Type Here to Get Search Results !

Bottom Ad

നടിയെ അക്രമിച്ച കേസില്‍ ബേക്കല്‍ സ്വദേശിയെ അറസ്റ്റ് ചെയ്യാന്‍ കോടതി ഉത്തരവ്


കാസര്‍കോട് (www.evisionnews.co): കൊച്ചിയില്‍ നടിയെ അക്രമിച്ച കേസില്‍ മാപ്പുസാക്ഷിയായ ബേക്കല്‍ സ്വദേശിയെ അറസ്റ്റ് ചെയ്ത് ഹാജരാക്കാന്‍ കോടതി ഉത്തരവിട്ടു. നടന്‍ ദിലീപ് നല്‍കിയ ഹരജിയില്‍ ബേക്കല്‍ മലാംകുന്നിലെ വിപിന്‍ലാലിനെ ഹാജരാക്കാനാണ് എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി ഉത്തരവിട്ടത്. 

മാപ്പുസാക്ഷിയെന്ന നിലയില്‍ നടിയെ അക്രമിച്ച കേസിന്റെ വിചാരണ പൂര്‍ത്തിയാകാതെ വിപിന്‍ലാലിനെ ജയിലില്‍ നിന്ന് പുറത്തുവിട്ടതിനെ ചോദ്യം ചെയ്തായിരുന്നു ദിലീപിന്റെ ഹരജി. വിപിന്‍ലാലിനെ വിചാരണ പൂര്‍ത്തിയാകും വരെ ജയിലിലടക്കണമെന്നാണ് ദിലീപിന്റെ ഹരജിയില്‍ ആവശ്യപ്പെടുന്നത്. വിപിന്‍ലാലിനെ സാക്ഷിയായി വിസ്തരിക്കാനിരിക്കെയാണ് കോടതി നിര്‍ദേശമുണ്ടായത്. നടിയെ തട്ടിക്കൊണ്ടുപോയി അക്രമിക്കുകയും അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്ത കേസില്‍ റിമാണ്ടിലായ മുഖ്യ പ്രതി പള്‍സര്‍ സുനിയും മറ്റൊരു കേസില്‍ റിമാണ്ടിലായ വിപിന്‍ലാലും വിയ്യൂര്‍ ജയിലില്‍ കഴിയുന്നതിനിടെ ദിലീപിനെഴുതിയ കത്തിന്റെ പേരിലാണ് വിപിന്‍ലാല്‍ മാപ്പുസാക്ഷിയാക്കപ്പെട്ടത്. 

പള്‍സര്‍ സുനിയുടെ നിര്‍ദേശപ്രകാരം ജയിലില്‍ വെച്ച് വിപിന്‍ലാല്‍ ദിലീപിന് കത്തെഴുതിയിരുന്നു. നടിയെ അക്രമിച്ച കേസില്‍ അന്വേഷണസംഘം മാപ്പുസാക്ഷിയാക്കിയതോടെ വിപിന്‍ലാല്‍ ദിലീപിനെതിരെ മൊഴി നല്‍കുകയും ചെയ്തു. പിന്നീട് ജയിലില്‍ നിന്നിറങ്ങിയ വിപിന്‍ലാല്‍ കേസിന്റെ സാക്ഷിവിസ്താരവേളയില്‍ ദിലീപിനെതിരായ മൊഴി തിരുത്തണമെന്നാവശ്യപ്പട്ട് തന്നെ ഫോണിലൂടെയും കത്തയച്ചും ഭീഷണിപ്പെടുത്തുകയാണെന്നാരോപിച്ച് ബേക്കല്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. വിപിന്‍ലാലിനെ ഭീഷണിപ്പെടുത്തിയ കേസിലെ പ്രതിയും കെ.ബി ഗണേഷ്‌കുമാര്‍ എം.എല്‍.എയുടെ മുന്‍ ഓഫീസ് സെക്രട്ടറിയുമായ പ്രദീപ് കോട്ടത്തലയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 

റിമാണ്ടിലായ പ്രദീപിന് കോടതി ജാമ്യം അനുവദിക്കുകയും ചെയ്തു. ഈ കേസില്‍ ഇപ്പോള്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തിവരികയാണ്. തന്നെ ഭീഷണിപ്പെടുത്തിയതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും നടന്‍ ദിലീപിനും കെ.ബി. ഗണേഷ് കുമാര്‍ എം.എല്‍.എക്കും സംഭവവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നതായും വിപിന്‍ലാല്‍ നേരത്തെ അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയിരുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad