Type Here to Get Search Results !

Bottom Ad

കര്‍ണാടക വനത്തിലേക്ക് വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോയ എട്ടു യുവാക്കള്‍ തിരിച്ചെത്തിയില്ല


കാഞ്ഞങ്ങാട് (www.evisionnews.co):ബളാല്‍ ഗ്രാമ പഞ്ചായത്തിലെ കര്‍ണ്ണാടക വനാതിര്‍ത്തിയായ കൊന്നക്കാട് അത്തിയടുക്കത്തു നിന്നും വനവിഭവങ്ങള്‍ ശേഖരിക്കാന്‍ വനത്തില്‍ പോയ എട്ടു പട്ടികവര്‍ഗ്ഗ യുവാക്കള്‍ അഞ്ചു ദിവസം കഴിഞ്ഞിട്ടും തിരിച്ചെത്തിയില്ല. ജനുവരി ഒന്നിന് പുലര്‍ച്ചെയാണ് അത്തിയടുക്കം പട്ടിക വര്‍ഗ കോളനിയിലെ എട്ടു യുവാക്കള്‍ വനവിഭവങ്ങള്‍ ശേഖരിക്കാനായി കര്‍ണ്ണാടക വനത്തിലേക്ക് പോയത്.

സാധാരണ വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോയവര്‍ രണ്ട് ദിവസം കഴിഞ്ഞു മടങ്ങി വരവ് പതിവാണ്. എന്നാല്‍ അത്തിയടുക്കത്ത് നിന്നും പോയവര്‍ അഞ്ചു ദിവസം പിന്നിട്ടിട്ടും തിരിച്ചെത്തിയിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു. ഇതിനിടയില്‍ അത്തിയടുക്കത്തെ യുവാക്കളെ കര്‍ണ്ണാടക വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പിടിക്കൂടി എന്ന ഒരു വാര്‍ത്ത പുറത്തു വന്നതോടെ പഞ്ചായത്ത് മെമ്പര്‍ മോന്‍സി ജോയി മുന്‍ മെമ്പറും പട്ടികവര്‍ഗ്ഗ നേതാവുമായ കൃഷ്ണന്‍ ഉള്‍പ്പെടെ ഉള്ളവര്‍ പുളിങ്ങോം ഫോറസ്റ്റ് ഓഫീസുമായി ബന്ധപ്പെട്ടെങ്കിലും ഇതേപ്പറ്റി ഇവര്‍ക്ക് അറിവ് കിട്ടിയിട്ടില്ല എന്ന മറുപടിയാണ് ലഭിച്ചത്. 

കേരള കര്‍ണ്ണാടക ഫോറസ്റ്റ് ഉദ്യോഗസ്ഥരുമായും ഇവര്‍ ബന്ധപ്പെട്ടിരുന്നു. ഒരാഴ്ചത്തേക്ക് ഉള്ള ഭക്ഷണ സാധങ്ങളുമായിട്ടാണ് പട്ടിക വര്‍ഗ്ഗ യുവാക്കള്‍ വനത്തിലേക്ക് പോയതെന്നും പറയുന്നു. നാളെ കൂടി കഴിഞ്ഞ് ഇവര്‍ തിരിച്ചെത്തിയില്ലെങ്കില്‍ ബന്ധുക്കള്‍ വെള്ളരിക്കുണ്ട് പോലീസില്‍ പരാതി നല്‍കും. വിശാലമായ കര്‍ണ്ണാടക വനത്തിലെ ഉള്‍ക്കാട്ടില്‍ പൊന്നന്‍ പൂവ് ശേഖരിക്കുന്നതിനായാണ് അത്തിയടുക്കത്തെ പട്ടിക വര്‍ഗ്ഗ യുവാക്കള്‍ വനത്തിലേക്ക് പോയത്. വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോയവരുടെ കൂട്ടത്തില്‍ പതിനാറു വയസുള്ള കുട്ടിയുമുണ്ട്.

Post a Comment

0 Comments

Top Post Ad

Below Post Ad