കാസര്‍കോട് (www.evisionnews.co): വാളയാര്‍ പിഡനക്കേസില്‍ മക്കള്‍ക്ക് നീതി ആവശ്യപ്പെട്ട് വാളയാര്‍ അമ്മ നയിക്കുന്ന നീതിയാത്ര മാര്‍ച്ച് ഒമ്പത് മുതല്‍ ആരംഭിക്കും. കാസര്‍കോട്ടെ ഒപ്പുമരചുവട്ടില്‍ നിന്നും പ്രയാണമാരംഭിക്കുന്ന യാത്ര ഏപ്രില്‍ നാലിന് പാറശാലയില്‍ സമാപിക്കും. രാവിലെ പത്തിന് പുതിയ ബസ്റ്റാന്റ് ഒപ്പുമരച്ചുവട്ടില്‍ എന്‍എ നെല്ലിക്കുന്ന് എംഎല്‍എ യാത്ര ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂരിലെ സ്വീകരണത്തിന് ശേഷം കണ്ണൂര്‍ ജില്ലയിലേക്ക് പ്രവേശിക്കും.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷയില്ലെങ്കില്‍ എന്തിനാണ് ഭരണം, എന്തിനാണ് തെരഞ്ഞെടുപ്പ് എന്നീ ചോദ്യങ്ങള്‍ ഉയര്‍ത്തിയാണ് വാളയാര്‍ അമ്മ യാത്ര നടത്തുന്നതെന്ന് വാളയാര്‍ നീതി സമരസമിതി ഭാരവാഹികള്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. 2017 ജനുവരി 13നും മാര്‍ച്ച് നാലിനുമായി വാളയാര്‍ അട്ടപ്പള്ളത്തെ ദലിത് കുടുംബത്തിലെ പതിമൂന്നും ഒമ്പതും വയസായ പെണ്‍കുട്ടികള്‍ അതിഭീകരമായി പീഡിപ്പിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്ത കേസില്‍ എല്ലാ പ്രതികളെയും കുറ്റവിമുക്തരാക്കി പാലക്കാട് പോക്സോ കോടതി 2019 ഒക്ടോബറില്‍ നല്‍കിയ വിധി കേരളത്തെ ഞെട്ടിപ്പിച്ചതാണ്. കേസ് രാഷ്ട്രീയ സമര്‍ദത്തിന്റെ മറപിടിച്ച് അതിസമര്‍ത്ഥമായി അട്ടിമറിക്കപ്പെടുകയായിരുന്നു.
വാളയാര്‍ കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കണെന്നാവശ്യപ്പെട്ടും മക്കള്‍ക്ക് നീതി ആവശ്യപ്പെട്ടും പാലക്കാട് അനിശ്ചിതകാല സമരവും ഐക്യദാര്‍ഢ്യ നിരാഹാര സമരവും തുടരുകയാണ്. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പ് നടപടിയില്ലെങ്കില്‍ ഏപ്രില്‍ ഏഴിന് രാവിലെ പതിനൊന്ന് മണിക്ക് പാലക്കാട്ടെ സമരപന്തലിന് മുന്നില്‍ അമ്മ തലമുണ്ഡനം ചെയ്ത് ജനങ്ങളിലേക്ക് ഇറങ്ങുമെന്നും സമരസമിതി ചെയര്‍മാന്‍ വിളയോടി വേണുഗോപാല്‍, കണ്‍വീനര്‍ വിഎം മാര്‍സല്‍, രക്ഷാധികാരി സിആര്‍ നിലകണ്ഠന്‍ പറഞ്ഞു.
Post a Comment
0 Comments