ദേശീയം (www.evisionnews.co): കര്‍ഷകരും പോലീസും തമ്മില്‍ ഏറ്റുമുട്ടിയ ഡല്‍ഹിയില്‍ സംഘര്‍ഷ സാദ്ധ്യതയുള്ള സ്ഥലങ്ങളില്‍ അര്‍ദ്ധ സൈനിക വിഭാഗത്തെ നിയോഗിച്ചു. ഭാവി പരിപാടികള്‍ നിശ്ചയിക്കാന്‍ ഇന്ന് കര്‍ഷക സംഘടനകള്‍ യോഗം ചേരും. കര്‍ഷകരുടെ ട്രാക്ടര്‍ പരേഡ് ഐടിഒയിലും ചെങ്കോട്ടയിലും എത്തിയതോടെയാണ് വലിയ സംഘര്‍ഷം ഉണ്ടായത്.
പോലീസും കര്‍ഷകരും നേര്‍ക്കുനേര്‍ നിന്നപ്പോള്‍ പോലീസ് ആസ്ഥാനം നിലകൊള്ളുന്ന ഐടിഒ പരിസരം അക്ഷരാര്‍ത്ഥത്തില്‍ യുദ്ധക്കളമായി. കര്‍ഷകരില്‍ ഒരാള്‍ ട്രാക്ടര്‍ മറിഞ്ഞു കൊല്ലപ്പെട്ടതോടെ പ്രതിഷേധം ആളിക്കത്തി. ട്രാക്ടര്‍ റാലി സംഘര്‍ഷത്തിലേക്ക് വഴി മാറിയതിന് കാരണം ഡല്‍ഹി പോലീസാണെന്നാണ് കര്‍ഷക സംഘടനകളുടെ ആരോപണം.
കര്‍ഷക സംഘടനാ നേതാക്കളുടെ അഭ്യര്‍ത്ഥന മാനിച്ച് കര്‍ഷകര്‍ നഗരത്തില്‍ നിന്ന് പിന്മാറുകയായിരുന്നു. സംഘര്‍ഷത്തില്‍ 83 പോലീസുകാര്‍ക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. അനിഷ്ട സംഭവങ്ങളില്‍ കര്‍ഷക സംഘടനകള്‍ക്ക് പങ്കില്ലെന്നാണ് നേതാക്കള്‍ വ്യക്തമാക്കുന്നത്. ആക്രമണം നടത്തിയത് ബാഹ്യശക്തികളും സാമൂഹിക വിരുദ്ധരുമാണെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച പ്രസ്താവനയിലൂടെ അറിയിച്ചു. ഇന്നലത്തെ സംഭവങ്ങളില്‍ അഭിപ്രായ ഭിന്നത ഉണ്ടെങ്കിലും കര്‍ഷക സമരം ഒറ്റക്കെട്ടായി തുടരാനാണ് തീരുമാനം. നിലവിലെ സാഹചര്യം ചര്‍ച്ച ചെയ്യാന്‍ സംഘടനകള്‍ ഇന്ന് യോഗം ചേരും.
Post a Comment
0 Comments