Type Here to Get Search Results !

Bottom Ad

മുഖ്യമന്ത്രിയെ നേരിടാന്‍ സുധാകരനെ ഇറക്കണം: ആവശ്യമുന്നയിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍


(www.evisionnews.co)മുഖ്യമന്ത്രി പിണറായി വിജയന്‍ മല്‍സരിക്കുന്ന ധര്‍മ്മടം മണ്ഡലത്തില്‍ ശക്തനായ സ്ഥാനാര്‍ത്ഥിയെ തിരഞ്ഞ് കോണ്‍ഗ്രസ്. പിണറായിക്കെതിരെ കരുത്തനായൊരു സ്ഥാനാര്‍ത്ഥി വേണമെന്നാണ് പ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നത്. കെ സുധാകരന്റെ പേരാണ് കണ്ണൂരിലെ പ്രവര്‍ത്തകര്‍ക്കിടയില്‍ നിന്നും ഉയര്‍ന്നു വരുന്ന പേര്. ധര്‍മ്മടത്ത് കെ. സുധാകരനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ആവശ്യപ്പെട്ട് സോണിയാ ഗാന്ധിക്ക് ഇ -മെയില്‍ പ്രവാഹമാണ്. കണ്ണൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകരുടേതാണ് ഇ-മെയിലുകള്‍.

കെ.സുധാകരന്‍ മത്സരിക്കണമെന്നത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പൊതു വികാരമാണെന്ന് ഡിസിസി നേതാവ് മമ്പറം ദിവാകരനും പ്രതികരിച്ചു. ധര്‍മ്മടത്ത് ഫോര്‍വേഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി ദേവരാജനെയാണ് മല്‍സരിപ്പിക്കാന്‍ യുഡിഎഫ് കണ്ടുവെച്ചിരുന്നത്. എന്നാല്‍ ധര്‍മ്മടത്ത് മല്‍സരിക്കാനില്ലെന്ന് വ്യക്തമാക്കി ദേവരാജന്‍ പിന്മാറി. സിപിഎം പി ബി അംഗത്തിനെതിരെ പാര്‍ട്ടി ദേശീയ സെക്രട്ടറി മല്‍സരിക്കേണ്ടെന്ന ഫോര്‍വേഡ് ബ്ലോക്ക് കേന്ദ്ര കമ്മിറ്റി തീരുമാനം സംസ്ഥാന കമ്മിറ്റിയും ശരിവെച്ചതോടെയാണ് ദേവരാജന്റെ പിന്മാറ്റം. പശ്ചിമ ബംഗാളില്‍ ഇടതുമുന്നണിക്കൊപ്പമാണ് ഫോര്‍വേഡ് ബ്ലോക്ക്. വിഷയത്തില്‍ ദേശീയ നേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ല.

പാര്‍ട്ടി ദേശീയ വക്താവ് ഡോ. ഷമ മുഹമ്മദിന്റെ അടക്കം പേരുകള്‍ മണ്ഡലത്തിലേക്ക് ഉയര്‍ന്നു കേട്ടിരുന്നു. ഷമയെ സ്ഥാനാര്‍ത്ഥിയാക്കിയാല്‍ വനിതാ പ്രാതിനിധ്യം കുറഞ്ഞു പോയെന്ന ആക്ഷേപവും മറികടക്കാമെന്ന് ഒരു വിഭാഗം അഭിപ്രായപ്പെടുന്നു. എന്നാല്‍ കണ്ണൂര്‍ കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ കരുത്തനായ കെ സുധാകരനെ രംഗത്തിറങ്ങിയാല്‍ കേരളം ഉറ്റുനോക്കുന്ന കരുത്തന്‍ പോരാട്ടമാകുമെന്നാണ് വിലയിരുത്തല്. സുധാകരന്‍ മല്‍സരിച്ചാല്‍ പിണറായിയെ മണ്ഡലത്തില്‍ തളച്ചിടാനാകുമെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad