ബംഗളൂരു (www.evisionnews.co): മധുരപലഹാരം മോഷ്ടിച്ചെന്നാരോപിച്ച് കടയുടമയും കുടുംബവും പത്തുവയസുകാരനെ ക്രൂരമായി മര്‍ദ്ദിക്കുകയും മുതുകില്‍ കല്ല് കെട്ടിവെക്കുകയും ചെയ്തു. ഗുരുതരനിലയില്‍ ഒരാഴ്ചയായി ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന ഹരീഷയ്യ എന്ന കുട്ടി മരണത്തിന് കീഴടങ്ങി. കര്‍ണാടകയിലെ ഹാവേരിയിലാണ് നാടിനെ നടുക്കിയ ക്രൂരകൃത്യം നടന്നത്. കടയുടമയായ ശിവരുദ്രപ്പയും കുടുംബവുമാണ് ഹരീഷയ്യയോട് കൊടുംക്രൂരത കാണിച്ചത്. കൊലക്കുറ്റത്തിന് പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചതോടെ ഇയാള്‍ ഒളിവില്‍ പോയി. മാര്‍ച്ച് 16നാണ് കേസിനാസ്പദമായ സംഭവം നടന്നത്.
പച്ചക്കറി വാങ്ങാന്‍ കടയിലെത്തിയ കുട്ടി പലഹാരം മോഷ്ടിച്ചുവെന്നാരോപിച്ച് കടയുടമ മര്‍ദ്ദിക്കുകയും തുടര്‍ന്ന് നിര്‍മാണത്തിനായി കൊണ്ടുവന്ന കല്ല് കുട്ടിയുടെ മുതുകില്‍ കെട്ടിവെക്കുകയും ചെയ്തു. കല്ലിന്റെ ഭാരം താങ്ങാനാകാതെ കുട്ടി തളര്‍ന്നുവീണിട്ടും കടയുടമയുടെ മനസ്സലിഞ്ഞില്ല. മകനെ തിരഞ്ഞ് അച്ഛന്‍ സ്ഥലത്തെത്തിയെങ്കിലും ഇയാള്‍ കുട്ടിയെ വിട്ടുനല്‍കിയില്ല. തുടര്‍ന്ന് അമ്മ സ്ഥലത്തെത്തി ബഹളം വെയ്ക്കുകയായിരുന്നു.
അമ്മയെയും ക്രൂരമായി മര്‍ദ്ദിച്ച ശേഷമാണ് ഇയാള്‍ കുട്ടിയെ വിട്ടുനല്‍കിയത്. അപ്പോഴേക്കും കുട്ടിയുടെ നില ഗുരുതരമായിരുന്നു. സംഭവത്തില്‍ പൊലീസ് കേസെടുക്കാന്‍ വൈകിയെന്ന് കുട്ടിയുടെ അച്ഛന്‍ ആരോപിച്ചു. കുട്ടി മരിച്ചതിന് ശേഷമാണ് പോലീസ് കേസെടുത്തത്.
Post a Comment
0 Comments