മംഗളൂരു (www.evisionnews.co): ഉള്ളാള്‍ കെസി റോഡില്‍ പബ്ജി കളിയെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ 13കാരന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിയായ കൗമാരക്കാരനെ രക്ഷിക്കാന്‍ ശ്രമിച്ചതിന് പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഉള്ളാള്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ സന്തോഷ് (45) ആണ് അറസ്റ്റിലായത്. കെസി റോഡ് കോട്ടെക്കാറിലെ മുഹമ്മദ് ഹനീഫിന്റെ മകന്‍ അകീഫിനെ കൊല്ലപ്പെട്ട നിലയില്‍ ഞായറാഴ്ച രാവിലെ ആറ് മണിയോടെയാണ് കണ്ടെത്തിയത്.
വീട്ടില്‍ നിന്ന് മൂന്ന് കിമീ അകലെ കെ സി നഗറിലെ ഫലാഹ് സ്‌കൂളിന്റെ പിറകില്‍ നിന്നാണ് മൃതദേഹം ലഭിച്ചത്. വലിയ കല്ല് കൊണ്ട് തല ഇടിച്ച നിലയിലായിരുന്നു മൃതദേഹം. പബ്ജി ഗെയിമുമായി ബന്ധപ്പെട്ട് ഉണ്ടായ തര്‍ക്കങ്ങളാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് അറിയിച്ചിരുന്നു. സംഭവുമായി ബന്ധപ്പെട്ട് പ്രായപൂര്‍ത്തിയാകാത്ത കൗമാരക്കാരനെ പൊലീസ് അന്ന് തന്നെ അറസ്റ്റ് ചെയ്തു.
സംഭവം നടന്ന ശേഷം വീട്ടിലെത്തിയ പ്രതി പിതാവിനോട് കൊലപാതകത്തെ കുറിച്ച് അറിയിച്ചിരുന്നതായി പൊലീസ് പറഞ്ഞു. എന്നാല്‍ പിതാവ് കൊലപാതക വിവരം പൊലീസില്‍ നിന്ന് മറച്ചുവെച്ചു, മകനെ ഒളിപ്പിക്കാന്‍ ശ്രമിച്ചു എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് സന്തോഷിനെ അറസ്റ്റ് ചെയ്തത്. പ്രായപൂര്‍ത്തിയാകാത്തതിനാല്‍ കൗമാരക്കാരനെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്നില്‍ ഹാജരാക്കി ജുവൈനല്‍ ഹോമിലേക്ക് അയച്ചു.
Post a Comment
0 Comments