Type Here to Get Search Results !

Bottom Ad

അനുസരിച്ചില്ലെങ്കില്‍ കാലുവെട്ടുമെന്ന് സിപിഎം എംഎല്‍എ കുഞ്ഞിരാമന്‍; പോളിങ് ദിനത്തിലെ ദയനീയത തുറന്നുപറഞ്ഞ് പ്രിസൈഡിങ് ഓഫിസര്‍


കാസര്‍കോട്: വടക്കേ മലബാറിലെ സിപിഎം ആധിപത്യമുള്ള പാര്‍ട്ടി ഗ്രാമങ്ങളില്‍ പോളിങ് ദിനങ്ങളില്‍ നടക്കുന്നത് എന്തെന്ന് വിശദീകരിച്ച് പ്രിസൈഡിങ് ഓഫിസര്‍ കൂടിയായ കേരള സര്‍വകലാശാല പ്രൊഫസര്‍ ഡോ.കെ.എം. ശ്രീകുമാര്‍. കള്ളവോട്ട് തടയാന്‍ ശ്രമിച്ചാല്‍ കാലുവെട്ടുമെന്ന് പോലീസിനു മുന്നില്‍ വച്ചു ഉദുമ സിപിഎം എംഎല്‍എ കെ. കുഞ്ഞിരാമന്‍ പരസ്യമായി ഭീഷണിപ്പെടുത്തിയതടക്കം സിപിഎം ഗൂണ്ടകള്‍ നടത്തുന്ന പരാക്രമത്തെ പറ്റി വിശദമായാണ് ശ്രീകുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചത്. കാര്‍ഷിക സര്‍വകലാശാലയിലെ ഇടതുപക്ഷ അധ്യാപക സംഘടനയായ TOKAU വിന്റെ പീലിക്കോട് യൂണിറ്റ് പ്രസിഡന്റ് ആണ് കെ.എം. ശ്രീകുമാര്‍.


പോസ്റ്റിന്റെ പൂര്‍ണരൂപം-

വടക്കേമലബാറിലെ പാര്‍ട്ടി ഗ്രാമത്തില്‍ ഒരു പോളിങ് അനുഭവം (ഡോ. കെ. എം. ശ്രീകുമാര്‍, പ്രൊഫസര്‍, കേരള കാര്‍ഷിക സര്‍വ്വകലാശാല )

(പാര്‍ട്ടി ഗ്രാമം എന്നുദ്ദേശിക്കുന്നത് ഏതെങ്കിലും ഒരു പാര്‍ട്ടിക്കും മാത്രം മൃഗീയ ഭൂരിപക്ഷം ഉള്ള പ്രദേശങ്ങളെയാണ്. അത് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെതോ മുസ്ലിംലീഗിന്റേതോ ബിജെപിയുടെതോ കോണ്‍ഗ്രെസ്സിന്റെതോ ആകാം)

ഈ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ എനിക്കു ഡ്യൂട്ടി കിട്ടിയത് കാസര്‍കോട് ജില്ലയിലെ ബേക്കല്‍ കോട്ടക്ക് അടുത്തുള്ള ആലക്കോട് ഗ്രാമത്തിലായിരുന്നു. ജി എല്‍ പി സ്‌കൂള്‍ ചെര്‍ക്കപാറ കിഴക്കേഭാഗം ആയിരുന്നു പോളിംഗ് സ്റ്റേഷന്‍. ഞങ്ങള്‍ ഞായറാഴ്ച ഉച്ച ആകുമ്‌ബോഴേക്കും പോളിംഗ് സ്റ്റേഷനില്‍ എത്തി. നല്ല വൃത്തിയുള്ള സ്‌കൂള്‍. ടോയ്ലറ്റുകളും വൃത്തിയുണ്ട്. എന്റെ ടീമില്‍ നാലു വനിതകളാണ് ആണ്. ഞങ്ങള്‍ ജോലി തുടങ്ങി. വൈകുന്നേരം പോളിംഗ് ഏജന്റു മാര്‍ വന്നു. അവര്‍ കാര്യങ്ങള്‍ വിശദീകരിച്ചു. ' ഇവിടെ സിപിഎമ്മിന് മാത്രമേ ഏജന്റുമാര്‍ ഉള്ളൂ. കഴിഞ്ഞ തവണ തൊണ്ണൂറ്റി നാല് ശതമാനം പോളിംഗ് നടന്ന പ്രദേശമാണ് ആണ്. ഇത്തവണയും അത്രയും ഉയര്‍ന്ന പോളിങ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു'. ഞാന്‍ അപകടം മണത്തു. കുറഞ്ഞത് പത്തു ശതമാനമെങ്കിലും കള്ളവോട്ട് ആകണം. ഞാന്‍ ഭവ്യതയോടെ പറഞ്ഞു 'തിരിച്ചറിയല്‍ കാര്‍ഡ് വച്ച് വോട്ടറെ തിരിച്ചറിയേണ്ട ജോലി ഞങ്ങളുടേതാണ് , ഞങ്ങള്‍ അത് ഭംഗിയായി ചെയ്യും' 'അത് നമ്മള്‍ക്ക് കാണാം' എന്ന് പോളിങ് ഏജന്റ് മറുപടി പറഞ്ഞു. കാണാമെന്ന് ഞാനും.

