മംഗളൂരു (www.evisionnews.co): പക്ഷിപ്പനി ഭീതി നിലനില്‍ക്കുന്നതിനിടെ മംഗളൂരുവിലെ ചില പ്രദേശങ്ങളില്‍ കാക്കകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു. ഇതേ തുടര്‍ന്ന് ജനങ്ങളോട് ജാഗ്രത പാലിക്കാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കി. ജില്ലാ ആരോഗ്യ കുടുംബക്ഷേമ വകുപ്പ് നിരവധി മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചു. നടേക്കല്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍ മെഡിക്കല്‍ ഓഫീസറും പഞ്ചായത്ത് അധികൃതരും സ്ഥലം സന്ദര്‍ശിച്ച് പരിശോധന നടത്തി.
മഞ്ജനാടി ഗ്രാമത്തിലാണ് കാക്കകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നത്. ചത്ത കാക്കകളെ ഒരു കുഴിയില്‍ കുഴിച്ചിടാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പരിസര പ്രദേശങ്ങളില്‍ കീടനാശിനി തളിക്കാനും ആവശ്യപ്പെട്ടതായി ആരോഗ്യ വകുപ്പ് അധികൃതര്‍ പറഞ്ഞു. മൃഗസംരക്ഷണ വകുപ്പിലെ ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു. മഞ്ജനാടി ഗ്രാമത്തില്‍ 10,401 ആണ് ജനസംഖ്യ. ആശാ പ്രവര്‍ത്തകരും ജൂനിയര്‍ വനിതാ ആരോഗ്യ പ്രവര്‍ത്തകരും ഗ്രാമത്തിലെ വീടുകളില്‍ സര്‍വേ നടത്തി.
എന്നാല്‍ രോഗ ലക്ഷണങ്ങളുള്ള ആരെയും കണ്ടെത്തിയില്ല. ആരോഗ്യ പ്രവര്‍ത്തകര്‍ ബോധവത്കരണവുമായി ജനങ്ങളെ ബന്ധപ്പെടുന്നുണ്ട്. ഡോക്ടര്‍മാരുടെ സംഘവം സ്ഥലം സന്ദര്‍ശിച്ചു. മൃഗസംരക്ഷണ ഉദ്യോഗസ്ഥരുമായും ഡെപ്യൂട്ടി ഡയറക്ടറുമായും ചര്‍ച്ച നടത്തിയിട്ടുണ്ടെന്ന് ജില്ലാ ആരോഗ്യ കുടുംബക്ഷേമ ഉദ്യോഗസ്ഥര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.
Post a Comment
0 Comments