കാസര്‍കോട് (www.evisionnews.co): ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് റിമാന്റില്‍ കഴിയുന്ന എംസി ഖമറുദ്ദീന്‍ എംഎല്‍എ ഇന്ന് ജയില്‍ മോചിതനാകും. ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത മുഴുവന്‍ കേസുകളിലും ജാമ്യം ലഭിച്ചതോടെയാണ് ജയില്‍ മോചനം സാധ്യമാകുന്നത്. ഇന്നലെ അഞ്ചു കേസുകളില്‍ ഹൊസ്ദുര്‍ഗ് കോടതി (രണ്ട്) ഖമറുദ്ദീന് കര്‍ശന വ്യവസ്ഥകളോടെ ജാമ്യം അനുവദിച്ചിരുന്നു.
കഴിഞ്ഞ 93 ദിവസങ്ങളായി ഖമറുദ്ദീന്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലാണ്. കാസര്‍കോട്, ഹോസ്ദുര്‍ഗ്, പയ്യന്നൂര്‍ കോടതികളിലായി 142 വഞ്ചന കേസുകളില്‍ എംഎല്‍എക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു. കാസര്‍കോട് ടൗണ്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ കോടതി പറഞ്ഞ പ്രകാരം ബോണ്ട് വയ്ക്കുന്നതില്‍ വ്യവസ്ഥകള്‍ പാലിക്കാത്ത പ്രശ്നം നിലവിലുള്ളതിനാലാണ് ഇന്നലെ ജയിലില്‍ നിന്ന് പുറത്തിറങ്ങാന്‍ കഴിയാതിരുന്നത്.
അതേസമയം കൂട്ടുപ്രതിയായ ജുവലറി എംഡി പൂക്കോയ തങ്ങള്‍ ഇപ്പോഴും ഒളിവില്‍ കഴിയുകയാണ്. കഴിഞ്ഞ ദിവസം മാതാവിന്റെ മരണം നടന്ന വീട്ടില്‍ പൊലീസ് വലവിരിച്ച് കാത്തിരുന്നെങ്കിലും അദ്ദേഹത്തെ കസ്റ്റഡിയിലെടുക്കാനായില്ല.
Post a Comment
0 Comments