ഡിസംബര്‍ 14 ന്റെ പ്രഭാതം പൊട്ടിവിരിഞ്ഞു. രാവിലെ വാര്‍ഡ് സ്ഥാനാര്‍ത്ഥി വിജയേട്ടന്റെ വക കട്ടന്‍ചായ. ആറുമണി ആയപ്പോഴേക്കും ഇലക്ഷന്‍ കമ്മീഷന്‍ നിര്‍ദ്ദേശപ്രകാരം വീഡിയോ റെക്കോര്‍ഡിങ് നടത്താന്‍ വീഡിയോഗ്രാഫര്‍ എത്തിച്ചേര്‍ന്നു ( ആ വീഡിയോയുടെ പിന്‍ബലത്തിലാണ് ആണ് ഈ ലേഖനം) . കൃത്യം ഏഴുമണിക്ക് പോളിങ് തുടങ്ങി. ആദ്യത്തെ വോട്ടറുടെ തിരിച്ചറിയല്‍ കാര്‍ഡ് വാങ്ങി ഞാന്‍ പരിശോധിച്ചു. മുഖത്തേക്കുനോക്കി ഫോട്ടോവിലും നോക്കി. കുഴപ്പമില്ല. ഇതു കണ്ടു കൊണ്ട് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാര്‍ത്ഥി വന്നു, സ്വയം പരിചയപ്പെടുത്തി, മുന്‍പ് എന്നെ ഒരു കാര്യത്തിനു വിളിച്ചത് ഓര്‍മിപ്പിച്ചു, എന്നിട്ട് വളരെ മര്യാദയോടു കൂടി 'പുറത്തുവച്ച് ഐഡന്റിറ്റി കാര്‍ഡ് പരിശോധിക്കേണ്ടത് ഇല്ലല്ലോ' എന്നു പറഞ്ഞു. ശരി, ഞാന്‍ വോട്ടര്‍ മുറിയുടെ അകത്തേക്ക് കടന്ന ശേഷം രേഖ പരിശോധിക്കാന്‍ തുടങ്ങി. അപ്പോഴേക്കും അദ്ദേഹം വന്ന് എന്നെ ശക്തമായി താക്കീത് ചെയ്തു. 'നിങ്ങള്‍ രേഖ പരിശോധിക്കേണ്ടതില്ല അത് ഒന്നാം പോളിങ് ഓഫീസര്‍ ചെയ്തുകൊള്ളും' എന്നു പറഞ്ഞു. പോളിംഗ് ഏജന്റ്മാരും ബഹളം വച്ചു കൊണ്ട് എഴുന്നേറ്റു വന്നു. ഇത് പലതവണ ആവര്‍ത്തിച്ചു. അപ്പോഴാണ് ബഹുമാനപ്പെട്ട സ്ഥലം എം.എല്‍.എ. വോട്ട് ചെയ്യാന്‍ വന്നത്. അദ്ദേഹം പ്രശ്‌നത്തില്‍ ഇടപെട്ടു. എന്നോട് 'നിങ്ങള്‍ പ്രിസൈഡിങ് ഓഫീസറുടെ കസേരയില്‍ ഇരുന്നാല്‍ മതി, ഒന്നാം പോളിങ് ഓഫീസര്‍ രേഖ പരിശോധിക്കും' എന്നു പറഞ്ഞു. 'ഓഫീസര്‍ക്കാണ് ആകെ ഉത്തരവാദിത്വം, ഞാന്‍ എവിടെയിരിക്കണമെന്ന് എനിക്കറിയാം' എന്ന് ഞാന്‍ പ്രതിവചിച്ചു. പിന്നീടദ്ദേഹം ജില്ലാകലക്ടറെ ഫോണ്‍ ചെയ്തശേഷം പോകുമ്‌ബോള്‍ എന്നോട് 'മര്യാദയ്ക്കു പറഞ്ഞത് അനുസരിച്ചില്ലെങ്കില്‍ കാലു വെട്ടും' എന്ന് ഭീഷണിപ്പെടുത്തി. ഞാന്‍ പോലീസിനോട് 'പോലീസേ എംഎല്‍എ പറഞ്ഞതു കേട്ടല്ലോ' എന്നു പറഞ്ഞു. കലക്ടര്‍ എന്നെ ഫോണില്‍ വിളിച്ചപ്പോള്‍ ഞാന്‍ കാര്യങ്ങള്‍ വിശദീകരിച്ചു. രേഖ പരിശോധന ഒന്നാം പോളിങ് ഓഫീസര്‍ ചെയ്യേണ്ടതാണ്, അത് അങ്ങനെ തന്നെ ആവട്ടെ എന്ന് കലക്ടര്‍ നിര്‍ദേശിച്ചു. പക്ഷേ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കണ്ണൂര്‍ ജില്ലയിലെ പിലാത്തറയില്‍ ഒരാള്‍ രണ്ടുതവണ വോട്ട് ചെയ്യുന്നത് കണ്ടെത്തിയപ്പോള്‍ സ്വന്തം ഉത്തരവാദിത്വം നിറവേറ്റിയില്ല എന്ന് കാണിച്ചുകൊണ്ട് കൊണ്ട് കമ്മീഷന്‍ പിടികൂടിയത് പ്രിസൈഡിങ് ഓഫീസറെ ആയിരുന്നു എന്നത് ഓര്‍മിച്ചുകൊണ്ട് ഞാന്‍ ഒന്നാം പോളിംഗ് ഓഫീസറുടെ അടുത്തു ചെന്നിരുന്ന് രേഖകള്‍ വീണ്ടും പരിശോധിക്കുവാന്‍ തുടങ്ങി. പുറമേ ധൈര്യം കാണിച്ചിരുന്നു എങ്കിലും ഞാന്‍ പതറിയിരുന്നു. കാലു വെട്ടാന്‍ നേതാവ് ആഹ്വാനം ചെയ്താല്‍ നടപ്പാക്കാന്‍ ഒരുപാട് അനുയായികള്‍ ഉണ്ടല്ലോ. കേവലം രണ്ടു പൊലീസുകാര്‍ക്ക് എന്ത് ചെയ്യുവാന്‍ കഴിയും? അല്പമകലെ ചെറുപ്പക്കാര്‍ കൂടി നില്‍പ്പുണ്ട്. കുറച്ചുപേര്‍ ജനലില്‍ കൂടി നോക്കുന്നുണ്ട്.

ഏതായാലും ഞാന്‍ കാര്‍ഡുകള്‍ പരിശോധിക്കുന്നതായി ഭാവിച്ചു. ഒരു കാര്‍ഡിലെ ഫോട്ടോയും ആളും തമ്മില്‍ വലിയ വ്യത്യാസം കണ്ടതിനാല്‍ താങ്കള്‍ യഥാര്‍ത്ഥ വോട്ടര്‍ തന്നെയാണോ എന്ന് സംശയം ഉണ്ട് എന്നു പറഞ്ഞു. ഉടന്‍ പോളിങ് ഏജന്റ്മാര്‍ ബഹളംവച്ചു. ഞങ്ങള്‍ക്ക് പ്രശ്‌നമില്ലെങ്കില്‍ നിങ്ങള്‍ക്ക് എന്താണ് പ്രശ്‌നം , നിങ്ങള്‍ യുഡിഎഫിനെ ഏജന്റ് ആണ് എന്ന് അവര്‍ കയര്‍ത്തു. അല്പനേരത്തിനുശേഷം ഒരു ചെറുപ്പക്കാരനും വനിതയും കയറി വന്നു. അവര്‍ സിപിഎമ്മിന്റെ സ്ഥാനാര്‍ത്ഥികള്‍ ആണെന്നു പറഞ്ഞു. പക്ഷേ 'എനിക്കു നിങ്ങളെ പരിചയമില്ല, നിങ്ങളുടെ കയ്യില്‍ സ്ഥാനാര്‍ഥിയാണ് എന്നു കാണിക്കുന്ന രേഖ ഉണ്ടെങ്കില്‍ കാണിക്കൂ' എന്ന് ഞാന്‍ അഭ്യര്‍ത്ഥിച്ചപ്പോള്‍ അവര്‍ ബഹളംവച്ചു. ചെറുപ്പക്കാരന്‍ എന്നെ ഭീകരമായി ഭീഷണിപ്പെടുത്തി. 'സിപിഎം എന്താണെന്നു നിനക്കറിയില്ല നീ ജീവനോടെ പോകില്ല, നിന്നെ ഞങ്ങള്‍ വെച്ചേക്കില്ല, വലിയ ഡിജിപി ആയിരുന്ന ജേക്കബ് തോമസിന്റെ ഗതി എന്തായി എന്ന് അറിയില്ലേ' എന്നൊക്കെ പറഞ്ഞു. എന്റെ സര്‍വ്വ നാഡികളും തളര്‍ന്നു. അയാളുടെ ഭീഷണി അത്രയ്ക്ക് യാഥാര്‍ത്ഥ്യമായിരുന്നു. അതോടെ ഞാന്‍ തിരിച്ചറിയല്‍ കാര്‍ഡ് പരിശോധന ഇടയ്ക്ക് മാത്രം ആക്കി. പുറമേ ഒന്നും നടന്നില്ലെന്ന് ഭാവിച്ചു എങ്കിലും കേവലം ഒരു പാവ മാത്രമായി ഞാന്‍. പോളിംഗ് അനുസ്യൂതമായി തുടര്‍ന്നു.

