Type Here to Get Search Results !

Bottom Ad

108 ആംബുലന്‍സ് നടത്തിപ്പില്‍ വീഴ്ച: 8.7കോടി രൂപയുടെ പിഴ മുഖ്യമന്ത്രി ഇടപെട്ട് റദ്ദാക്കി


കേരളം (www.evisionnews.co): 108 ആംബുലന്‍സ് നടത്തിപ്പില്‍ വീഴ്ച വരുത്തിയതിന് ജിവികെ. ഇഎംആര്‍ഐ എന്ന കമ്പനിക്ക് മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ ചുമത്തിയ 8.7 കോടി രൂപയുടെ പിഴ സംസ്ഥാന സര്‍ക്കാര്‍ റദ്ദാക്കി. കരാര്‍ വ്യവസ്ഥ ലംഘിച്ചതിന് പിഴ ഈടാക്കണമെന്ന ധനവകുപ്പ് നിര്‍ദേശം മറികടന്നാണ് മുഖ്യമന്ത്രിയുടെ തീരുമാനം.

108 ആംബുലന്‍സ് നടത്തിപ്പിനായി 2019 ല്‍ ടെണ്ടര്‍ ലഭിച്ചിട്ടും വാഹനങ്ങള്‍ വിന്യസിക്കുന്നതിലും ജീവനക്കാരെ നിയമിക്കുന്നതിലും കോളുകള്‍ എടുക്കുന്നതിലുമടക്കം ജിവികെ ഇഎംആര്‍ഐ കമ്പനി വീഴ്ച വരുത്തി എന്ന് കണ്ടെത്തിയിരുന്നു. ഇതിന്റെ പിഴയായി 8 കോടി 71 ലക്ഷം രൂപ ഈടാക്കാന്‍ മെഡിക്കല്‍ കോര്‍പ്പറേഷന്‍ തീരുമാനിക്കുകയായിരുന്നു.

എന്നാല്‍ ഇതിനെതിരെ കമ്പനി സര്‍ക്കാരിനെ സമീപിച്ചു. മഹാരാഷ്ട്രയിലുണ്ടായ പ്രളയമാണ് നടത്തിപ്പ് വൈകാന്‍ കാരണമെന്നും അതുകൊണ്ട് പിഴ ഒഴിവാക്കണമെന്നും ജിവികെ ആവശ്യപ്പെട്ടു. തവണകളായി പിഴ അടയ്ക്കാനുള്ള തീരുമാനം മെഡിക്കല്‍ കോര്‍പ്പറേഷന്‍ എടുത്തെങ്കിലും വിഷയം മുഖ്യമന്ത്രിയുടെ പരിഗണനക്കെത്തിയതോടെ മന്ത്രിസഭ യോഗത്തില്‍ ചര്‍ച്ച ചെയ്യാന്‍ തീരുമാനിച്ചു.

അതിനിടെ കരാര്‍ വ്യവസ്ഥ ലംഘിച്ചതിന് പിഴ ഈടാക്കാമെന്ന് ധനവകുപ്പ് കുറിപ്പെഴുതി. ഇതിനെ മറികടക്കാന്‍ നിയമ വകുപ്പിലെത്തിയെങ്കിലും എന്ത് വിഷയത്തിലാണ് നിയമ വകുപ്പ് തീരുമാനമെടുക്കേണ്ടതെന്ന് വ്യക്തമല്ലെന്നും പിഴ നടപടിയുമായി മുന്നോട്ട് പോകണോ വേണ്ടയോ എന്നത് ഭരണ വകുപ്പ് ധനവകുപ്പുമായി ആലോചിച്ച് തീരുമാനമെടുക്കാനുമാണ് നിയമ വകുപ്പ് നിര്‍ദേശിച്ചത്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad