ത് റോഡിലിറങ്ങിയതും ഇപ്പോള്‍ റോഡില്‍ ബാരിക്കേട് കെട്ടി യാത്രാ സ്വാതന്ത്രത്തെ തടഞ്ഞ് നിര്‍ത്തുന്നതും.

ഏതായാലും ഐ.എ.എസ് എഴുതിയെടുത്ത ഒരു ഭരണാധികാരിയുടെ കുറവ് കാസര്‍കോട് ജില്ലക്ക് ഉണ്ടെന്ന് പറയാതിരിക്കാന്‍ കഴിയില്ല. ജില്ലയിലെ ജനങ്ങളെ രണ്ട് തരം വിഭാഗങ്ങളായി വേര്‍തിരിക്കാതെ കോവിഡിനെ പ്രതിരോധിക്കാനുള്ള മാര്‍ഗ്ഗങ്ങളാണ് ജില്ലാ ഭരണകൂടം കൈകൊള്ളേണ്ടത് അതിന് എല്ലാവിധ സഹകരണങ്ങളും ജില്ലയിലെ ജനങ്ങള്‍ നല്‍കും.

Post a Comment

0 Comments

Top Post Ad

Below Post Ad