ഉച്ചയ്ക്കുശേഷം മുന്‍പ് വോട്ട് ചെയ്തു എന്നു സംശയം തോന്നിയ ചിലരെ വീണ്ടും ക്യൂവില്‍ കണ്ടപ്പോള്‍ ധൈര്യം സംഭരിച്ച് അവരുടെ കാര്‍ഡ് പരിശോധിച്ചു. യഥാര്‍ത്ഥ വോട്ടര്‍ അല്ല എന്ന് കണ്ടു വോട്ട് ചെയ്യാന്‍ പറ്റില്ലെന്നു പറഞ്ഞു. പോളിംഗ് ഏജന്റ്മാര്‍ എന്നോട് കയര്‍ത്തു. ഒരു തിരിച്ചറിയല്‍ കാര്‍ഡും ഇല്ലാത്ത ഒരു വോട്ടര്‍ വന്നപ്പോള്‍ ഞാന്‍ തടഞ്ഞു. അപ്പോള്‍ പോളിംഗ് ഏജന്റ് 'അയാള്‍ ഈ ബൂത്തില്‍ വോട്ട് ചെയ്തിരിക്കും ഞാനാണ് പറയുന്നത് ' എന്ന് വെല്ലുവിളിച്ചു. കുറച്ചുകഴിഞ്ഞ് അയാള്‍ ഏതോ ഒരു കാര്‍ഡുമായി വന്നപ്പോള്‍ അപ്പോള്‍ ഞാന്‍ തടഞ്ഞു. കുറച്ചു കഴിഞ്ഞപ്പോള്‍ അയാള്‍ മറ്റൊരു കാര്‍ഡുമായി വന്നു. ഏജന്റ് മാര്‍ ബഹളം വച്ചപ്പോള്‍ എനിക്ക് വോട്ട് ചെയ്യാന്‍ സമ്മതിക്കേണ്ടിവന്നു. ഇതൊക്കെ പലതവണ ആവര്‍ത്തിച്ചു. ഒടുവില്‍ എല്ലാം പൂട്ടിക്കെട്ടി കാഞ്ഞങ്ങാട് ദുര്‍ഗ ഹൈസ്‌കൂളില്‍ കൊടുത്തു കഴിഞ്ഞപ്പോള്‍ ജില്ലാ കളക്ടര്‍ ഡോക്ടര്‍ സജിത് ബാബു നില്‍ക്കുന്നതു കണ്ടു. അപ്പോള്‍ ഒന്നാം പോളിങ് ഓഫീസര്‍ ' സാറേ ഇനി വീട്ടില്‍ പോയി വായില്‍ വിരല്‍ ഇട്ടു എല്ലാം ചര്‍ദ്ദിച്ചു കളയണം എന്നിട്ടു ഒന്നു കളിക്കണം എന്നാലേ വൃത്തിയാകൂ, അത്രയ്ക്ക് തെറിയഭിഷേകം കിട്ടി' എന്നു കളക്ടറോട് പറഞ്ഞു. രാത്രിയില്‍ അന്നത്തെ സംഭവങ്ങള്‍ മനസ്സില്‍ ഇതില്‍ റീപ്ലേ ചെയ്തു. നീ നട്ടെല്ലില്ലാത്തവന്‍ ആയിപ്പോയി, കള്ളവോട്ടു തടയാന്‍ നിനക്കു സാധിച്ചില്ലല്ലോ എന്ന് എന്റെ മനസ്സ് പറഞ്ഞു. ആത്മനിന്ദയും പരാജയ ബോധവും കൊണ്ട് ഉറക്കം വന്നതേയില്ല. പിറ്റേന്നുതന്നെ സംസ്ഥാന ഇലക്ഷന്‍ കമ്മീഷനു പരാതി അയച്ചു.

