കേരളം (www.evisionnews.co): ഇരട്ടവോട്ടുകള്‍ ഉള്ള വോട്ടര്‍മാരെ വിരലിലെ മഷി പൂര്‍ണമായി ഉണങ്ങിയശേഷം മാത്രം ബൂത്തുവിടാന്‍ അനുവദിച്ചാല്‍ മതിയെന്നു തെരഞ്ഞെടുപ്പ് കമ്മീഷന്‍. മറ്റുള്ള വോട്ടര്‍മാര്‍ക്ക് ഈ തീരുമാനം ബാധകമല്ല. ആവര്‍ത്തനമുള്ളവരുടെ പേരുവിവരം രേഖപ്പെടുത്തിയ പട്ടിക പ്രത്യേകം തയാറാക്കി വരണാധികാരികള്‍ പ്രിസൈഡിങ് ഒഫിസര്‍മാര്‍ക്ക് നല്‍കണമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഒഫിസര്‍ ടിക്കാറാം മീണ ജില്ലാ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. കള്ളവോട്ട് തടയുന്നതിന് കര്‍ശന മാര്‍ഗനിര്‍ദേശങ്ങളാണ് കമ്മിഷന്‍ പ്രഖ്യാപിച്ചത്.
വോട്ടര്‍പ്പട്ടിക സംബന്ധിച്ച പരാതികളില്‍ നടത്തിയ പ്രാഥമിക പരിശോധനയില്‍ വോട്ടര്‍മാരുടെ പേരുകള്‍ ആവര്‍ത്തിക്കുന്നതും സമാനമായ ഫോട്ടോകളും വിലാസവും വ്യത്യസ്തമായ പേരുകളും ഉള്ള എന്‍ട്രികളും കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് നടപടികള്‍ കര്‍ശനമാക്കുന്നത്.
എല്ലാ രാഷ്ട്രീയകക്ഷികള്‍ക്കും ആവര്‍ത്തനവോട്ടര്‍മാരുടെ പട്ടിക നല്‍കാനും നിര്‍ദേശിച്ചിട്ടുണ്ട്. പോളിങ് ഏജന്റുമാര്‍ പരാതിപ്പെട്ടില്ലെങ്കിലും വോട്ടറെ തിരിച്ചറിയേണ്ടത് പോളിങ് ഓഫീസറുടെ ഉത്തരവാദിത്വമാണ്. ആള്‍മാറാട്ടം നടന്നാല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയുണ്ടാകും.
Post a Comment
0 Comments