Type Here to Get Search Results !

Bottom Ad

കഞ്ചാവ് വില്‍പ്പനയെ എതിര്‍ത്ത യൂത്ത് ലീഗ് നേതാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ചു




കാസര്‍കോട് (www.evisionnews.co): കഞ്ചാവ് വില്‍പ്പനയെ എതിര്‍ത്തതിന്റെ വൈരാഗ്യത്തില്‍ യൂത്ത് ലീഗ് നേതാവിനെ മദ്യക്കുപ്പി കൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ചു. യൂത്ത് ലീഗ് കാസര്‍കോട് മുനിസിപ്പല്‍ സെക്രട്ടറി ബഷീര്‍ കടവത്തി (37)നാണ് കുത്തേറ്റത്. ഒപ്പമുണ്ടായിരുന്നവര്‍ക്ക് നേരെയും അക്രമമുണ്ടായി. സാരമായി പരിക്കേറ്റ ബഷീറിനെ മംഗളൂരുവിലെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.

കഴിഞ്ഞ ദിവസം രാത്രി പത്ത് മണിയോടെ ചാലക്കുന്ന് പെരുമ്പള റോഡിലാണ് സംഭവം. പ്രദേശത്ത് കഞ്ചാവ് സംഘത്തിന്റെ പരാക്രമം വര്‍ധിച്ചതോടെ ബഷീര്‍ ചോദ്യം ചെയ്തിരുന്നു. ഇതിന്റെ വൈരാഗ്യത്തില്‍ ഒരു സംഘം ബിയര്‍കുപ്പി കൊണ്ട് തലക്കടിച്ച് പരിക്കേല്‍പ്പിക്കുകയും കത്തികൊണ്ട് കഴുത്തിന് നേരെ കുത്താന്‍ ശ്രമിക്കുകയുമായിരുന്നു. അക്രമത്തില്‍ ബഷീറിന്റെ ചെവി മുറിഞ്ഞിട്ടുണ്ട്. മംഗളൂരുവിലെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ച ബഷീറിനെ പ്ലാസ്റ്റിക് സര്‍ജറിക്ക് വിധേയമാക്കി. അക്രമം സംബന്ധിച്ച് വിദ്യാനഗര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

സമാധാന അന്തരീക്ഷം തകര്‍ക്കുന്ന ഇത്തരം സംഘത്തിനെതിരെ അധികൃതര്‍ ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്ന് കാസര്‍കോട് മുനിസിപ്പല്‍ യൂത്ത് ലീഗ് പ്രസിഡന്റ് അജ്മല്‍ തളങ്കരയും ജനറല്‍ സെക്രട്ടറി അഷ്ഫാഖ് തുരുത്തിയും പറഞ്ഞു. ജനങ്ങളുടെ സൗര്യജീവിതത്തിന് വിഘ്‌നം വരുത്തുന്ന മാഫിയ സംഘങ്ങളെ ഇല്ലാതാക്കാന്‍ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തന മേഖലയിലുളളവര്‍ ഒന്നിച്ചുനിന്ന് പോരാടാന്‍ തയാറാവണമെന്നും നേതാക്കള്‍ അഭിപ്രായപ്പെട്ടു.




Post a Comment

0 Comments

Top Post Ad

Below Post Ad