കാസര്‍കോട് (www.evisionnew.co): അന്യായമായ ഫീസിന്റെ പേരില്‍ ചിന്മയ വിദ്യാലത്തില്‍ നിന്നും പുറത്താക്കിയ മുഴുവന്‍ വിദ്യാര്‍ത്ഥികളെയും തിരിച്ചെടുക്കണമെന്നും ചിലര്‍ക്ക് നല്‍കിയെന്ന് പറയുന്ന അമ്പതു ശതമാനം ഫീസ് ഇളവ് എല്ലാ കുട്ടികള്‍ക്കും നല്‍കണമെന്നും ചിന്മയ പാരന്റ്‌സ് കൂട്ടായ്മ ആവശ്യപ്പെട്ടു. ചില തല്‍പര കക്ഷികള്‍ സ്‌കൂളിന് എതിരായി പ്രവര്‍ത്തിക്കുന്നു എന്ന നിലയില്‍ ചിന്‍മയ മാനേജ്‌മെന്റ് നടത്തുന്ന പ്രചാരണം അസത്യമാണെന്നും രക്ഷിതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി.
സമരത്തിന് മുന്നിട്ടിറങ്ങിയിരിക്കുന്ന രക്ഷിതാക്കള്‍ ആരും സ്‌കൂളിനെതിരല്ല. കോവിഡ് മഹാമാരിയില്‍ സാമ്പത്തികമായി തകര്‍ന്ന ഈ വര്‍ഷം, നല്‍കാത്ത സേവനങ്ങള്‍ക്ക് ഫീസ് ഒഴിവാക്കണമെന്ന് മാത്രമാണ് ആവശ്യപ്പെട്ടത്. ഓണ്‍ലൈന്‍ ക്ലാസിന് ആവശ്യമായ ന്യായമായ ഫീസ് നല്‍കാമെന്നും അറിയിച്ചിരിന്നു. ഈആവശ്യങ്ങള്‍ ഉന്നയിച്ച് ഒറ്റയ്‌ക്കൊറ്റക്ക് സ്‌കൂളില്‍ ചെന്ന രക്ഷിതാക്കളോട് വളരെ മോശമായ രീതിയില്‍ പെരുമാറുകയും ഫീസ് അടക്കാന്‍ പറ്റില്ലെങ്കില്‍ ടിസി എടുത്തുകൊള്ളാനുമാണ് പറഞ്ഞത്. അതുകൊണ്ടാണ് അവിടുത്തെ ആയിരത്തോളം രക്ഷിതാക്കള്‍ സോഷ്യല്‍ മീഡിയയിലൂടെ സംഘടിച്ചത്.
പലതവണ ആവശ്യപ്പെട്ടിട്ടും രക്ഷിതാക്കളുമായി ചര്‍ച്ച നടത്താന്‍ മാനേജ്‌മെന്റ് തയാറായില്ല. എംപിയും എംഎല്‍എയും ചര്‍ച്ച ചെയ്യാന്‍ തയാറായെങ്കിലും ഒരു മൂന്നാം കക്ഷിയെ വെച്ച് ചര്‍ച്ചചെയ്യാന്‍ മാനേജ്‌മെന്റ് തയാറാവുന്നില്ല. 300 അല്ല 200 വിദ്യര്‍ഥികളെ മാത്രമാണ് പുറത്താക്കിയതെന്ന മാനേജ്‌മെന്റിന്റെ അഭിപ്രായം സമൂഹത്തോടുള്ള കൊഞ്ഞനംകുത്തലാണെന്നും രക്ഷിതാക്കള്‍ പറഞ്ഞു.
കുട്ടികളില്‍ നിന്നും മുഴുവന്‍ ഫീസും ഈടാക്കുമ്പോള്‍ അധ്യാപകര്‍ക്ക് പകുതി വേതനമാണ് നല്‍കിയിരുന്നത്. സ്‌കൂള്‍ മെയിന്റനെന്‍സിന് ഭാരിച്ച ചെലവുകള്‍ ഉണ്ടെന്നും അതില്‍തന്നെ ലക്ഷങ്ങള്‍ നഷ്ടമാണെന്നുമാണ് മാനേജ്മെന്റ് പറയുന്നത്. ഇത് അവിശ്വസനീയമാണ്.
പ്രശ്നത്തില്‍ ഒരു മൂന്നാം കക്ഷിയെ ഉള്‍പ്പെടുത്തി രമ്യമായി പരിഹരിക്കുകയോ ജില്ലയിലുള്ള മറ്റു സ്‌കൂളുകള്‍ നല്‍കിയ പോലെ 50 ശതമാനം ഫീസ് ഇളവ് പ്രഖ്യാപിക്കുകയോ ചെയ്യണം. അല്ലാത്തപക്ഷം നിരാഹാരം അടക്കമുള്ള സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്നും രക്ഷിതാക്കള്‍ മുന്നറിയിപ്പ് നല്‍കി. വാര്‍ത്താസമ്മേളനത്തില്‍ എം. രഘുറാം, കെ. രവീന്ദ്രന്‍, എ. അബ്ദുല്‍ നഹീം, എ. മുകുന്ദ് രാജ്, എംഎ നാസര്‍ പങ്കെടുത്തു.
Post a Comment
0 Comments