കാസര്‍കോട് (www.evisionnews.co): സയ്യിദ് മുഷ്താഖ് അലി ടി20 ട്രോഫിയില്‍ കേരളത്തിനായി തകര്‍പ്പന്‍ പ്രകടനം നടത്തിയ മുഹമ്മദ് അസ്ഹറുദ്ദീനെ തേടി ഐപിഎല്‍ ടീമുകള്‍. കേരള ടീമിലെ സഹതാരം കൂടിയായ സഞ്ജു വി സാംസണ്‍ ക്യാപ്റ്റനായ രാജസ്ഥാന്‍ റോയല്‍സും മുംബൈ ഇന്ത്യന്‍സുമാണ് അസ്ഹറിനു വേണ്ടി രംഗത്തുള്ളത്.
മുംബൈ ഇന്ത്യന്‍സിനു വേണ്ടിയുള്ള രണ്ടുദിവസത്തെ ട്രയല്‍ അസ്ഹര്‍ പൂര്‍ത്തിയാക്കി. ഇന്നലെയും ഇന്നുമായാണ് രാജസ്ഥാന്‍ റോയല്‍സിനു വേണ്ടിയുള്ള ട്രയല്‍സ്. ഫിറ്റ്നസും സ്‌കില്ലുമാണ് ട്രയല്‍സില്‍ പരിശോധിക്കുക. ട്രയല്‍സിന് പിന്നാലെ വിജയ് ഹസാരെ ട്രോഫിക്ക് വേണ്ടിയുള്ള കേരള ടീമിനൊപ്പം അസ്ഹര്‍ ചേരും. വയനാട് കൃഷ്ണഗിരി സ്റ്റേഡിയത്തിലാണ് കേരള ടീമിന്റെ ക്യാമ്പ്. ഈ മാസം 13നാണ് ഐപിഎല്‍ താരങ്ങളുടെ പട്ടിക പ്രസിദ്ധീകരിക്കുന്നത്.
18നാണ് ലേലം. മുഷ്താഖ് അലി ട്രോഫിയില്‍ 37 പന്തില്‍ നിന്ന് സെഞ്ച്വറി നേടിയതോടെയാണ് അസ്ഹര്‍ ശ്രദ്ധിക്കപ്പെട്ടത്. നിരവധി മുന്‍ ഇന്ത്യന്‍ താരങ്ങളാണ് അസ്ഹറിന്റെ പ്രകടനത്തെ വാഴ്ത്തി രംഗത്തെത്തിയിരുന്നത്.
Post a Comment
0 Comments