ഇത് എന്റെ ആദ്യത്തെ ഇലക്ഷന് അനുഭവമല്ല.1989 മുതല്‍ ഞാന്‍ ഇലക്ഷന് ഡ്യൂട്ടി ചെയ്തിട്ടുണ്ട്. ആദ്യത്തെ ദുരനുഭവം 2015 ല്‍ ആണ്. പിലിക്കോട് ഹൈസ്‌കൂളില്‍. അവിടെ തിരിച്ചറിയല്‍ കാര്‍ഡ് കര്‍ക്കശമായി പരിശോധിച്ചതിന്റെ പേരില്‍ എന്നെ അച്ഛനും അമ്മയ്ക്കും ചേര്‍ത്തു തെറി വിളിച്ചിട്ടുണ്ട്. സമാനമായ അനുഭവങ്ങള്‍ എന്റെ സുഹൃത്തുക്കള്‍ക്ക് ഉണ്ടായിട്ടുണ്ട്. ഒരു പാര്‍ട്ടിക്ക് ഭൂരിപക്ഷമുള്ള പ്രദേശങ്ങളില്‍ നടക്കുന്ന ഈ തെമ്മാടിത്തരം എത്രയോ കാലമായി തുടരുന്നു. ഒരു ഉദ്യോഗസ്ഥനും പ്രതികരിക്കാറില്ല. കാരണം ശിഷ്ടകാലം ഇവിടെ തന്നെ ജീവിക്കേണ്ടത് ആണല്ലോ. കണ്ണൂര്‍, കോഴിക്കോട്, കാസര്‍കോട് ജില്ലകളില്‍ ഉദ്യോഗസ്ഥര്‍ തെരഞ്ഞെടുപ്പ് ജോലി ഒഴിവാക്കാന്‍ ശ്രമിക്കുന്നത് ഈ അക്രമവും ഭീഷണിയും ഭയന്നാണ്. പക്ഷേ തെക്കന്‍ ജില്ലകളില്‍ തെരഞ്ഞെടുപ്പ് എത്രയോ സമാധാന പൂര്‍ണമാണ് എന്ന് എന്റെ കൃഷിവകുപ്പിലും കാര്‍ഷിക സര്‍വ്വകലാശാലയിലും ഉള്ള സുഹൃത്തുക്കള്‍ പറഞ്ഞിട്ടുണ്ട്.വോട്ടറുടെ ഐഡന്റിറ്റി സംബന്ധിച്ച് ചില തര്‍ക്കങ്ങള്‍ ഒഴിച്ചാല്‍ ബാക്കി എല്ലാം ശാന്തം. പക്ഷേ വടക്കേമലബാറിലെ തങ്ങളുടെ ആജ്ഞാനുവര്‍ത്തികള്‍ അല്ലാത്ത ഉദ്യോഗസ്ഥര്‍ക്ക് തെറിവിളി, ഭീഷണി, മറ്റു പാര്‍ട്ടിയുടെഏജന്റിനെ ഇരിക്കാന്‍ അനുവദിക്കാതിരിക്കല്‍, തങ്ങള്‍ക്കു വോട്ടുചെയ്യില്ലെന്നു സംശയമുള്ള ബന്ധുജനങ്ങളെ അന്ധനോ അവശനോ ആക്കി സഹായിയെകൊണ്ടു വോട്ട് ചെയ്യിക്കല്‍, യഥാര്‍ത്ഥ വോട്ടറല്ലെന്നു തര്‍ക്കിച്ചാല്‍ മര്‍ദ്ദനം, നായ്ക്കുരണ പൊടിയും മുളകുപൊടിയും ദേഹത്ത് പാറ്റല്‍, വീടിന് കല്ലേറ്, കുടിവെള്ളത്തിന്റെ മോട്ടോര്‍ കിണറ്റില്‍ ഇടല്‍, ഏക ജീവനോപാധിയായ ഓട്ടോറിക്ഷ കത്തിക്കല്‍ തുടങ്ങിയ എത്രയെത്ര കലാപരിപാടികള്‍ !ഓരോ ബൂത്തിലും 8- 10 ചെറുപ്പക്കാരെ ഒരുക്കി വച്ചിട്ടുണ്ടാകും. മൂന്നു മണിക്ക് ശേഷം വൈകുന്നേരംവരെ അവരുടെ പ്രകടനമാണ്. തിരിച്ചറിയല്‍ കാര്‍ഡ് വച്ചും അല്ലാതെയും വീണ്ടും വീണ്ടും വന്നു വോട്ട് ചെയ്യും. ഉദ്യോഗസ്ഥര്‍ വെറും നോക്കുകുത്തികളായി നില്‍ക്കും.

