കാസര്‍കോട് (www.evisionnews.co): കോയമ്പത്തൂരില്‍ നടന്ന 2020-ദേശീയ കാര്‍ റാലി ചാമ്പ്യന്‍ഷിപ്പിന്റെ മൂന്നാം റൗണ്ടിലും നിലവിലുള്ള ജേതാക്കളായ മൂസാ ഷരീഫ്-ഗൗരവ് ഗില്‍ സഖ്യം തകര്‍പ്പന്‍ ജയം. ഇതോടെ ഏഴ് തവണ ദേശീയ കാര്‍ റാലി ചാമ്പ്യന്‍ പട്ടം നേടുന്ന ആദ്യ ഇന്ത്യന്‍ നാവിഗേറ്റര്‍ എന്ന റെക്കോര്‍ഡ് മൂസാ ഷരീഫ് സ്വന്തമാക്കി. പരുപരുക്കന്‍ പാതയിലൂടെയടക്കമുള്ള 100 കിലോ മീറ്റര്‍ ദൈര്‍ഘ്യവും 6 സ്‌പെഷ്യല്‍ സ്റ്റേജുകളുമടങ്ങിയതാ യിരുന്നു മൂന്നാം റൗണ്ട്. ഇത് 1 മണിക്കൂര്‍ 27 മിനുട്ടും 56 സെക്കന്റും കൊണ്ട് പൂര്‍ത്തീകരിച്ചാണ് മൂസാ ഷരീഫ് സഖ്യം വിജയം നേടിയത്. ഇതിനകം 116 പോയന്റ് നേടിയതോടെ ഈ സഖ്യം കിരീടം ഉറപ്പിച്ചിരിക്കുകയാണ്.
കഴിഞ്ഞ മൂന്ന് റൗണ്ടിലും വെന്നിക്കൊടി പാറിച്ചതിനാല്‍ ഈമാസം 13 മുതല്‍ ബാംഗ്ലൂരില്‍ വെച്ച് നടക്കുന്ന നാലാം റൗണ്ടിലെ ഫലം എന്തായാലും ഷരീഫ്-ഗില്‍ സഖ്യത്തിന്റെ കിരീട നേട്ടത്തെ അത് ബാധിക്കില്ല. ഏഴാം കിരീടം ലക്ഷ്യമിട്ട് ഗോദയിലിറങ്ങിയ ഇന്ത്യയിലെ തന്നെ നമ്പര്‍ വണ്‍ ജോടിയായ മൂസാ ഷരീഫ് - ഗൗരവ് ഗില്‍ സഖ്യം മികച്ച പ്രകടനത്തോടെയാണ് അപൂര്‍വ്വ നേട്ടം കൊയ്തത്. കോവിഡ് വ്യാപനം മൂലമാണ് ഈ വര്‍ഷത്തെ മത്സരങ്ങള്‍ വൈകിയതും 4 റൗണ്ടുകളാക്കി ചുരുക്കിയതും.
ടീം ജെ കെ ടയറിന് വേണ്ടി മഹീന്ദ്ര എക്‌സ് യു വി 300 കാര്‍ ഉപയോഗിച്ചാണ് മൊഗ്രാല്‍ പെര്‍വാഡ് സ്വദേശിയായ മൂസാ ഷരീഫും ന്യൂ ഡല്‍ഹി സ്വദേശിയായ ഗൗരവ് ഗില്ലും ചരിത്രത്തിലേക്ക് കുതിച്ച് കയറിയത്. ഏഴ് തവണ ദേശീയ കിരീടം നേടുന്ന ആദ്യ ഇന്ത്യന്‍ നാവിഗേറ്റര്‍ എന്ന ബഹുമതി സ്വന്തമാക്കിയതോടെ മൂസാ ഷരീഫിനെ തേടി നിരവധി അംഗീകാരങ്ങളാണ് കാത്തിരിക്കുന്നത്.
Post a Comment
0 Comments