ഉദുമ (കാസര്‍കോട്): കോട്ടിക്കുളത്തെ കടവരാന്തയില്‍ കര്‍ണാടക സ്വദേശിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതിയെ ബേക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തു. കര്‍ണാടക നാഗൂര്‍ ബഗല്‍കോട്ട് സ്വദേശിയായ ഉമേശഗൗഡ സരസപ്പൂര്‍ (37) ആണ് അറസ്റ്റിലായത്. കൊല്ലപ്പെട്ടയാള്‍ കര്‍ണാടക സ്വദേശിയാണെങ്കിലും ഇയാളുടെ പേരും മേല്‍വിലാസവും ഇതുവരെ ലഭിച്ചിട്ടില്ല. പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ ഇയാളുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് വിധേയമാക്കിയതോടെ കൊലപാതകമാണെന്ന് സ്ഥിരീകരിച്ചു.
പാലക്കുന്നിലും പരിസരങ്ങളിലും ചില്ലറ ജോലികള്‍ ചെയ്ത് റെയില്‍വെ പ്ലാറ്റ് ഫോമിലും ബസ് കാത്തിരിപ്പു കേന്ദ്രത്തിലുമായി അന്തിയുറങ്ങിയിരുന്ന കര്‍ണാടക സ്വദേശിയെയാണ് വിഷുദിനം രാത്രി കോട്ടിക്കുളത്തെ കടവരാന്തയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടത്. ഉമേശഗൗഡയും കൊല്ലപ്പെട്ട വ്യക്തിയും തമ്മില്‍ കണ്ടുപരിചയമുണ്ട്. എന്നാല്‍ കര്‍ണാടക സ്വദേശിയാണെന്നല്ലാതെ പേരും വിലാസവും എന്താണെന്ന് ഉമേശ ഗൗഡക്കും അറിയില്ലായിരുന്നു. വിഷുദിവസം രാത്രി രണ്ടുപേരും കാസര്‍കോട്ടു നിന്ന് കോട്ടിക്കുളത്തിറങ്ങി ഉമേശ രാത്രി തങ്ങുന്ന കടവരാന്തയിലെത്തി. തുടര്‍ന്ന് ഒരുമിച്ച് മദ്യപിക്കുകയും ചെയ്തു.
ഇതിനിടെ മദ്യത്തിന് മുടക്കിയ തുക പങ്കുവെക്കുന്നതിനെ ചൊല്ലി ഇവര്‍ തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. പ്രകോപിതനായ ഉമേശ അടിച്ചും ശ്വാസം മുട്ടിച്ചും കൊലപ്പെടുത്തിയെന്നാണ് പൊലീസ് ചോദ്യം ചെയ്തപ്പോള്‍ പ്രതി വെളിപ്പെടുത്തിയത്.
Post a Comment
0 Comments