കാസര്‍കോട് (www.evisionnews.co): ജില്ലയില്‍ സോളാര്‍ പാര്‍ക്കിന്റെ ഭാഗമായി പൈവളിഗെ കൊമ്മന്‍ഗളയിലെ 250 ഏക്കറില്‍ സ്ഥാപിച്ച 50 മെഗാവാട്ട് സൗരോര്‍ജ വൈദ്യുതി നിലയം പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രത്തിന് സമര്‍പ്പിച്ചു. ഇന്ത്യ സൗരോര്‍ജ വൈദ്യുതിക്ക് വളരെയധികം പ്രാധാന്യം നല്‍കുന്നു. ഇന്ത്യയില്‍ സൗരോര്‍ജ വൈദ്യുതി ഉത്പാദനത്തില്‍ 30 ഇരട്ടി വര്‍ധനവ് ഉണ്ടായെന്നും പ്രധാനമന്ത്രി പറഞ്ഞു.
കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവര്‍ മുഖ്യാതിഥികളായി. കേന്ദ്ര ഊര്‍ജ വകുപ്പ് സഹമന്ത്രി ആര്‍കെ സിങ്, കേന്ദ്ര ഗാര്‍ഹിക നഗരകാര്യ മന്ത്രി ഹര്‍ദീപ് സിങ് പുരി, സംസ്ഥാന വൈദ്യുതി വകുപ്പ് മന്ത്രി എംഎം മണി, എംസി ഖമറുദ്ദീന്‍ എംഎല്‍എ, ടിഎച്ച്ഡിസി ഇന്ത്യ ലിമിറ്റഡ് സിഎംഡി ഡി.വി സിംഗ്, ആര്‍.പി.സി.കെ.എല്‍ സിഇഒ അഗസ്റ്റിന്‍ തോമസ്, ടിഎച്ച്ഡിസി ഇന്ത്യ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ യു.സി കനൗജിയ, ഡയറക്ടര്‍മാരായ ജെ. ബെഹ്റ, ആര്‍.കെ. വിഷ്‌ണോയ് സംബന്ധിച്ചു.
ജില്ലയില്‍ പൈവളിഗെ, മീഞ്ച, ചിപ്പാര്‍ വില്ലേജുകളില്‍ കെഎസ്ഇബി മുഖേന സര്‍ക്കാര്‍ നല്‍കിയ 250 ഏക്കറില്‍ കേന്ദ്ര സര്‍ക്കാര്‍ നിക്ഷേപിച്ച ഏകദേശം 288 കോടി രൂപയിലാണ് കേന്ദ്ര പൊതുമേഖല സ്ഥാപനമായ ടിഎച്ച്ഡിസി ഇന്ത്യ ലിമിറ്റഡ് പദ്ധതി യഥാര്‍ഥ്യമാക്കിയത്. പദ്ധതിയില്‍ 165149 മള്‍ട്ടി ക്രിസ്റ്റലിന്‍ സോളാര്‍ പിവി മോഡ്യൂളുകള്‍ സ്ഥാപിച്ചാണ് വൈദ്യുതി ഉല്‍പാദിപ്പിക്കുന്നത്. ഇവിടെ നിന്നും ഉത്പാദിപ്പിക്കുന്ന വൈദ്യുതി രണ്ട് 33 കെ.വി ഫീഡറുകള്‍ വഴി കുബനൂര്‍ 110 കെ.വി സബ് സ്റ്റേഷനിലെത്തിച്ച് അവിടെ സ്ഥാപിച്ച 25 എംവിഎ ശേഷിയുള്ള രണ്ട് ട്രാന്‍സ്‌ഫോര്‍മറുകള്‍ വഴിയാണ് പ്രസരണം നടത്തുന്നത്. ടാറ്റാ പവര്‍ സോളാര്‍ ആണ് പദ്ധതി നിര്‍മിച്ചത്.
Post a Comment
0 Comments