കാസര്‍കോട് (www.evisionnews.co): എന്‍ഡോസള്‍ഫാന്‍ പട്ടികയില്‍പെട്ട 6727 ദുരിതബാധിതെരെയും പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കലക്ടര്‍ സാമൂഹിക നീതി വകുപ്പിനു സമര്‍പ്പിച്ച റിപ്പോര്‍ട്ട് തള്ളണമെന്നാവശ്യപ്പെട്ട്് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ നടത്തിയ പ്രതിഷേധ ജ്വാല കനത്ത താക്കീതായി. എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണിയുടെ നേതൃത്വത്തില്‍ പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് നടന്ന പ്രതിഷേധ ജ്വാല റിപ്പോര്‍ട്ടിന്റെ പകര്‍പ്പുകള്‍ അഗ്‌നിക്കിരയാക്കി ദുരിതബാധിതരുടെ അമ്മമാര്‍ ഉദ്ഘാടനം ചെയ്തു.
അങ്ങേയറ്റം മനുഷ്യത്വ വിരുദ്ധമായ റിപ്പോര്‍ട്ടാണ് ജില്ലാ കലക്ടര്‍ സമര്‍പ്പിച്ചതെന്നും ഒരു കാരണവശാലും സര്‍ക്കാര്‍ അതംഗീകരിക്കരുതെന്നും മുഖ്യപ്രഭാഷണം നടത്തിയ ഡോ: അംബികാസുതന്‍ മാങ്ങാട് സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. കാര്‍ഷിക സര്‍വകലാശാല ശുപാര്‍ശ ചെയ്ത എന്‍ഡോസള്‍ഫാനെ കുറ്റവിമുക്തമാക്കാന്‍ കൃഷി അധ്യാപകനായ ജില്ലാ കലക്ടര്‍ ശ്രമിക്കുന്നത് ദുരിതബാധിതരോട് കാണിക്കുന്ന നീതികേടാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുനീസ അമ്പലത്തറ, ഫാദര്‍ ജോസ്, സിസ്റ്റര്‍ ജയ ആന്റോ മംഗലത്ത്, കെ. കൊട്ടന്‍, ആനന്ദന്‍ പെരുമ്പള, അബ്ദുള്‍കാദര്‍ ചട്ടഞ്ചാല്‍, അമ്പലത്തറ കുഞ്ഞികൃഷ്ണന്‍, കെ. ചന്ദ്രാവതി, സി.വി. നളിനി, ഒ. ശര്‍മ്മിള, എം.പി. ജമീല, മിസിരിയ ചെങ്കള, സിബി അലക്‌സ്, എം.പി. ഫിലിപ്പ്, റസിയ തൃക്കരിപ്പൂര്‍, മുകുന്ദന്‍ കയ്യൂര്‍ സംസാരിച്ചു.
Post a Comment
0 Comments