നന്മയുടെ നിറകുടങ്ങള്‍ എന്ന് പൊതുവേ കരുതപ്പെടുന്ന പാര്‍ട്ടി ഗ്രാമങ്ങള്‍ ജനാധിപത്യത്തിന്റെ മരണ സാങ്കേതങ്ങള്‍ ആണ്. മരിച്ചവരും പ്രവാസികളും നിരനിരയായി വന്ന് വോട്ട് ചെയ്യുന്ന സ്ഥലങ്ങള്‍. പാര്‍ട്ടി ഗ്രാമത്തില്‍ ഒരു വിമതന്‍ ഉണ്ടെങ്കില്‍ ആ കുടുംബത്തിന്റെ കാര്യം കട്ടപ്പൊക. ഒരു ഇലക്ഷനിലും തന്റെ വിലയേറിയ വോട്ട് രേഖപ്പെടുത്താം എന്ന് അവന്‍ വ്യാമോഹിക്കയെ വേണ്ടാ. സാമൂഹികമായ ഒറ്റപ്പെടുത്തല്‍ വേറെ.

തെരഞ്ഞെടുപ്പ് കമ്മീഷന് ഇപ്പോള്‍ ഇത്തരത്തിലുള്ള ബൂത്ത് പിടിച്ചടക്കല്‍ നിയന്ത്രിക്കുന്നതിന് ഒരു പരിധിയുണ്ട്. ഇത് അവസാനിപ്പിക്കാന്‍ കഴിയുന്നതു സിപിഎമ്മിന് മാത്രമാണ്. സിപിഎമ്മിന് മാത്രം. കേരള രാഷ്ട്രീയത്തില്‍ വര്‍ഗീയ പാര്‍ട്ടികളുമായി കൂട്ടുകൂടില്ല എന്ന ധീരമായ നിലപാട് എടുത്തത് അവരാണല്ലോ.

1981വരെ കേരളത്തിലെ പ്രൊഫഷണല്‍ കോളേജുകളില്‍ അതിഭീകരം ആയിരുന്നു റാഗിംഗ്. എത്രയോ കുട്ടികള്‍ ആത്മഹത്യ ചെയ്തു, എത്രയോപേര്‍ പഠിപ്പ് അവസാനിപ്പിച്ചു, മാതാപിതാക്കള്‍ തീ തിന്നു, സര്‍ക്കാരും പോലീസും കിണഞ്ഞു ശ്രമിച്ചിട്ടും റാഗിങ് തുടര്‍ന്നു. റാഗിങ്ങിന് ഇരയായ കുട്ടികള്‍ അവരുടെ മനസ്സിലെ പക കെടാതെ സൂക്ഷിച്ചു. അടുത്തവര്‍ഷം ജൂനിയേഴ്‌സ് വന്നപ്പോള്‍ അവര്‍ കിട്ടിയത് ഒന്നൊഴിയാതെ തിരിച്ചു കൊടുത്തു. 1981ല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥി ബാലകൃഷ്ണന്‍ റാഗിങ് സഹിക്കാനാകാതെ ആത്മഹത്യ ചെയ്തത് കേരളത്തെ ഞെട്ടിച്ചു. ഒരു പാവപ്പെട്ട കുടുംബത്തിന്റെ ഏക പ്രതീക്ഷയായിരുന്നു ആ കുട്ടി. സാഹചര്യം വിലയിരുത്തിയ എസ്എഫ്ഐ എന്ന എന്ന വിദ്യാര്‍ത്ഥി സംഘടന ഒരു പ്രഖ്യാപനം നടത്തി. ' ഞങ്ങള്‍ റാഗ് ചെയ്യില്ല, ആരെയും ചെയ്യാന്‍ അനുവദിക്കുകയുമില്ല ' അതോടെ ചിത്രം മാറി. ഞാന്‍ 1983 ജനുവരിയില്‍ വെള്ളാനിക്കര ഹോര്‍ട്ടികള്‍ച്ചറല്‍ കോളേജില്‍ ചേര്‍ന്ന സമയത്ത് സീനിയേഴ്‌സ് കുറച്ചു കളി തമാശയായി റാഗ് ചെയ്തപ്പോള്‍ എസ് എഫ് ഐ യിലെ വിദ്യാര്‍ത്ഥികള്‍ രാത്രി മുഴുവന്‍ കാവല്‍നിന്നു. റാഗിംഗ് പരിധി കടന്നപ്പോള്‍ അവര്‍ തടഞ്ഞു. കോളേജ് അധികാരികളെ വിവരം അറിയിച്ചു. ഫലം ! ആ വര്‍ഷത്തോടെ റാഗിങ് നിന്നു. തലമുറകള്‍ കൈമാറാന്‍ പകയും വിദ്വേഷവും ഉണ്ടായില്ല.

കള്ളവോട്ട് ചെയ്യുന്നവരുടെ ന്യായം ഇതാണ് ' മറ്റു പാര്‍ട്ടിക്കാരുടെ ഭൂരിപക്ഷ പ്രദേശങ്ങളില്‍ അവര്‍ വ്യാപകമായി കള്ളവോട്ട് ചെയ്യുന്നുണ്ട്, അത് നിര്‍വീര്യമാക്കണമെങ്കില്‍ ഞങ്ങളും ഞങ്ങള്‍ക്ക് ശക്തിയുള്ള പ്രദേശങ്ങളില്‍ കള്ളവോട്ട് ചെയ്‌തേ തീരൂ'. സിപിഎമ്മിന്റെ ആള്‍ക്കാരുടെ വാദവും ഇതുതന്നെ ആണ്. അതില്‍നിന്നും സിപിഎമ്മിന്റെ അജണ്ട നിശ്ചയിക്കുന്നതു മറ്റു പാര്‍ട്ടികളാണ് എന്ന് വ്യക്തമാകുന്നു. അത് മാറ്റുക. അജണ്ട സ്വയം നിശ്ചയിക്കുക. ജനാധിപത്യത്തില്‍ ഒരാള്‍ക്ക് ഒരു വോട്ട് മാത്രമേയുള്ളൂ. 'ഞങ്ങള്‍ ഒരൊറ്റ കള്ളവോട്ട് പോലും ചെയ്യില്ല, ചെയ്യാന്‍ അനുവദിക്കുകയുമില്ല' എന്നൊരു തീരുമാനം എടുത്തു നടപ്പാക്കുക. ഇതൊരു വലിയ വിപ്ലവം തന്നെ വടക്കേ മലബാറില്‍ സൃഷ്ട്ടിക്കും. മറ്റെല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും അത് നിര്‍ബന്ധമായും പിന്തുടരേണ്ടി വരും. സുതാര്യമായ, അപരനെ ബഹുമാനിക്കുന്ന പുതിയൊരു സമൂഹസൃഷ്ടിയുടെ തുടക്കം ആവും അത്. പകയും വിദ്വേഷവും ഏറ്റവും കുറഞ്ഞ സമൂഹം ആയിരിക്കും ഏറ്റവും പുരോഗമിക്കുന്ന സമൂഹം. ആഹ്ളാദ സൂചിക ഏറ്റവും കൂടുതലുള്ള സമൂഹം. അത് ചെയ്യാന്‍ സിപിഎമ്മിന് കഴിയുമോ എന്നതാണ് മില്യണ്‍ ഡോളര്‍ ചോദ്യം?

പണം വെട്ടിക്കല്‍ മാത്രമാണോ അഴിമതി ? ജനഹിതത്തെ അട്ടിമറിക്കലും അഴിമതി അല്ലേ ? ഒരു വോട്ടറുടെ വോട്ട് ചെയ്യാനുള്ള അവകാശം കവര്‍ന്നെടുക്കല്‍ അഴിമതി അല്ലേ? തങ്ങളുടെ ഒരു അനുയായി ഒന്നിലധികം തവണ വോട്ട് ചെയ്യുന്നത് ക്രമക്കേട് അല്ലേ ? അതിനെ പ്രോത്സാഹിപ്പിക്കുന്നത് അഴിമതി അല്ലേ ? അങ്ങനെ നേടുന്ന വിജയങ്ങള്‍ യഥാര്‍ത്ഥത്തില്‍ പരാജയങ്ങള്‍ അല്ലേ? പിലാത്തറയില്‍ സംഭവിച്ചതുപോലെ കള്ളവോട്ട് പിടിക്കപ്പെട്ടു നാറണമോ അതോ മാറണമോ എന്ന് ചിന്തിക്കാന്‍ സമയമായി. മാറാന്‍ മടിക്കുന്നവര്‍ ഒന്നോര്‍ക്കുക. ലോകം കൂടുതല്‍ സുതാര്യം ആവുകയാണ്, ജനങ്ങളുടെ മൂല്യബോധം കൂടുതല്‍ ശക്തിപ്പെടുകയാണ്. സാങ്കേതികവിദ്യകള്‍ നിമിഷംപ്രതി മെച്ചപ്പെടുകയാണ്. ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചുകൊണ്ട് നട്ടെല്ലുള്ള ഉദ്യോഗസ്ഥര്‍ കള്ളവോട്ട് തടയുന്ന കാലം വരും. മഹാകവി കുമാരനാശാന്റെ ആഹ്വാനം ചട്ടങ്ങള്‍ക്കു മാത്രമല്ല പാര്‍ട്ടികളും ബാധകമാണ്.

( ലേഖകന്‍ കാര്‍ഷിക സര്‍വകലാശാലയിലെ ഇടതുപക്ഷ അധ്യാപക സംഘടനയായ TOKAU വിന്റെ പീലിക്കോട് യൂണിറ്റ് പ്രസിഡന്റ് ആണ് )

Post a Comment

0 Comments

Top Post Ad

Below Post Ad