കേരളം (www.evisionnews.co): ഡോളര്‍ കടത്തുകേസുമായി ബന്ധപ്പെട്ട് തടവില്‍ കഴിയുന്ന മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന് ജാമ്യം. മൂന്നുമാസത്തിലേറെയായി ജയില്‍വാസമനുഭവിക്കുന്ന ശിവശങ്കറിന് ഇനി പുറത്തിറങ്ങാം. ശിവശങ്കറിന്റെ ജാമ്യാപേക്ഷയില്‍ സാമ്പത്തിക കുറ്റവിചാരണക്കോടതിയുടെ വിധി രാവിലെ 11 മണിയോടെയാണ് ഉണ്ടായത്. നേരത്തെ സ്വര്‍ണക്കടത്ത് കേസിലും കോടതി ശിവശങ്കറിന് ജാമ്യം നല്‍കിയിരുന്നു.
കാക്കനാട് ജില്ലാ ജയിലിലാണ് ഇദ്ദേഹമുള്ളത്. കോടതി നടപടികള്‍ പൂര്‍ത്തിയാക്കി ഇന്ന് ഉച്ചയ്ക്ക് ശേഷം പുറത്തിറങ്ങുമെന്നാണ് കരുതപ്പെടുന്നത്. 95 ദിവസത്തിന് ശേഷമാണ് ശിവശങ്കര്‍ ജയില്‍ മോചിതനാകുന്നത്. കസ്റ്റംസിന്റെ ഭാഗത്തു നിന്ന് ജാമ്യം നല്‍കുന്നതിനെതിരെ ശക്തമായ വാദങ്ങളുണ്ടായില്ല. തനിക്കെതിരെ മറ്റു പ്രതികളുടെ മൊഴികളല്ലാതെ മറ്റു തെളിവുകള്‍ ഇല്ല എന്നായിരുന്നു ശിവശങ്കറിന്റെ വാദം.
രണ്ടു ലക്ഷം രൂപയുടെ ബോണ്ട് കെട്ടിവെയ്ക്കണം, സാക്ഷികളെ സ്വാധീനിക്കരുത്, എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു മുമ്പില്‍ ഹാജരാകണം, അന്വേഷണവുമായി സഹകരിക്കണം തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം. നേരത്തെ സ്വര്‍ണക്കടത്ത് കേസില്‍ ജാമ്യം നല്‍കിയ വേളയില്‍ ഇതേ ഉപാധികളാണ് കോടതി മുന്നോട്ടുവെച്ചിരുന്നത്.
Post a Comment
0 Comments