Type Here to Get Search Results !

Bottom Ad

ഇന്തോനേഷ്യയില്‍ ജോലി വാഗ്ദാനം ചെയ്ത് ഉള്ളാള്‍ സ്വദേശിയുടെ ആറുലക്ഷം തട്ടി: ട്രാവല്‍ ഉടമക്കെതിരെ കേസ്


മംഗളൂരു (www.evisionnews.co): ഇന്തോനേഷ്യയില്‍ ജോലി വാഗ്ദാനം ചെയ്ത് ഉള്ളാള്‍ സ്വദേശിയായ യുവാവിനെ മംഗളൂരുവിലെ ട്രാവല്‍ ഏജന്‍സി വഞ്ചിച്ചതായി പരാതി. ട്രാവല്‍ ഏജന്‍സി ഉടമക്കെതിരെ ഉള്ളാളിലെ മുഹമ്മദ് നിയാസ് സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി. മംഗളൂരുവിലെ ട്രാവല്‍സ് ഉടമ ഷമീര്‍ റിസ്വാന്‍ ആറു ലക്ഷം രൂപ വാങ്ങി നിയാസിനെ വഞ്ചിച്ചുവെന്ന് പിതാവ് അബ്ദുല്‍ അസീസിന്റെ പരാതിയില്‍ പറയുന്നു. സിറ്റി പോലീസ് കമ്മീഷണറുടെ നിര്‍ദേശപ്രകാരം മംഗളൂരു പോലീസ് അന്വേഷണം ആരംഭിച്ചു.

തന്റെ മകന് ജോലി വാഗ്ദാനം ചെയ്ത് എല്ലാ രേഖകളും ഷമീര്‍ കൈക്കലാക്കിയതായും അസീസിന്റെ പരാതിയില്‍ വ്യക്തമാക്കി. വിസയ്ക്ക് ആറു ലക്ഷം രൂപ നല്‍കിയാല്‍ പ്രതിമാസം രണ്ട് ലക്ഷം രൂപ ശമ്പളത്തോടുകൂടി മെക്കാനിക്കല്‍ എഞ്ചിനീയറായി ജോലി ലഭിക്കുമെന്നാണ് ഷമീര്‍ നിയാസിന് വാഗ്ദാനം നല്‍കിയിരുന്നത്. വിസിറ്റിംഗ് വിസയില്‍ നിയാസിനെ ഷമീര്‍ ഇന്തോനേഷ്യയിലേക്ക് കൊണ്ടുപോകുകയും ചെയ്തു. 

2019 ജൂലൈ മാസത്തില്‍ അബ്ദുല്‍ അസീസ് 3.5 ലക്ഷം രൂപയും 2020 ഫെബ്രുവരി മാസത്തില്‍ 2.5 ലക്ഷം രൂപയും നല്‍കി. 2020 ഫെബ്രുവരി മുതല്‍ സെപ്തംബര്‍ വരെ സുള്ള്യയിലെ മൂന്ന് യുവാക്കള്‍ക്കൊപ്പം താന്‍ ഇന്തോനേഷ്യയിലെ കെട്ടിടമുറിയില്‍ താമസിച്ചുവെന്നും നിയമവിരുദ്ധമായി രാജ്യത്ത് താമസിച്ചുവെന്നാരോപിച്ച് സെപ്തംബറില്‍ തങ്ങളെ എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്‌തെന്നും 14 ദിവസം ജയിലില്‍ കഴിയേണ്ടിവന്നതായും നിയാസ് വെളിപ്പെടുത്തി. നിയമപോരാട്ടം നടത്തിയതോടെയാണ് താന്‍ അടക്കമുള്ളവര്‍ ജയില്‍മോചിതരായതെന്നും നിയാസ് പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad