Type Here to Get Search Results !

Bottom Ad

ഉദുമയില്‍ കുഞ്ഞമ്പു: എം രാജഗോപാലന്‍ തൃക്കരിപ്പൂരില്‍: ഒത്തുതീര്‍പ്പാവാതെ മഞ്ചേശ്വരം


കാസര്‍കോട് (www.evisionnews.co): സജീവ ചര്‍ച്ചക്കൊടുവില്‍ നിയമസഭ തെരഞ്ഞെടുപ്പിനുള്ള സിപിഐഎം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. 2016ല്‍ 92 സീറ്റുകളില്‍ മല്‍സരിച്ച സി.പി.ഐ.എം ഇത്തവണ സ്വതന്ത്രരുള്‍പ്പടെ 85 സീറ്റുകളിലാണ് മല്‍സരിക്കുന്നത്. ഇതില്‍ 83 സ്ഥാനാര്‍ത്ഥികളുടെ ലിസ്റ്റാണ് പ്രഖ്യാപിച്ചത്. ഇതില്‍ 74 പാര്‍ട്ടി സ്ഥാനാര്‍ത്ഥികളും 9 പാര്‍ട്ടി സ്വതന്ത്രരുമാണുള്ളത്.

സിപിഎമ്മിന്റെ സിറ്റിംഗ് സീറ്റുകളായ തൃക്കരിപ്പൂരിലും ഉദുമയിലും വലിയ വിവാദങ്ങള്‍ക്കും വിഭാഗീയ ചര്‍ച്ചകള്‍ക്കുമൊടുവില്‍ ഉദുമയില്‍ കുഞ്ഞമ്പുവിനെയും തൃക്കരിപ്പൂരില്‍ എം രാജഗോപാലനെയും സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ചു. ജില്ലാ സെക്രട്ടറിയെറ്റിന്റെയും ഏരിയ കമ്മിറ്റികളുടെയും എതിര്‍പ്പ് മറികടന്നാണ് സ്ഥാനാര്‍ഥി പ്രഖ്യാപനം. 

ഉദുമയില്‍ മഞ്ചേശ്വരം മുന്‍ എംഎല്‍എ സിഎച്ച് കുഞ്ഞമ്പു, മഹിള അസോസിയേഷന്‍ നേതാവ് ഇ പത്മാവതി എന്നിവരുടെ പേരുകളാണ് സജീവമായി ഉയരുന്നത്. നേരത്തെ മുന്‍ എംഎല്‍എമാരായ കെ കുഞ്ഞിരാമന്‍, കെവി കുഞ്ഞിരാമന്‍, ഡിവൈഎഫ്‌ഐ നേതാവ് ഇ മണികണ്ഠന്‍ എന്നിവരുടെ പേരുകള്‍ ഉയര്‍ന്നിരുന്നു. ലോക്‌സഭ തെരഞ്ഞെടുപ്പിലെ യുഡിഎഫിന്റെ മുന്നേറ്റം കണക്കിലെടുത്ത് സിഎച്ച് കുഞ്ഞമ്പുവിനെയാണ് സംസ്ഥാന നേതൃത്വം നിര്‍ദേശിച്ചത്. എന്നാല്‍ മഹിളാ നേതാവ് ഇ പത്മാവതിയെ നിര്‍ത്തണമെന്ന വാദം ജില്ലാ ഏരിയ കമ്മിറ്റികളിലെ പ്രബല വിഭാഗം കമ്മിറ്റിയില്‍ ശക്തമായി ഉയര്‍ന്നിരുന്നു.

സിറ്റിംഗ് എംഎല്‍എ എം രാജഗോപാലനെ രണ്ടാമതും മത്സരിപ്പിക്കാന്‍ സംസ്ഥാന സമിതി തീരുമാനിച്ചതോടെയാണ് തൃക്കരിപ്പൂരില്‍ കലഹത്തിന് തിരികൊളുത്തിയത്. പാര്‍ട്ടി ജില്ലാ സെക്രട്ടറി എംവി ബാലകൃഷ്ണന്റെ പേര് മാത്രമാണ് തൃക്കരിപ്പൂരില്‍ നിന്ന് ജില്ലാ സെക്രട്ടറിയേറ്റ് സംസ്ഥാന കമ്മിറ്റിക്ക് കൈമാറിയത്. എന്നാല്‍ നിലവിലെ എംഎല്‍എക്ക് ഒരു തവണ കൂടി അവസരം നല്‍കമെന്നതിന്റെ അടിസ്ഥാനത്തില്‍ എം രാജഗോപാലനെ സ്ഥാനാര്‍ഥിയാക്കാന്‍ സംസ്ഥാന കമ്മിറ്റി നിര്‍ദേശിക്കുകയായിരുന്നു.

ഇത് രണ്ടാംതവണയാണ് ജില്ലാ സെക്രട്ടറിയേറ്റ് തീരുമാനത്തെ കടത്തിവെട്ടി എംവി ബാലകൃഷ്ണന്‍ തഴയപ്പെടുന്നത്. 2016ല്‍ തൃക്കരിപ്പൂരില്‍ നിന്ന് എംവി ബാലകൃഷ്ണന്‍, എം രാജഗോപാലന്‍ എന്നിവരുടെ പേരുകളാണ് ജില്ലാ നേതൃത്വം സംസ്ഥാനത്തേക്ക് കൈമാറിയത്. എന്നാല്‍ അവസാന നിമിഷം എംവി ബാലകൃഷ്ണന്റെ പേര് തള്ളിപ്പോവുകയായിരുന്നു. മുതിര്‍ന്ന നേതാവെന്ന നിലയില്‍ ഇക്കുറി സീറ്റ് നല്‍കണമെന്ന ജില്ലാ സെക്രട്ടറിയേറ്റിന്റെ പൊതുവികാരം മാനിച്ച് എംവിയുടെ പേര് മാത്രമാണ് മണ്ഡലത്തില്‍ നിന്നും സംസ്ഥാനത്തേക്ക് അയച്ചത്.

മഞ്ചേശ്വരത്ത് വിപിപി മുസ്തഫ, മുന്‍ ഉദുമ എംഎല്‍എ കെവി കുഞ്ഞിരാമന്‍ എന്നിവരുടെ പേരുകള്‍ നേരത്തെ ഉയര്‍ന്നിരുന്നു. എന്നാല്‍ ഇവരെയെല്ലാം തഴഞ്ഞ് ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെആര്‍ ജയാനന്ദനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കാനിരിക്കെ ചില കേന്ദ്രങ്ങളില്‍ നിന്നും വലിയ രീതിയില്‍ പ്രതിഷേധമുയര്‍ന്നു. സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ കഴിഞ്ഞ ദിവസം ഉപ്പളയില്‍ വ്യാപകമായി പോസ്റ്ററുകളും ഉയര്‍ന്നിരുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad